കല്ലാറില്‍ ശക്തമായ ഒഴുക്കില്‍പ്പെട്ട് എസ്എപി ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനടക്കം മൂന്ന് മരണം

By Web TeamFirst Published Oct 4, 2022, 5:17 PM IST
Highlights

അപകടത്തില്‍പ്പെട്ട് മരിച്ച  മൂന്ന് പേരെ കൂടാതെ ഒരു പെണ്‍കുട്ടിയും മറ്റൊരു കുട്ടിയുമാണ് കൂടെയുണ്ടായിരുന്നതായി വിവരം.

തിരുവനന്തപുരം: വിതുരയ്ക്ക് സമീപം കല്ലാറിലെ വട്ടക്കയത്തിലെ ശക്തമായ ഒഴുക്കില്‍പ്പെട്ട് മൂന്ന് പേര്‍ മരിച്ചു. ഒഴുക്കില്‍പ്പെട്ട രണ്ട് പേരെ രക്ഷപ്പെടുത്തി. ബീമാ പള്ളി സ്വദേശികളായ സഫാന്‍, ഫിറോസ്, ജവാദ് എന്നിവരാണ് കല്ലാറിലുണ്ടായ അപകടത്തില്‍ മരിച്ചത്. മരിച്ച ഫിറോസ് എസ്എപി ക്യാമ്പിലെ പൊലീസുകാരനാണ്. പൊന്മുടിയിലേക്ക് വിനോദയാത്ര പോയതായിരുന്നു സംഘം. എന്നാല്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് പൊന്മുടിയിലെ ടൂറിസം കേന്ദ്രം അടച്ചതിനെ തുടര്‍ന്ന് ഇവര്‍ കല്ലാര്‍ മീന്‍മുട്ടി വെള്ളച്ചാട്ടം കാണാനായി പോവുകയായിരുന്നു. 

പെന്മുടി അടച്ചതിനാല്‍ മീന്‍മുട്ടിയില്‍ അഭൂതപൂര്‍വ്വമായ തിരക്കാണ് അനുഭവപ്പെട്ടത്. ഇത്തരത്തില്‍ എത്തിയവരാണ് അപകടത്തില്‍പ്പെട്ടത് എന്നാണ് സൂചന. കല്ലാറിലെ വട്ടക്കയത്തിന് സമീപം കുളിക്കാനിറങ്ങിയതായിരുന്നു ഇവര്‍. സംഘത്തോടൊപ്പമുണ്ടായിരുന്ന പെണ്‍കുട്ടിയാണ് ആദ്യം ഒഴുക്കില്‍പ്പെട്ടതെന്നും ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മറ്റുള്ളവരും ഒഴുക്കില്‍പ്പെട്ടതെന്ന് നാട്ടുകാര്‍ പറ‌യുന്നു. ഒഴുക്കില്‍പ്പെട്ട രണ്ട് പേരെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. മറ്റുള്ളവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ശക്തമായ ഒഴുക്കില്‍പ്പെടുകയായിരുന്നു. 

അപകടത്തില്‍പ്പെട്ട് മരിച്ച  മൂന്ന് പേരെ കൂടാതെ ഒരു പെണ്‍കുട്ടിയും മറ്റൊരു കുട്ടിയുമാണ് കൂടെയുണ്ടായിരുന്നതായി വിവരം. നേരത്തെയും ഇവിടെ വിനോദ സഞ്ചാരത്തിനെത്തിയവര്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ട്. അപകട സാധ്യത മുന്‍നിര്‍ത്തി ഇവിടെ ഇറങ്ങരുതെന്ന് നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും എന്നാല്‍ ഇത് വകവയ്ക്കാതെ സംഘം വട്ടക്കയത്തില്‍ ഇറങ്ങുകയായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്. അപകട സാധ്യതയുള്ള സ്ഥലമാണെന്ന അറിയിപ്പ് ബോര്‍ഡ് പ്രദേശത്ത് സ്ഥാപിച്ചിട്ടുണ്ട്. 

 

വയോധിക വെട്ടേറ്റ് കൊല്ലപ്പെട്ട നിലയിൽ, മൃതദേഹം കിടപ്പുമുറിയിലെ കട്ടിലിൽ

പാലക്കാട്: പാലക്കാട് മംഗലം ഡാമിനടുത്ത് അട്ടവാടിയിൽ വയോധികയെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലപ്പെട്ടതാണെന്നാണ് പൊലീസിന്‍റെ പ്രഥമിക നിഗമനം. പാലക്കാട് രണ്ടാംപുഴ സ്വദേശിയായ മേരിയുടേതാണ് മൃതദേഹമെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇവര്‍ക്ക് 68 വയസായിരുന്നു.

ഇന്ന് രാവിലെ ബന്ധുക്കളാണ് വീട്ടിലെ കിടപ്പു മുറിയില്‍ രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്. മേരിയുടെ മകൻ ഷൈജുവിന് മരണത്തിൽ പങ്കുണ്ടോയെന്ന് പൊലീസ് സംശയിക്കുന്നു. ഷൈജുവിനെ മംഗലം ഡാം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്യുകയാണ്.

മൃതദേഹം കണ്ടെത്തിയ ഉടൻ തന്നെ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ അപ്പോഴേക്കും മരിച്ചിരുന്നു. മംഗലം ഡാം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.  മേരിയുടെ സഹോദരൻ ജോൺസന്റെ ഭാര്യ കമലത്തിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

click me!