
പെരിന്തൽമണ്ണ: മലപ്പുറത്തു വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന നിയമ ബിരുദ വിദ്യാർത്ഥിനി മരിച്ചു. കുന്നംകുളം അകതിയൂര്‍ സ്വദേശി അനുഷ (23) ആണ് മരിച്ചത്. ഡി വൈ എഫ് ഐ കുന്നംകുളം ബ്ലോക്ക് വൈസ് പ്രസിഡന്റ് ആയ അനുഷ മലപ്പുറം എം സി ടി കോളേജിലെ നിയമ ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്നു. കഴിഞ്ഞയാഴ്ച കോളേജിന് സമീപം വച്ച് ഇരുചക്ര വാഹനം അപകടത്തിലപ്പെട്ടായിരുന്നു അപകടം. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അനുഷ മരണത്തിന് കീഴടങ്ങിയത്. അനുഷയുടെ അപ്രതീക്ഷിത വിയോഗത്തിന്‍റെ വേദനയിലാണ് നാട്ടുകാരും ഡി വൈ എഫ് ഐ പ്രവർത്തകരും.
അതേസമയം ആലപ്പുഴയിൽ നിന്ന് പുറത്തുവന്ന മറ്റൊരു വാർത്ത സ്വകാര്യ ബസിൽ നിന്ന് തെറിച്ചു വീണ് എസ് എസ് എൽ സി പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വിദ്യാർത്ഥിക്ക് ഗുരുതര പരിക്കേറ്റു എന്നതാണ്. മാന്നാർ ഇരമത്തൂർ പരുവതറയിൽ സദാനന്ദന്റെ മകൻ മണികണ്ഠൻ (15) നാണ് എസ് എസ് എൽ സി പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ പരിക്കേറ്റത്. മാന്നാർ കോയിക്കൽ ജങ്ഷനിൽ വെച്ച് ഇന്ന് ഉച്ചക്ക് ഒരു മണിയോടെ ആണ് അപകടം സംഭവിച്ചത്. മാന്നാർ നായർ സമാജം സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ആണ് അപകടത്തിൽ പെട്ടത്. എസ് എസ് എൽ സി പരീക്ഷ കഴിഞ്ഞ് ബസിൽ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കോയിക്കൽ ജങ്ഷനിൽ ബസ് ഇറങ്ങുമ്പോൾ വാതിലുകൾ അടക്കാതെ അശ്രദ്ധമായി ബസ് മുന്നോട്ടു എടുത്തപ്പോളാണ് വിദ്യാർത്ഥി ബസിൽ നിന്ന് തെറിച്ചു റോഡിലേക്ക് വീണത്. തിരുവല്ലയിൽ നിന്ന് കായംകുളത്തേക്ക് പോയ അശ്വതി ബസിൽ നിന്നാണ് വിദ്യാർത്ഥി തെറിച്ചു വീണത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam