തൃശൂരിൽ വമ്പൻ തിമിംഗലത്തിന്‍റെ ജഡം; പൊലീസ് സ്ഥലത്തെത്തി

By Web TeamFirst Published Mar 21, 2023, 8:00 PM IST
Highlights

ചീഞ്ഞളിഞ്ഞ നിലയിലാണ് ജഡം കണ്ടെത്തിയത്

തൃശൂർ: വമ്പൻ തിമിംഗലത്തിന്‍റെ ജഡം തൃശൂർ ചാവക്കാട് കടപ്പുറത്ത് കരയ്ക്കടിഞ്ഞു. തോട്ടാപ്പ് മരക്കമ്പനിക്ക് പുറക് വശത്തായാണ് സംഭവം. വൈകിട്ട് അഞ്ചോടെയാണ് പ്രദേശവാസികള്‍ ജഡം കണ്ടത്. ചീഞ്ഞളിഞ്ഞ നിലയിലാണ് ജഡം കണ്ടെത്തിയത്. കടല്‍ഭിത്തിയോട് ചേര്‍ന്ന ഭാഗത്താണ് പ്രദേശവാസികൾ തിമിംഗലത്തിന്‍റെ ജഡം കണ്ടെത്തിയത്. കപ്പലും മറ്റുമിടിച്ച് അപകടത്തില്‍ പെട്ടതാകാനാണ് സാധ്യതയെന്നാണ് നാട്ടുകാര്‍ പറയുന്നത്. തീരദേശ പൊലീസും പൊലീസും സ്ഥലത്തെത്തി. ജഡം നീക്കം ചെയ്യാനുള്ള ശ്രമം പുരോഗമിക്കുകയാണ്.

കോളേജിന് മുന്നിൽ അപകടം, നിയമ വിദ്യാർഥിയായ ഡിവൈഎഫ്ഐ നേതാവിന് ദാരുണാന്ത്യം; കണ്ണീരണിഞ്ഞ് നാട്

അതേസമയം തൃശൂരിൽ നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത ചേർപ്പിലെ സദാചാര കൊലക്കേസിൽ ഒരാൾ കൂടി അറസ്റ്റിലായി എന്നതാണ്. ഇതോടെ കേസിൽ അറസ്റ്റിലായ കൊലയാളികളുടെ എണ്ണം അഞ്ചായിട്ടുണ്ട്. മർദ്ദനമേറ്റ് കൊല്ലപ്പെട്ട ബസ് ഡ്രൈവർ സഹാർ സംഭവദിവസം അർധരാത്രി സന്ദർശിച്ച പെൺസുഹൃത്തിന്‍റെ മൊഴി മജിസ്ട്രേറ്റിന് മുന്നില്‍ രേഖപ്പെടുത്തി. ചേര്‍പ്പിലെ ബസ് ഡ്രൈവര്‍ സഹാറിനെ കൊലപ്പെടുത്തിയ പത്തംഗം കൊലയാളി സംഘാംഗമായ പഴുവില്‍ കോട്ടം സ്വദേശി ഡിനോണാണ് ഇന്ന് പിടിയിലായത്. പ്രതികള്‍ക്കായി പല സംഘങ്ങളായി പൊലീസ് തെരച്ചില്‍ നടത്തുന്നതിനിടെ അയല്‍ സംസ്ഥാനങ്ങളില്‍ ഒളിവില്‍ പോയ ഡിനോൺ നാട്ടിലേക്ക് മടങ്ങിയെത്തുകയായിരുന്നു. തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പൊലീസ് സംഘം പ്രതിയെ പിടികൂടിയത്. കഴിഞ്ഞ ദിവസം ഉത്തരാഖണ്ഡില്‍ നിന്നും അറസ്റ്റുചെയ്ത നാലു പ്രതികളെയും തൃശൂരെത്തിച്ചു കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു. തൃശൂർ കുറുമ്പിലാവ് സ്വദേശികളായ അമീർ, അരുൺ, നിരഞ്ജന്‍, സുഹൈല്‍ എന്നിവരെയാണ് ഉത്തരാഖണ്ഡില്‍ നിന്നു പിടികൂടിയത്. സുഹൈല്‍ രക്ഷപെടാന്‍ സഹായിച്ചയാളും മറ്റുള്ളവര്‍ കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ടവരുമായിരുന്നു. നേപ്പാളിനേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ഒളിവില്‍ കഴിയുകയായിരുന്ന പ്രതികളെ പിന്തുടര്‍ന്നെത്തി തൃശൂര്‍ റൂറല്‍ പൊലീസ് സംഘം പിടികൂടുകയായിരുന്നു. നിരഞ്ജന്‍ ഉപയോഗിച്ചിരുന്ന മൊമൈല്‍ നന്പര്‍ പിന്തുടര്‍ന്ന് പോയ പൊലീസ് ഒരാഴ്ചയിലധികം നടത്തിയ വ്യാപക തെരച്ചിലിനൊടുവിലാണ് പ്രതികള്‍ വലയിലായത്.

click me!