
കണ്ണൂർ: ജഡ്ജിക്കും അഭിഭാഷകർക്കും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്ന് തലശ്ശേരി കോടതിയിലെ മൂന്ന് കോടതികൾ രണ്ട് ദിവസത്തേക്ക് അടച്ചിടും. കോടതിയിലെത്തിയ അൻപതോളം പേർക്ക് പനിയും ശരീരവേദനയും അനുഭവപ്പെട്ടിരുന്നു. കൂട്ട പനി ബാധയുടെ പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പിൽ നിന്നുള്ള മെഡിക്കൽ സംഘം കോടതിയിലെത്തി പരിശോധന നടത്തി.
രണ്ട് നിലകളിലായി പ്രവർത്തിക്കുന്ന മൂന്ന് കോടതികളിൽ വന്നവർക്കാണ് ദേഹാസ്വാസ്ഥ്യം നേരിട്ടത്. ജഡ്ജിക്കും അഭിഭാഷകർക്കും കോടതി ജീവനക്കാർക്കും ആരോഗ്യപ്രശ്നങ്ങളുണ്ടായി. അലർജിക്ക് സമാനമായ ലക്ഷണങ്ങളാണ് പലരിലും കണ്ടത്. ഒരു ജഡ്ജി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണെന്നാണ് വിവരം.
പനിബാധയുടെ പശ്ചാത്തലത്തിലാണ് മെഡിക്കൽ സംഘം കോടതിയിലെത്തിയത്. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായവരുടെ രക്ത സാമ്പിളും സ്രവവും ശേഖരിച്ച മെഡിക്കൽ സംഘം ഇവ ആലപ്പുഴയിലെ റീജ്യണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനക്ക് അയച്ചു. മുൻകരുതൽ നടപടികളുടെ ഭാഗമായാണ് അഡീഷണൽ ജില്ലാ കോടതി രണ്ടും മൂന്നും പ്രിൻസിപ്പൽ സബ് കോടതിയും വെള്ളിയാഴ്ച വരെ പ്രവർത്തിക്കേണ്ടെന്ന് തീരുമാനിച്ചത്. തൊട്ടടുത്ത് പുതിയ കോടതി സമുച്ചയത്തിന്‍റെ പണി നടക്കുന്നുണ്ട്. അവിടെ നിന്നുളള പൊടിപടലങ്ങൾ കാരണമാണോ ആരോഗ്യപ്രശ്നങ്ങളെന്നും സംശയിക്കുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam