ജനുവരിയിലെ ശമ്പളം വൈകി, എറണാകുളത്തെ കനിവ് 108 ആംബുലൻസ് ജീവനക്കാർ കൂട്ട അവധിയിൽ

By Web TeamFirst Published Feb 21, 2021, 2:47 PM IST
Highlights

എന്നാൽ ശമ്പളം ചൊവ്വാഴ്‌ചക്ക് മുൻപ് നൽകാൻ വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഇത് ജീവനക്കാരെ അറിയിച്ചിരുന്നുയെങ്കിലും ചിലർ മുന്നറിയിപ്പില്ലാതെ അനധികൃതമായി അവധിയെടുക്കുകയായിരുന്നു എന്ന് അധികൃതർ 

തിരുവനന്തപുരം: പോയ മാസത്തെ ശമ്പളം ലഭിക്കാൻ വൈകിയതിൽ പ്രതിഷേധിച്ച് ആലപ്പുഴക്ക് പുറമെ എറണാകുളം ജില്ലകളിലെയും കനിവ് 108 ആംബുലൻസ് ജീവനക്കാർ കൂട്ട അവധിയെടുത്ത് സമരത്തിൽ. ഇതോടെ എറണാകുളം ജില്ലയിലെ സൗജന്യ അടിയന്തര ആംബുലൻസ് സേവനവും ഭാഗീകമായി നിലച്ചു. 

ജനുവരി മാസത്തെ ശമ്പളം ലഭിക്കാൻ വൈകുന്നു എന്നാരോപിച്ചു ശനിയാഴ്ച മുതൽ ആണ് ആലപ്പുഴ ജില്ലയിലെ 108 ആംബുലൻസ് ജീവനക്കാർ മുന്നറിയിപ്പ് ഇല്ലാതെ കൂട്ട അവധിയെടുത്തത്. ഇതേ തുടർന്ന് ജില്ലയിലെ അടിയന്തിര ആംബുലൻസ് സേവനം നിലച്ചിരുന്നു. വൈകിട്ടോടെ പകരം ജീവനക്കാരെ വെച്ച് ചില ആംബുലൻസുകളുടെ സർവീസ് അധികൃതർ പുനഃസ്ഥാപിച്ചിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് ഇന്ന് രാവിലെ മുതൽ എറണാകുളം ജില്ലയിലെ ചില ജീവനക്കാർ കൂട്ട അവധിയെടുത്ത് ജോലിയിൽ നിന്ന് വിട്ടു നിക്കുന്നത്. 

എന്നാൽ ശമ്പളം ചൊവ്വാഴ്‌ചക്ക് മുൻപ് നൽകാൻ വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഇത് ജീവനക്കാരെ അറിയിച്ചിരുന്നുയെങ്കിലും ചിലർ മുന്നറിയിപ്പില്ലാതെ അനധികൃതമായി അവധിയെടുക്കുകയായിരുന്നു എന്ന് അധികൃതർ വ്യക്‌തമാക്കി. ട്രോമ കെയർ പദ്ധതിയുടെ ഭാഗമായി ആരംഭിച്ച അടിയന്തിര ആംബുലൻസ് സർവീസ്‌ നിലച്ചിട്ടും സംഭവത്തിൽ ആരോഗ്യവകുപ്പോ ജില്ലാ ഭരണകൂടമോ ഇടപെടാതത്തിൽ വ്യാപക പ്രതിഷേധം ഉയർന്നിരിക്കുകയാണ്.

ആലപ്പുഴ ജില്ലയിൽ ശനിയാഴ്‌ച 108 ആംബുലൻസ് ജീവനക്കാരുടെ കൂട്ട അവധിയെ തുടർന്ന് ചെങ്ങനൂർ സർക്കാർ ആശുപത്രിയിൽ നിന്ന് അടിയന്തിര ചികിത്സയ്ക്ക് കോട്ടയം മെഡിക്കൽ കോളേജിലേക്ക് ഡോക്ടർമാർ റെഫർ ചെയ്ത ഗർഭിണിയായ യുവതിയെ കൊണ്ട് പോകുന്നതിന് ഉൾപ്പടെ ജില്ലയിലെ 108 ആംബുലൻസിന്റെ സേവനം ലഭിക്കാത്തത് ഏഷ്യാനെറ്റ് ന്യൂസ് വർത്തയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് എറണാകുളം ജില്ലയിലെ ജീവനക്കാർ കൂട്ട അവധിയിലേക്ക് നീങ്ങിയത്. 

ജനുവരി മാസത്തെ ശമ്പളം അഞ്ചാം തിയതിയാണ് ലഭിക്കേണ്ടത്. എന്നാല്‍ ഇരുപതാം തിയതിയായിട്ടും ലഭിക്കാതായതോടെയാണ് ജീവനക്കാർ കൂട്ട അവധിയിലേക്ക് പ്രവേശിച്ചത്. ശമ്പളം ലഭിക്കാത്തതിനാല്‍ ജീവനക്കാര്‍ അവധിയിലാണെന്നും എന്നാല്‍ ഇത് സമരത്തിന്‍റെ ഭാഗമോ അസോസിയേഷനുമായി ബന്ധപ്പട്ടതോ അല്ലെന്നും കേരള 108 ആമ്പുലൻസ് എംപ്ലോയീസ് യൂണിയൻ സിഐടിയു ആലപ്പുഴ ജില്ലാ സെക്രട്ടറി സജിൻ കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞിരുന്നു.

ഹൈദരാബാദ് ആസ്ഥാനമായ സ്വകാര്യ കമ്പനിക്കാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. പദ്ധതിയുടെ ഉത്തരവാദിത്വമുള്ള കേരള മെഡിക്കൽ സർവീസ് കോർപറേഷനിൽ നിന്ന് പദ്ധതി നടത്തിപ്പിന്‍റെ ഫണ്ട് മാസങ്ങളായി മുടങ്ങിയതാണ്‌ പ്രതിസന്ധികൾക്ക് കാരണമെന്നും ആരോപണമുണ്ട്. സെപ്റ്റംബർ, ഒക്ടോബർ, നവംബർ, ഡിസംബർ ജനുവരി മാസങ്ങളുടെ നടത്തിപ്പ് തുക കേരള മെഡിക്കൽ സർവീസ് കോർപറേഷൻ കരാർ കമ്പനിക്ക് നൽകാൻ കുടിശിക ഉണ്ടെന്നും ഇതിന്റെ പേരിലാണ് കമ്പനി ശമ്പളം വൈകിക്കുന്നതെന്നും ജീവനക്കാർ ആരോപിക്കുന്നു. 

click me!