വാഹനാപകടത്തില്‍ കാല്‍ നഷ്ടപ്പെട്ട സജുവിന് പുതുജീവിതം: ജീവിത സഹായമായി ഓട്ടോറിക്ഷ

By Web TeamFirst Published Aug 9, 2018, 5:29 PM IST
Highlights

ഇടതുകാല്‍ മുറിച്ചു മാറ്റേണ്ടി വന്നതിനാല്‍ നേരത്തെ ചെയ്തിരുന്ന റബ്ബര്‍ ടാപ്പിംഗ് തൊഴില്‍ തുടരാനാവില്ലെന്നും ഓട്ടോ റിക്ഷ ഓടിക്കാനറിയാമെന്നും സഹായമായി ഓട്ടോ നല്‍കണമെന്നും പറഞ്ഞ് സജു സാമൂഹ്യ സുരക്ഷാ മിഷന് അപേക്ഷ നല്‍കിയിരുന്നു. 

തിരുവനന്തപുരം: വാഹനാപകടത്തില്‍ ഇടതുകാല്‍ നഷ്ടപ്പട്ട തിരുവനന്തപുരം കാരക്കോണം കുന്നത്തുകാല്‍ മണലിവിള പുത്തന്‍ വീട്ടില്‍ സജുവിന് സാമൂഹ്യ സുരക്ഷാ മിഷന്റെ കൈത്താങ്ങ്. സാമൂഹ്യ സുരക്ഷാ മിഷന്റെ വി കെയര്‍ പദ്ധതിയിലൂടെ സജുവിന് ഓട്ടോറിക്ഷ നല്‍കി. മന്ത്രിയുടെ ഓദ്യോഗിക വസതിയില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ സാമൂഹ്യ നീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ സജുവിന് ഓട്ടോ റിക്ഷ കൈമാറി. 

സജുവിനെപ്പോലെ ജീവിക്കാനായി ബുദ്ധിമുട്ടുന്ന നിരവധി പേര്‍ക്കാണ് സാമൂഹ്യ സുരക്ഷാ മിഷന്റെ വി കെയര്‍ പദ്ധതി കൈത്താങ്ങായതെന്ന് മന്ത്രി പറഞ്ഞു. മൂന്ന് വര്‍ഷം മുമ്പാണ് ടാപ്പിംഗ് തൊഴിലാളിയായിരുന്ന സജുവിന്റെ ജീവിതം മാറി മറിഞ്ഞത്. സജു യാത്ര ചെയ്യ്തിരുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ ടിപ്പര്‍ ലോറിയിടിച്ച് ഗുരുതരമായി പരിക്കേറ്റു. അപകടത്തെ തുടര്‍ന്ന് സജുവിന്റെ ഇടതുകാല്‍ മുറിച്ചു മറ്റേണ്ടി വന്നു. രണ്ട് വര്‍ഷം കിടപ്പു രോഗിയായി ചികിത്സ നടത്തി. ഇതോടെ ജീവിതം വല്ലാത്ത അവസ്ഥയിലായി. 

ഏഴ് വയസുള്ള കുഞ്ഞും ഭാര്യയുമടങ്ങുന്ന സജുവിന്റെ കുടുംബം ഒറ്റമുറി വീട്ടിലാണ് താമസിക്കുന്നത്. വളരെയേറെ കഷ്ടപ്പെട്ടാണ് ഈ കുടുംബം ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നത്. അപ്രതീക്ഷിതമായുണ്ടായ ദുരന്തത്തില്‍ തളരാതെ എന്തെങ്കിലും സ്വയം തൊഴില്‍ ചെയ്ത് ജീവിക്കാന്‍ സഹായത്തിനായി സജു സാമൂഹ്യ സുരക്ഷാ മിഷനില്‍ അപേക്ഷ നല്‍കുകയായിരുന്നു. 

ഇടതുകാല്‍ മുറിച്ചു മാറ്റേണ്ടി വന്നതിനാല്‍ നേരത്തെ ചെയ്തിരുന്ന റബ്ബര്‍ ടാപ്പിംഗ് തൊഴില്‍ തുടരാനാവില്ലെന്നും ഓട്ടോ റിക്ഷ ഓടിക്കാനറിയാമെന്നും സഹായമായി ഓട്ടോ നല്‍കണമെന്നും പറഞ്ഞ് സജു സാമൂഹ്യ സുരക്ഷാ മിഷന് അപേക്ഷ നല്‍കിയിരുന്നു. സജുവിന്റെ അപേക്ഷ പരിഗണിച്ച് മന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് സാമൂഹ്യ സുരക്ഷാ മിഷന്‍ വി കെയര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഓട്ടോ വാങ്ങി നല്‍കിയത്. 

ടാക്‌സ് ഇന്‍ഷുറന്‍സ് ഉള്‍പ്പെടെയുള്ള ഓട്ടോറിക്ഷയുടെ വിലയായ 2,70,8981 രൂപയാണ് സാമൂഹ്യ സുരക്ഷാ മിഷന്‍ നല്‍കിയത്. മറ്റുള്ളവരുടെ സഹായത്താല്‍ ജീവിതം മുന്നോട്ട് പോകുന്ന തനിക്ക് പുതിയൊരു ജീവിത മാര്‍ഗമാണ് ഈ ഓട്ടോറിക്ഷയെന്ന് സജു പറഞ്ഞു. 

സാമൂഹ്യ സുരക്ഷാ മിഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍, അസിസ്റ്റന്റ് ഡയറക്ടര്‍ കെ. ജയചന്ദ്രന്‍, പ്രോഗ്രാം കോ-ഓഡിനേറ്റര്‍ എസ്. ഷാജി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

click me!