ഇന്നലെ മുതല്‍ കാണാതായി, ബൈക്ക് ലഭിച്ചത് ക്വാറി കുളത്തിനടുത്ത്, യുവാവിന്‍റെ മൃതദേഹം കുളത്തില്‍ കണ്ടെത്തി

By Web TeamFirst Published Oct 4, 2022, 8:15 PM IST
Highlights

മഞ്ഞപ്പാറ ക്വാറിക്കുളത്തിനു സമീപം പിന്നീട് അരുണിന്‍റെ ബൈക്ക് കണ്ടെത്തി. തുടർന്ന് ക്വാറികുളത്തിൽ ഫയർ ഫോഴ്സ്  തിരച്ചിൽ നടത്തുകയായിരുന്നു

വയനാട്: അമ്പലവയൽ മഞ്ഞപ്പാറയിലെ ക്വാറിക്കുളത്തിൽ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. ആണ്ടൂർ കരളിക്കുന്ന് സ്വദേശി അരുൺ കുമാറാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി മുതൽ ഇയാളെ വീട്ടിൽ നിന്ന് കാണാതായിരുന്നു. മഞ്ഞപ്പാറ ക്വാറിക്കുളത്തിനു സമീപം പിന്നീട് അരുണിന്‍റെ ബൈക്ക് കണ്ടെത്തി. തുടർന്ന് ക്വാറികുളത്തിൽ ഫയർ ഫോഴ്സ്  തിരച്ചിൽ നടത്തുകയായിരുന്നു. സ്വകര്യ ഫിനാൻസ് സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അരുൺ കുമാർ ആത്മഹത്യ ചെയ്തതാണെന്നാണ് നിഗമനം.

അമ്പലവയൽ പൊലീസ് അന്വേഷണം തുടങ്ങി. അതേസമയം, വിതുരയ്ക്ക് സമീപം കല്ലാറിലെ വട്ടക്കയത്തിലെ ശക്തമായ ഒഴുക്കില്‍പ്പെട്ട് ഇന്ന് മൂന്ന് പേര്‍ മരിച്ചു. ഒഴുക്കില്‍പ്പെട്ട രണ്ട് പേരെ രക്ഷപ്പെടുത്തി. ബീമാ പള്ളി സ്വദേശികളായ സഫാന്‍, ഫിറോസ്, ജവാദ് എന്നിവരാണ് കല്ലാറിലുണ്ടായ അപകടത്തില്‍ മരിച്ചത്. മരിച്ച ഫിറോസ് എസ്എപി ക്യാമ്പിലെ പൊലീസുകാരനാണ്. പൊന്മുടിയിലേക്ക് വിനോദയാത്ര പോയതായിരുന്നു സംഘം. എന്നാല്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് പൊന്മുടിയിലെ ടൂറിസം കേന്ദ്രം അടച്ചതിനെ തുടര്‍ന്ന് ഇവര്‍ കല്ലാര്‍ മീന്‍മുട്ടി വെള്ളച്ചാട്ടം കാണാനായി പോവുകയായിരുന്നു. 

പെന്മുടി അടച്ചതിനാല്‍ മീന്‍മുട്ടിയില്‍ അഭൂതപൂര്‍വ്വമായ തിരക്കാണ് അനുഭവപ്പെട്ടത്. ഇത്തരത്തില്‍ എത്തിയവരാണ് അപകടത്തില്‍പ്പെട്ടത് എന്നാണ് സൂചന. കല്ലാറിലെ വട്ടക്കയത്തിന് സമീപം കുളിക്കാനിറങ്ങിയതായിരുന്നു ഇവര്‍. സംഘത്തോടൊപ്പമുണ്ടായിരുന്ന പെണ്‍കുട്ടിയാണ് ആദ്യം ഒഴുക്കില്‍പ്പെട്ടതെന്നും ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മറ്റുള്ളവരും ഒഴുക്കില്‍പ്പെട്ടതെന്ന് നാട്ടുകാര്‍ പറ‌യുന്നു. ഒഴുക്കില്‍പ്പെട്ട രണ്ട് പേരെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്.

മറ്റുള്ളവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ശക്തമായ ഒഴുക്കില്‍പ്പെടുകയായിരുന്നു. അപകടത്തില്‍പ്പെട്ട് മരിച്ച  മൂന്ന് പേരെ കൂടാതെ ഒരു പെണ്‍കുട്ടിയും മറ്റൊരു കുട്ടിയുമാണ് കൂടെയുണ്ടായിരുന്നതായി വിവരം. നേരത്തെയും ഇവിടെ വിനോദ സഞ്ചാരത്തിനെത്തിയവര്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ട്. അപകട സാധ്യത മുന്‍നിര്‍ത്തി ഇവിടെ ഇറങ്ങരുതെന്ന് നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും എന്നാല്‍ ഇത് വകവയ്ക്കാതെ സംഘം വട്ടക്കയത്തില്‍ ഇറങ്ങുകയായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്. അപകട സാധ്യതയുള്ള സ്ഥലമാണെന്ന അറിയിപ്പ് ബോര്‍ഡ് പ്രദേശത്ത് സ്ഥാപിച്ചിട്ടുണ്ട്.
 

tags
click me!