ക്രിസ്മസ് ആഘോഷത്തിനിടെ കടലില്‍ കുളിക്കാനിറങ്ങി; കാണാതായ വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങൾ 3-ാം ദിനം കണ്ടെത്തി

By Web TeamFirst Published Dec 27, 2022, 8:38 AM IST
Highlights

കണിയാപുരം ചിറ്റാറ്റുമുക്ക് ചിറക്കൽ സ്വദേശി ശ്രയസ്, കണിയാപുരം മസ്താൻമുക്ക് സ്വദേശി സാജിദ് എന്നിവരുടെ മൃതദേഹങ്ങളാണ് കിട്ടിയത്.

തിരുവനന്തപുരം: ക്രിസ്മസ് ആഘോഷത്തിനിടെ തിരുവനന്തപുരം പുത്തൻതോപ്പിൽ നിന്നും കടലിൽ കാണാതായവരുടെ  മൃതദേഹങ്ങൾ കണ്ടെത്തി. കണിയാപുരം ചിറ്റാറ്റുമുക്ക് ചിറക്കൽ സ്വദേശി ശ്രേയസ് (16), കണിയാപുരം മസ്താൻമുക്ക് സ്വദേശി സാജിദ് (19) എന്നിവരുടെ മൃതദേഹങ്ങളാണ് കിട്ടിയത്.

പെരുമാതുറ പുതുക്കുറിച്ചി എന്നിവിടങ്ങളിൽ പുലർച്ചയോടെ മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. തുടർന്ന് ബന്ധുക്കൾ സ്ഥലത്തെത്തി മൃതദ്ദേഹങ്ങൾ തിരിച്ചറിഞ്ഞു. കഠിനംകുളം, അഞ്ചുതെങ്ങ് കോസ്റ്റൽ പൊലീസ് സ്ഥലത്തെത്തി നടപടി ക്രമങ്ങൾ പൂർത്തിയാക്കി  മൃതദേഹങ്ങൾ ചിറയിൻകീഴ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. ശ്രേയസ് പ്ലസ് വൺ വിദ്യാർത്ഥി ആണ്. ശ്രേയസിനെ രക്ഷിക്കുന്നതിനിടെ ആണ് സാജിദ് തിരയിൽ പെട്ടത്.

ക്രിസ്മസ് ദിനത്തില്‍ വൈകീട്ടോടെയാണ് പുത്തൻതോപ്പിലും അഞ്ച് തെങ്ങിലുമായി മൂന്ന് യുവാക്കളെ കടലില്‍ കാണാതായത്. ക്രിസ്മസ് ആഘോഷത്തിനായി എത്തി കടലില്‍ ഇറങ്ങിയവര്‍ തിരയില്‍പ്പെടുകയായിരുന്നു. ഇതില്‍ അഞ്ചുതെങ്ങില്‍ നിന്ന് കാണാതായ മാമ്പള്ളി ഓലുവിളാകത്ത് സജൻ ആന്റണി (35) ന്റെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. വെട്ടൂർ റാത്തിക്കൽ നിന്നും ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മത്സ്യത്തൊഴിലാളികളും കോസ്റ്റ്ഗാര്‍ഡും ചേര്‍ന്നാണ് തെരച്ചില്‍ നടത്തിയിരുന്നത്.

കഴിഞ്ഞ ദിവസം തുമ്പയിലുണ്ടായ സമാന അപകടത്തിൽ കടലിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മരണപ്പെട്ടിരുന്നു. തുമ്പ ആറാട്ട്‍വഴി സ്വദേശി ഫ്രാങ്കോ ആണ് മരിച്ചത്. ഇന്നലെ വൈകീട്ടോടെ അഞ്ചുതെങ്ങ് മുതലപ്പൊഴിയിലും അപകടം സംഭവിച്ചിരുന്നു. കടലില്‍ ഇറങ്ങിയ വീട്ടമ്മ ഒഴുക്കിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ കോസ്റ്റൽ വാർഡൻമാർ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചതിനാൽ അപകടം ഒഴിവാകുകയായിരുന്നു.

click me!