
പത്തനംതിട്ട: സാമ്പത്തിക ഞെരുക്കത്തിൽ ലൈഫ് വീട് നിർമ്മാണം സംസ്ഥാനത്താകെ പ്രതിസന്ധിയിലാകുമ്പോൾ റീബിൽഡ് പദ്ധതിപ്രകാരം പൂർത്തിയാക്കിയ വീടുകൾ ഗുണഭോക്താക്കൾക്ക് കൈമാറുന്നില്ല. പത്തനംതിട്ട അയിരൂരിൽ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് രണ്ട് വർഷം മുൻപ് പൂർത്തിയായ പത്ത് വീടുകളാണ് കാടുകയറി നശിക്കുന്നത്. സർക്കാർ വകുപ്പുകൾ തമ്മിലെ ഏകോപനമില്ലായ്മ മൂലം പെരുവഴിയിലായത് മഹാപ്രളയത്തിൽ വീട് നഷ്ടമായവരാണ്.
കാൻസർ രോഗിയായ പുഷ്പയുടെ ആകെയുണ്ടായിരുന്ന വീട് 2018 ലെ പ്രളയത്തിൽ തകർന്നുപോയി. റീബിൽഡിന്‍റെ ഭാഗമായി മുത്തൂറ്റ് ഗ്രൂപ്പിന്‍റെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് അയിരൂരിൽ നിർമ്മിക്കുന്ന വീടുകളിലൊന്ന് പുഷ്പയ്ക്ക് നൽകുമെന്നായിരുന്നു ജില്ലാ ഭരണകൂടത്തിന്‍റെ ഉറപ്പ്. ജില്ലാ ഭരണകൂടം കണ്ടെത്തിയ ഇറിഗേഷൻ വക ഭൂമിയിലാണ് മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് വീടുകൾ നിർമിച്ചത്. 2021 ൽ വീടുകൾ നിർമ്മാണം പൂർത്തിയാക്കി സർക്കാരിന് കൈമാറി. പക്ഷേ ഇറിഗേഷന്‍റെ പക്കലുള്ള ഭൂമി റവന്യൂ വകുപ്പിലേക്ക് ഇനിയും കൈമാറിയിട്ടില്ല.
പട്ടയരേഖയില്ലാതെ ഗുണഭോക്താക്കൾക്ക് വീട് കൈമാറിയാൽ വൈദ്യുതി, വാട്ടർ കണക്ഷൻ തുടങ്ങി ഒന്നും കിട്ടില്ല. വകുപ്പുകൾ തമ്മിലുള്ള ഈ തർക്കങ്ങളിൽ കുടുങ്ങി ഈ വീടുകൾ ഇങ്ങനെ കാടുമൂടിനശിക്കുകയാണ്. ലൈഫ് പദ്ധതിയിൽ പാതിവഴിയിൽ മുടങ്ങിയ വീടുകൾ പൂർത്തിയാക്കാൻ സാമ്പത്തിക പ്രതിസന്ധിയാണ് പല തദ്ദേശസ്ഥാപനങ്ങളും പറയുന്നത്. എന്നാൽ ഇവിടെ, പൂർത്തിയായ വീടുകൾ കൈമാറിക്കിട്ടാനും നെട്ടോട്ടത്തിലാണ് ആളുകൾ.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലൈഫ് പദ്ധതിയിലെ വീട് നിര്‍മ്മാണം നിലച്ച നിലയിലാണുള്ളത്. ഇടുക്കി കട്ടപ്പനക്കടുത്ത് വെള്ളയാംകുടിയിൽ മൂന്ന് വർഷം മുമ്പ് നിർമ്മാണം തുടങ്ങിയ ലൈഫ് ഫ്ലാറ്റ് സമുച്ചയത്തിന്‍റെ നിർമാണം ഇഴഞ്ഞ് നീങ്ങുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam