ശാരദയ്ക്ക് കൈക്ക് കടിയേറ്റു, ഗോപിനാഥനും ജോസഫിനും കാലിന്, തലവടിയിൽ തെരുവുനായ ആക്രമണത്തിൽ പരിക്ക് ആറ് പേർക്ക്

By Web TeamFirst Published Jun 5, 2023, 11:20 PM IST
Highlights

തലവടിയിൽ തെരുവുനായ ശല്യം രൂക്ഷം-പഞ്ചായത്ത് ജീവനക്കാരി അടക്കം ആറു പേർക്ക് പരിക്ക് 

എടത്വ: തെരുവുനായ ആക്രമണത്തിൽ പഞ്ചായത്ത് ജീവനക്കാരി അടക്കം ആറു പേർക്കും ആടിനും പരിക്ക്. തലവടി പഞ്ചായത്തിലെ ഓഫീസ് അറ്റന്റർ രാധിക ആർ., തലവടി തുളസീവനത്തിൽ എം.എസ് ശാരദ, ആഞ്ഞിലിമൂട്ടിൽ ജോസഫ്, മാത്തൂർ ഗോപിനാഥൻ എന്നിവർക്കും എറണാകുളം സ്വദേശികളായ രണ്ടുപേർക്കും കണിയാംപറമ്പിൽ  ശശിയുടെ ആടിനുമാണ് പരിക്കേറ്റത്. 

ഇന്ന് വൈകിട്ട് 3.30 ന് പഞ്ചായത്തിലെ പണം ബാങ്കിൽ അടയ്ക്കാൻ പോകുന്ന വഴിക്കാണ് രാധികയ്ക്ക് കടിയേറ്റത്. കാലിന്റെ മടക്കിന് താഴയും മുകളിലുമായി നിരവധി സ്ഥലങ്ങളിൽ നായ കടിച്ചിരുന്നു. നായയുടെ അക്രമണത്തിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ചതിനാൽ വീണും പരിക്കേറ്റിട്ടുണ്ട്. 

വീട്ടുമുറ്റത്ത് നിന്ന ശാരദയുടെ കൈക്കാണ് കടിയേറ്റത്. ഗോപിനാഥന്റെയും ജോസഫിന്റേയും കാലിന് കടിയേറ്റിട്ടുണ്ട്. ശശിയുടെ കെട്ടിയിട്ടിരുന്ന ആടിനെ കടിച്ച് പരിക്കേൽപ്പിച്ചു. രാധികയും ശാരദയും വണ്ടാനം മെഡിക്കൽ കോളേജിലും ജോസഫും ഗോപിനാഥനും എടത്വാ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും ചികിത്സ തേടി. ഒരേ നായാണ് എല്ലാവരെയും കടിച്ചതെന്നാണ് സൂചന.

Read more: തൃശൂരിൽ എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയില്‍, പിടിയിലായത് കാപ്പ ചുമത്തി നാടുകടത്തിയവർ

അതേസമയം മാനന്തവാടിയിൽ  തെരുവനായ്ക്കളുടെ കടിയേറ്റ് പരിക്കുകളോടെ മദ്രസ ക്ലാസ് മുറിയിലേക്ക് ഓടിക്കയറിയ പുള്ളിമാന്‍ ചത്ത വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഞായറാഴ്ച രാവിലെ ഒമ്പതുമണിയോടെയായിരുന്നു സംഭവം. നായ്ക്കള്‍ കൂട്ടമായി ആക്രമിച്ചതിനെ തുടര്‍ന്ന് പ്രാണരക്ഷാര്‍ഥമാണ് മാന്‍ പേരിയ മുപ്പത്തിയാറിലെ മദ്രസയില്‍ ഓടിക്കയറിയത്.

വനമേഖലയില്‍ നിന്ന് മുന്നൂറ് മീറ്റര്‍ മാത്രം അകലെയാണ് പേരിയ മുപ്പത്തിയാറിലെ ഖുവ്വത്തുല്‍ ഇസ്ലാം സെക്കൻഡറി മദ്രസ സ്ഥിതി ചെയ്യുന്നത്. കാടിന് വെളിയിലെത്തിയ മാനിനെ തെരുവ്‌നായ്ക്കള്‍ കൂട്ടമായെത്തി ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് മദ്രസയിലേക്ക് എത്തിയ മാന്‍ താഴെ വീഴുകയും  മിനിറ്റുകള്‍ക്കുള്ളില്‍ ചാവുകയും ചെയ്തു. അഞ്ച് വയസ്സ് പ്രായമുള്ള പുള്ളിമാനാണ് ചത്തത്. പേര്യ ഫോറസ്റ്റ് ഡെപ്യൂട്ടി റെയിഞ്ച് ഓഫീസര്‍ കെ.വി.ആനന്ദ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ അരുണ്‍, വികാസ്, സുനില്‍ എന്നിവരുടെ നേതൃത്വത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചു. കാട്ടിമൂല വെറ്ററിനറി ഡോക്ടര്‍ ഫായിസ് മുഹമ്മദ് പോസ്റ്റ്മോര്‍ട്ടം നടത്തി.

click me!