
ഇടുക്കി: പീരുമേട്ടിൽ ആംബുലൻസ് കിട്ടാത്തതിനാൽ മൃതദേഹം പിക്കപ്പ് വാനിൽ കൊണ്ടുപോയ സംഭവം വിവാദത്തിൽ. മൃതദേഹം എത്രയും വേഗം കൊണ്ടുപോകണമെന്നാവശ്യപ്പെട്ട് ഡോക്ടർമാർ ദേഷ്യപ്പെട്ടെന്നും, മറ്റൊരു മാർഗവുമില്ലാത്തതിനാലാണ് പിക്കപ്പ് വിളിച്ചതെന്നുമാണ് ബന്ധുക്കളുടെ ആരോപണം. മേഖലയിൽ ആംബുലൻസ് കുറവെന്ന കാര്യം ആരോഗ്യവകുപ്പിനെ പലകുറി അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്ന ആരോപണവുമായി കോണ്‍ഗ്രസും രംഗത്ത് എത്തിയിട്ടുണ്ട്.
ഏലപ്പാറ സ്വദേശിയായ രാജു പീരുമേട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെയാണ് മരിച്ചത്. പള്ളിക്കുന്നിലെ വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോകാനായി ബന്ധുക്കൾ എത്തിയപ്പോഴാണ് ആശുപത്രി ആംബുലൻസ് മറ്റൊരു ഓട്ടം പോയിരിക്കുകയാണെന്ന വിവരം ലഭിച്ചത്. സമീപത്തെ ആശുപത്രികളിലും, ഫയർഫോഴ്സിന്റെ ആംബുലൻസിനായും നോക്കിയെങ്കിലും അതും ലഭ്യമായില്ല. അതോടെയാണ് മൃതദേഹം കൊണ്ടുപോകാൻ പിക്കപ്പ് വാൻ വിളിക്കേണ്ടി വന്നത്
മൂന്നാഴ്ചയോളം രാജു ചികിത്സയിലിരിക്കെ ബന്ധുക്കളാരും തിരിഞ്ഞ് നോക്കിയില്ലെന്നും മരിച്ച ശേഷം പഞ്ചായത്തിലും പൊലീസിലും അറിയിച്ചതിന് പിന്നാലെ പന്ത്രണ്ട് മണിയോടെയാണ് അവരെത്തിയതെന്നുമാണ് ആശുപത്രി അധികൃതർ പറയുന്നത്. എങ്ങനെയെങ്കിലും മൃതദേഹം കൊണ്ടുപോകാം എന്ന അവരുടെ തന്നെ ഉറപ്പിലാണ് മൃതദേഹം വിട്ടു നൽകിയതെന്നും ആശുപത്രി സൂപ്രണ്ട് വിശദീകരിക്കുന്നു. അതേസമയം ആംബുലൻസിന്റെ കുറവ് സംബന്ധിച്ച് നേരത്തെ തന്നെ പരാതിപ്പെട്ടതാണെന്ന് കോണ്ഗ്രസ് ആരോപിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam