
ഇടുക്കി: പള്ളിവാസല്‍ പവ്വര്‍ ഹൗസിന് സമീപം ബന്ധുവിന്‍റെ കൊലക്കത്തിയില്‍ ഇല്ലാതായത് കൂലിപ്പണിക്കാരായ രണ്ട് മാതാപിതാക്കളുടെ ജീവിത സ്വപ്നങ്ങള്‍. സ്വന്തമായി ഒരു വീടും ജോലിയും സ്വപ്നം കണ്ട രേഷ്മയുടെ ഓര്‍മ്മയില്‍ വിതുമ്പുകയാണ് കുടുംബവും ഒരു നാടും.
വാടക വീടിന്‍റെ ഇടുങ്ങിയ മുറിക്കുള്ളില്‍ ഇരുന്ന് രേഷ്മ ഒരുപാട് സ്വപ്നങ്ങള്‍ നെയ്തിരുന്നു. ജനിച്ചത് മുതല്‍ വാടക വീട്ടില്‍ അന്തിയുറങ്ങുന്ന തനിക്ക് സ്വന്തമായി ഒരു വീട്, പൊരിവെയിലത്ത് തങ്ങള്‍ക്ക് വേണ്ടി കഷ്ടപ്പെടുന്ന മാതാപിതാക്കള്‍ ഒരു താങ്ങാകണം, അതിനായി പഠിച്ച് ഒരു ജോലി സമ്പാദിക്കണം ഇങ്ങനെ ഒത്തിരി ഒത്തിരി സ്വപ്നങ്ങള്‍.
എന്നാല്‍ അതെല്ലാം ബാക്കിവച്ച് രേഷ്മ വിടപറഞ്ഞതിന്‍റെ വേതനയില്‍ വിതുമ്പുകയാണ് മാതാപിതാക്കള്‍. രേഷ്മ വരച്ച ചിത്രങ്ങളും പാതി മറിച്ച് വച്ചിരിക്കുന്ന നോട്ട് ബുക്കും ഒരു വലിയ വേദനയായി ഈ വാടകവീട്ടില്‍ ഇന്ന് ബാക്കിയാണ്. രേഷ്മയുടെ ദാരുണമായ മരണത്തിന്‍റെ ഞെട്ടലിലാണ് പള്ളിവാസലെന്ന കുടിയേറ്റ ഗ്രാമവും.
രേഷ്മ കൊല്ലപ്പെട്ട സംഭവത്തിൽ അച്ഛന്‍റെ അർദ്ധസഹോദരനായി പൊലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. കോതമംഗലം സ്വദേശി അനു എന്ന ബന്ധു പെൺകുട്ടിയെ സ്കൂളിൽ നിന്ന് കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയത്തേക്ക് കൊണ്ടുപോകും.
ദിവസങ്ങൾക്ക് മുമ്പാണ് പള്ളിവാസൽ പവർഹൗസ് ഭാഗത്ത് പതിനേഴുകാരിയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബൈസണ്‍ വാലി ഹയർസെക്കന്ററി സ്കൂൾ വിദ്യാർത്ഥിനിയാണ് രേഷ്മ. സ്കൂൾ സമയം കഴിഞ്ഞിട്ടും കുട്ടി വീട്ടിൽ തിരിച്ചെത്താതായതോടെ മാതാപിതാക്കൾ വെള്ളത്തൂവൽ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുത്തേറ്റ നിലയിൽ കുട്ടി കിടക്കുന്നതായി വിവരം കിട്ടിയത്. ഉടനെ വെള്ളത്തൂവൽ സിഐയുടെ വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam