വെള്ളമുണ്ട ഇരട്ടക്കൊലപാതകം: ദുരൂഹതകള്‍ക്കുള്ള മറുപടികളായി

By Web TeamFirst Published Sep 20, 2018, 4:00 PM IST
Highlights

ഇരട്ടക്കൊലപാതകത്തിനു ശേഷം ഒരു ഹെല്‍മെറ്റും ചീര്‍പ്പും ഉണ്ടാക്കിയ ദുരൂഹത തെല്ലൊന്നുമല്ല അന്വേഷണ സംഘത്തെ കുഴക്കിയത്. അന്വേഷണത്തിന്റെ ആദ്യ ദിവസങ്ങളില്‍ സംഭവ സ്ഥലത്ത് നിന്ന് കിട്ടിയ ചീര്‍പ്പും ഹെല്‍മെറ്റുമായിരുന്നു പ്രചരിച്ച കഥകളിലെല്ലാം

കല്‍പ്പറ്റ: നാടിനെ മുഴുവന്‍ ഞെട്ടിച്ച സംഭവമായിരുന്നു മാനന്തവാടി വെള്ളമുണ്ടയിലെ ഇരട്ട കൊലപാതകം. കഴിഞ്ഞ ജൂലൈ ആറിന് പുലര്‍ച്ചെയാണ് തൊണ്ടര്‍നാട് കണ്ടത്തുവയല്‍ പൂരിഞ്ഞിയില്‍ വാഴയില്‍ ഉമ്മര്‍ (26) ഭാര്യ ഫാത്തിമ (19) എന്നിവരെ കൊലപ്പെടുത്തിയ നിലയില്‍ വീട്ടിലെ കിടപ്പുമുറിയില്‍ കണ്ടെത്തിയത്.

കേസിലെ അന്വേഷണം പല ഘട്ടത്തിലും വഴിമുട്ടി. പ്രതിക്ക് വേണ്ടി നാടായാ നാടെല്ലാം വലവിരിച്ച പൊലീസ് ഇക്കഴിഞ്ഞ ദിവസമാണ് കൊലപാതകം നടത്തിയ കോഴിക്കോട് തൊട്ടില്‍പ്പാലം കാവിലുംപാറ മരുതോറയില്‍ കലങ്ങോട്ടുമ്മല്‍ വിശ്വനാഥനെ പിടികൂടിയത്.

ഇതോടെ കേസില്‍ ദുരൂഹമായിരുന്ന പല കാര്യങ്ങള്‍ക്കും വ്യക്തത വന്നു. ഇരട്ടക്കൊലപാതകത്തിനു ശേഷം ഒരു ഹെല്‍മെറ്റും ചീര്‍പ്പും ഉണ്ടാക്കിയ ദുരൂഹത തെല്ലൊന്നുമല്ല അന്വേഷണ സംഘത്തെ കുഴക്കിയത്. അന്വേഷണത്തിന്റെ ആദ്യ ദിവസങ്ങളില്‍ സംഭവ സ്ഥലത്ത് നിന്ന് കിട്ടിയ ചീര്‍പ്പും ഹെല്‍മെറ്റുമായിരുന്നു പ്രചരിച്ച കഥകളിലെല്ലാം.

പൊലീസിന്റെ അന്വേഷണത്തില്‍ കാര്യങ്ങള്‍ വ്യക്തമായെങ്കിലും പലരും ആ ഹെല്‍മെറ്റിനെക്കുറിച്ച് കഥകള്‍ മെനഞ്ഞു കൊണ്ടേയിരുന്നു. യഥാര്‍ഥ കൊലയാളിയെ പൊലീസ് പിടിച്ചപ്പോള്‍ അതില്‍ ഏറ്റവും ആശ്വസിച്ചത് ഉമ്മറിന്റെ അയല്‍വാസിയും സിപിഎം കണ്ടത്തുവയല്‍ ബ്രാഞ്ച് സെക്രട്ടറിയുമായ എച്ച്. അസീസാണ്.

രണ്ടു മാസമായി തീ തിന്നുകയായിരുന്നു ഇദ്ദേഹം. മകനെയും മരുമകളെയും മരിച്ച നിലയില്‍ കണ്ടെത്തിയപ്പോഴുള്ള ഉമ്മ ആയിഷയുടെ നിലിവിളി കേട്ടാണ് അസീസിന്റെ മരുമകന്‍ ഉമ്മറിന്റെ വീട്ടിലെത്തുന്നത്. ഉടന്‍ തന്നെ അസീസിനെ വിവരമറിയിച്ചു. അദ്ദേഹവും വാഹനവുമായി കുതിച്ചെത്തി.

അന്നേരം അവിടെ മറന്ന് വെച്ച ഹെല്‍മെറ്റിനെ കേന്ദ്രീകരിച്ചാണ് പിന്നീട് പലതരത്തിലുള്ള കഥകള്‍ പ്രചരിച്ചത്. ഹെല്‍മെറ്റ് കരുവാക്കി ചിലര്‍ അസീസിനോട് വിരോധം തീര്‍ക്കുകയായിരുന്നെന്നും ആരോപണമുണ്ട്. അന്വേഷണോദ്യോഗസ്ഥനായ മാനന്തവാടി ഡിവൈ.എസ്.പി. കെ.എം. ദേവസ്യ സ്ഥലത്തെത്തി ഹെല്‍മെറ്റിന്റെ ഉടമയെ അന്വേഷിച്ചിരുന്നു.

ഈ സമയം അസീസ് അവിടെയുണ്ടായിരുന്നില്ല. തുടര്‍ന്ന് അദ്ദേഹം വെള്ളമുണ്ട സ്‌റ്റേഷനിലെത്തി സംഭവിച്ച കാര്യങ്ങള്‍ പൊലീസിനെ അറിയിച്ചു. ഇക്കാര്യങ്ങള്‍ ഉറപ്പ് വരുത്താനായി അഞ്ചു തവണയോളം മൊഴിയെടുക്കുകയും പ്രചരിക്കുന്ന കഥകളില്‍ കഴമ്പില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.

അതേ സമയം, സംഭവസ്ഥലത്തുനിന്ന് ലഭിച്ച ചീര്‍പ്പ് പ്രതി വിശ്വനാഥന്റേതാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. കൃത്യം കഴിഞ്ഞ് രക്ഷപ്പെടുന്നതിനിടെ പോക്കറ്റില്‍ നിന്ന് വീണ ചീര്‍പ്പ് കൊലപാതകി തിരികെ എടുക്കാത്തത് പക്ഷേ പൊലീസ് തെളിവാക്കി കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.

കൃത്യം നടത്തിയതിന്റെ തലേന്ന് കുറ്റിയാടിയില്‍നിന്ന് 6.45ന് പുറപ്പെട്ട കെഎസ്ആര്‍ടിസി ബസില്‍ കയറിയാണ് വിശ്വനാഥന്‍ പൂരിഞ്ഞിയില്‍ വന്നിറങ്ങിയതെന്ന് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. കൃത്യം നടത്തിയത് ജൂലെെ ആറിന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ്. അതിനാല്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ കെഎസ്ആര്‍ടിസിയെയും പൊലീസ് സമീപിച്ചേക്കും. ബസ് തിരിച്ചറിഞ്ഞ് അന്നുണ്ടായിരുന്ന ജീവനക്കാരില്‍ നിന്ന് തെളിവെടുക്കും.

click me!