മുതിരപ്പുഴയാറിൽ നിന്ന് സ്ത്രീയുടേതെന്ന് തോന്നിക്കുന്ന ശരീരഭാഗം കണ്ടെത്തി

By Web TeamFirst Published Aug 9, 2018, 8:44 PM IST
Highlights

കുഞ്ചിത്തണ്ണിയ്ക്ക് സമീപം മുതിരപ്പുഴയാറിൽ എല്ലക്കൽ പാലത്തിന് അടുത്തുനിന്ന് സ്ത്രീയുടേത് എന്നു തോന്നിക്കുന്ന ഉടലും കൈകളും കണ്ടെത്തി. കനത്ത മഴയെത്തുടർന്ന് മണ്ണിടിഞ്ഞ് റോഡുകളിൽ ഗതാഗത തടസ്സം നേരിട്ടതിനാൽ ഗതാഗതം പുന:സ്ഥാപിക്കാൻ പോയ കുഞ്ചിത്തണ്ണി ടൗണിലെ ഓട്ടോറിക്ഷാ ഡ്രൈവർമാരാണ് വ്യാഴാഴ്ച ഉച്ചയോടെ പുഴയിലെ  വെള്ളപ്പാച്ചിലിൽ മനുഷ്യശരീരം ഒഴുകി നടക്കുന്നത് കണ്ടത്.

ഇടുക്കി: കുഞ്ചിത്തണ്ണിയ്ക്ക് സമീപം മുതിരപ്പുഴയാറിൽ എല്ലക്കൽ പാലത്തിന് അടുത്തുനിന്ന് സ്ത്രീയുടേത് എന്നു തോന്നിക്കുന്ന ഉടലും കൈകളും കണ്ടെത്തി. കനത്ത മഴയെത്തുടർന്ന് മണ്ണിടിഞ്ഞ് റോഡുകളിൽ ഗതാഗത തടസ്സം നേരിട്ടതിനാൽ ഗതാഗതം പുന:സ്ഥാപിക്കാൻ പോയ കുഞ്ചിത്തണ്ണി ടൗണിലെ ഓട്ടോറിക്ഷാ ഡ്രൈവർമാരാണ് വ്യാഴാഴ്ച ഉച്ചയോടെ പുഴയിലെ  വെള്ളപ്പാച്ചിലിൽ മനുഷ്യശരീരം ഒഴുകി നടക്കുന്നത് കണ്ടത്. തോട്ടിയും കയറും ഉപയോഗിച്ച് ഒഴുകി പോകാതെ ഇവർ ഇത് തടഞ്ഞിട്ടു.

രാജാക്കാട് പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയും എസ്.ഐ.പി.ഡി അനൂപ്മോന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ശരീരഭാഗങ്ങൾ കരക്കെടുക്കുകയും ചെയ്തു.സ്ത്രിയുടേതെന്ന് തോന്നിക്കുന്ന ഉടലും കൈകളുമാണ് കണ്ടെത്തിയത്. ജീർണിച്ചു തുടങ്ങിയ അവസ്ഥയിലാണ് ശരീരഭാഗം. ഇൻക്വസ്റ്റ് തയാറാക്കി ഫോറൻസിക് പരിശോധനയ്ക്കായി ശരീരഭാഗം കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. 

ഇവിടെ നിന്ന് രണ്ടു കിലോമീറ്റർ മുകളിൽ കുഞ്ചിത്തണ്ണി പാലത്തിന് സമീപത്ത് നിന്ന് ഒരു മാസം മുമ്പ് യുവതിയുടെ ഇടതുകാൽ നാട്ടുകാർക്ക് ലഭിച്ചിരുന്നു. ഇതും കോട്ടയം മെഡിക്കൽ കോളേജിൽ കൊണ്ടുപോയി ഫോറൻസിക് പരിശോധന നടത്തിയിരുന്നു. ആറ്റുകാട്ടിൽ നിന്ന് പുഴയിൽ കാണാതായ വിജി എന്ന യുവതിയെയും പത്തനംതിട്ട മുക്കൂട്ടുതറയിൽ നിന്ന് കാണാതായ ജെസനയെയും ബന്ധപ്പെടുത്തി പോലീസ് ഡി.എൻ.എ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിനിടെയാണ് ഉടലും കൈകളും ലഭിച്ചത്. അരയ്ക്ക് താഴ്പോട്ടും കഴുത്തിന് മുകളിലേക്കുമില്ലാത്ത ശരീരഭാഗം ലഭിച്ചത് കൊലപാതകമാണെന്ന സൂചനയാണ് നൽകുന്നത്. കഴുത്തിലെയും അരയിലെയും മുറിവ് വെട്ടിമുറിച്ചതിന് സമാനമാണെന്ന് ദൃക്സാക്ഷികൾ പറയുന്നു.

click me!