കാട്ടാക്കടയിൽ സ്കൂൾ, പൊലീസ് സ്റ്റേഷൻ, വില്ലേജ് ഓഫീസുമടക്കം 54 സർക്കാർ സ്ഥാപനങ്ങൾ ഇനി സൗരോർജ്ജ കരുത്തിൽ; 455 കിലോവാട്ടിന്‍റെ സോളാർ പദ്ധതി!

Published : Feb 19, 2026, 02:31 PM IST
Kattakkada solar project

Synopsis

സംസ്ഥാന സർക്കാരിന്റെ പൂർണ്ണ ധനസഹായത്തോടെ ഏകദേശം 2.4 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി പൂർത്തീകരിച്ചത്. കാട്ടാക്കട നിയോജക മണ്ഡലത്തിലെ സർക്കാർ സ്കൂളുകൾ, ആശുപത്രികൾ, പൊലീസ് സ്റ്റേഷനുകൾ തുടങ്ങി 54 ഇടങ്ങളിലായാണ് സൗരോർജ്ജ പ്ലാന്റുകൾ സ്ഥാപിച്ചിട്ടുള്ളത്.

തിരുവനന്തപുരം: കാർബൺ ന്യൂട്രൽ കാട്ടാക്കട പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ സർക്കാർ സ്ഥാപനങ്ങളെ ഊർജ്ജ സ്വയംപര്യാപ്തമാക്കുന്നതിനായി സ്ഥാപിച്ച സൗരോർജ്ജ നിലയങ്ങളുടെ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിച്ചു. മലയിൻകീഴ് മാധവകവി സംസ്കൃതി കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ കാട്ടാക്കട നിയോജക മണ്ഡലം എം.എൽ.എ ഐ.ബി സതീഷ് അധ്യക്ഷത വഹിച്ചു. ഐക്യരാഷ്ട്രസഭയുടെ പ്രശംസ പിടിച്ചുപറ്റിയ 'ജലസമൃദ്ധി' പദ്ധതിയിലൂടെ മഴവെള്ള സംഭരണത്തിൽ മാതൃകയായ കാട്ടാക്കട, പൊതുസ്ഥാപനങ്ങളിൽ സൗരോർജ്ജം നടപ്പിലാക്കി ഊർജ്ജ സംരക്ഷണത്തിലും പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ്.

സംസ്ഥാന സർക്കാരിന്റെ പൂർണ്ണ ധനസഹായത്തോടെ ഏകദേശം 2.4 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി പൂർത്തീകരിച്ചത്. കാട്ടാക്കട നിയോജക മണ്ഡലത്തിലെ സർക്കാർ സ്കൂളുകൾ, ആശുപത്രികൾ, പൊലീസ് സ്റ്റേഷനുകൾ, കൃഷിഭവനുകൾ, വില്ലേജ് ഓഫീസുകൾ, പഞ്ചായത്ത് ഓഫീസുകൾ, ബസ് സ്റ്റാൻഡ്, അംഗൻവാടികൾ തുടങ്ങി 54 ഇടങ്ങളിലായാണ് സൗരോർജ്ജ പ്ലാന്റുകൾ സ്ഥാപിച്ചിട്ടുള്ളത്. ആകെ 455 കിലോവാട്ട് ശേഷിയുള്ള ഈ സൗരോർജ്ജ നിലയങ്ങൾ വഴി പ്രതിവർഷം 6,64,300 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. കെഎസ്ഇബിയുടെ മേൽനോട്ടത്തിൽ ഇൻകൽ (INKEL) എന്ന സ്ഥാപനമാണ് പദ്ധതി നടപ്പിലാക്കിയത്. 

അടുത്ത അഞ്ചു വർഷത്തേക്ക് പ്ലാന്റിന്റെ പ്രവർത്തന പരിപാലനവും ഇതേ സ്ഥാപനം തന്നെ നിർവഹിക്കും. പ്രകൃതിദത്തവും പാരമ്പര്യേതരവുമായ ഊർജ്ജ സ്രോതസ്സുകളെ പരമാവധി പ്രയോജനപ്പെടുത്തി വൈദ്യുതി ഉത്പാദനം വർദ്ധിപ്പിക്കുക എന്ന സർക്കാരിന്റെ ലക്ഷ്യമാണ് ഇതിലൂടെ സാക്ഷാത്കരിക്കപ്പെടുന്നത്. കാർബൺ ബഹിർഗമനം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന കാർബൺ ന്യൂട്രൽ കാട്ടാക്കട പദ്ധതിയുടെ ഭാഗമായി നടന്ന രണ്ടാം ഓഡിറ്റിൽ മണ്ഡലത്തിലെ കാർബൺ ബഹിർഗമനത്തിൽ 46.75 ശതമാനം കുറവ് രേഖപ്പെടുത്തിയിരുന്നു. സൗരോർജ്ജ പദ്ധതി കൂടി കമ്മീഷൻ ചെയ്തതോടെ കാർബൺ മലിനീകരണം കുറയ്ക്കാനുള്ള ശ്രമങ്ങൾക്ക് കൂടുതൽ വേഗത കൈവരും.

സംസ്ഥാനത്തിന്റെ ആകെ സൗരോർജ്ജ ഉത്പാദന ശേഷി നിലവിൽ 2165.804 മെഗാവാട്ട് ആണ്. പി എം സൂര്യഘർ ഉൾപ്പെടെയുള്ള കേന്ദ്ര-സംസ്ഥാന പദ്ധതികളിലൂടെ ഗാർഹിക-സ്വകാര്യ മേഖലകളിലും സൗരോർജ്ജ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നുണ്ട്. കാട്ടാക്കട കെഎസ്ആർടിസി ബസ് സ്റ്റേഷൻ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ പദ്ധതിയുടെ ഗുണഭോക്താക്കളാകും. ചടങ്ങിൽ ത്രിതല പഞ്ചായത്ത് പ്രതിനിധികൾ കെഎസ്ഇബി ഉദ്യോഗസ്ഥർ, രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുത്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ന്യൂന മർദ്ദം ശക്തി പ്രാപിക്കും, ഒപ്പം ന്യൂനമർദ്ദ പാത്തിയും; അഞ്ച് ജില്ലകളിൽ മുന്നറിയിപ്പ്, ചുട്ടുപൊള്ളുന്ന കേരളത്തിൽ മഴ പെയ്തേക്കും,
കണവ, ഞണ്ട്, ചൂര, ആകോലി, ചെങ്കലവ... വിൽപ്പനയ്ക്കെത്തിച്ചതെല്ലാം പഴയ മത്സ്യം, വർക്കല പുന്നമൂട് മാർക്കറ്റിൽനിന്നും പഴകിയ 400 കിലോ പിടികൂടി