കാസർകോട്ടെ പ്രവാസി ബുക്ക്‌ ചെയ്തത് 11.21 ലക്ഷത്തിന്‍റെ മാരുതി കാർ, പക്ഷേ വണ്ടി കിട്ടിയില്ല; 29 ലക്ഷം നഷ്ടപരിഹാരം നൽകാൻ കൺസ്യൂമർ കോടതി വിധി

Published : Feb 19, 2026, 02:56 PM IST
consumer court order

Synopsis

ഒമ്പത് വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ഹംസയ്ക്ക് അനുകൂലമായ അന്തിമവിധി ഉണ്ടായത്. നഷ്ടപരിഹാരത്തുകയിൽ 25 ലക്ഷം രൂപ ഇതിനകം ഹംസയുടെ ബാങ്ക് അക്കൗണ്ടിൽ ലഭിച്ചു കഴിഞ്ഞു.

കാസർകോട്: ബുക്ക്‌ ചെയ്ത കാർ ലഭിച്ചില്ലെന്ന പ്രവാസിയുടെ പരാതിയിൽ കോടതി പിഴയായി വിധിച്ചത് കാറിന്റെ മൂന്നിരട്ടിയോളം വില. ബുക്ക് ചെയ്ത പുത്തൻ കാർ ലഭിച്ചില്ലെന്ന പരാതിയെ തുടർന്ന് പ്രവാസിയായ ബേക്കൽ ഹദ്ദാദിലെ ഹംസ കുന്നിനിലാണ് ഉപഭോക്തൃ കോടതി അനുകൂല വിധി പുറപ്പെടുവിച്ചത്. കാർ ലഭിക്കാതിരുന്നതിനെ തുടർന്ന് 29,10,173 രൂപ നഷ്ടപരിഹാരം നൽകാൻ ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷനും കേരള സംസ്ഥാന ഉപഭോക്തൃ തർക്കപരിഹാര കമ്മീഷനും ഉത്തരവിടുകയായിരുന്നു.

കാസർക്കോട്ടെ ഷോറൂമിൽ നിന്നും 11.21 ലക്ഷം രൂപ നൽകിയാണ് ഹംസ കാർ ബുക്ക് ചെയ്തത്. 2016-ൽ പുറത്തിറങ്ങിയ മാരുതിയുടെ കാറാണ് ഹംസ ബുക്ക് ചെയ്തത്. കാഞ്ഞങ്ങാട്ടെ ഷോറും വഴിയാണ് ബുക്കിംഗ് നടത്തിയത്. ബുക്കിംഗിന് പിന്നാലെ ദിവസങ്ങൾ കഴിഞ്ഞിട്ടും കാർ ലഭിക്കാതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ കാർ കൊണ്ടുവരുന്ന വഴിയിൽ അപകടത്തിൽപ്പെട്ടുവെന്നായിരുന്നു മറുപടി. പകരം പുതിയ കാർ ലഭിക്കുന്നതു വരെ 2 ശതമാനം പലിശ നൽകാമെന്ന ഓഫർ നൽകിയെങ്കിലും ഹംസ അതിന് സമ്മതിച്ചില്ല. കാർ വാങ്ങുന്നതിനായി ഗൾഫിൽ നിന്ന് പ്രത്യേകമായി നാട്ടിലെത്തിയതായും ഹംസ വ്യക്തമാക്കിയിരുന്നു. പിന്നാലെ ഹംസ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചു.

നഷ്ടപരിഹാരം നൽകാൻ ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ ഉത്തരവിട്ടെങ്കിലും, വിധിക്കെതിരെ എതിർ കക്ഷികൾ സംസ്ഥാന കമ്മീഷനെ സമീപിച്ചു. എന്നാൽ സംസ്ഥാന കമ്മീഷൻ വിധി ശരിവെക്കുകയായിരുന്നു. ഒമ്പത് വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ഹംസയ്ക്ക് അനുകൂലമായ അന്തിമവിധി ഉണ്ടായത്. കോടതി ഉത്തരവ് പ്രകാരം 1 മുതൽ 3 വരെയുള്ള കക്ഷികൾ സംയുക്തമായും വ്യക്തിപരമായും ഹംസയ്ക്ക്: 11,19,710 രൂപയും (കാർ തുക) 14 ശതമാനം വാർഷിക പലിശയോടെ 14-12-2016 മുതൽ തിരികെ നൽകണം. 3,00,000 രൂപ നഷ്ടപരിഹാരം വിവിധ തലങ്ങളിൽ നൽകണം. 5,000 രൂപ കോടതിചെലവായും നൽകണം.

30 ദിവസത്തിനകം തുക നൽകാത്ത പക്ഷം കൺസ്യൂമർ ആക്ട് ( Consumer Protection Act, 1986) പ്രകാരം ഉത്തരവ് നടപ്പാക്കാനുള്ള അവകാശം പരാതിക്കാരന് ഉണ്ടെന്ന് കമ്മീഷൻ വ്യക്തമാക്കി. നഷ്ടപരിഹാരത്തുകയിൽ 25 ലക്ഷം രൂപ ഇതിനകം ഹംസയുടെ ബാങ്ക് അക്കൗണ്ടിൽ ലഭിച്ചു കഴിഞ്ഞു. ബാക്കി തുക കോടതി നിശ്ചയിച്ചിരിക്കുന്ന അടുത്ത തീയതിയിൽ നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. അഡ്വ. ഷുക്കൂർ ആണ് ഹംസയ്ക്ക് വേണ്ടി ഹാജരായത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കാട്ടാക്കടയിൽ സ്കൂൾ, പൊലീസ് സ്റ്റേഷൻ, വില്ലേജ് ഓഫീസുമടക്കം 54 സർക്കാർ സ്ഥാപനങ്ങൾ ഇനി സൗരോർജ്ജ കരുത്തിൽ; 455 കിലോവാട്ടിന്‍റെ സോളാർ പദ്ധതി!
ന്യൂന മർദ്ദം ശക്തി പ്രാപിക്കും, ഒപ്പം ന്യൂനമർദ്ദ പാത്തിയും; അഞ്ച് ജില്ലകളിൽ മുന്നറിയിപ്പ്, ചുട്ടുപൊള്ളുന്ന കേരളത്തിൽ മഴ പെയ്തേക്കും,