
ശബരിമല: ശബരിമലയിലെ ഉരക്കുഴി വെള്ളച്ചാട്ടത്തിലേക്ക് പോകുന്നത് കഴിവതും ഒഴിവാക്കണമെന്ന് ഭക്തരോടഭ്യർഥിച്ച് വനംവകുപ്പ്. പ്രദേശത്ത് വന്യജീവി ആക്രമണം വർധിക്കുന്ന സാഹചര്യത്തിലും അപകടങ്ങൾ വർധിക്കുന്നതിനാലും സന്നിധാനം സ്‌പെഷ്യൽ ഡ്യൂട്ടി റേഞ്ച് ഓഫീസർ അരവിന്ദ് ബാലകൃഷ്ണനാണ് ഭക്തർക്ക് ജാഗ്രതാ നിർദേശം നൽകിയത്. കാനനപാതയിലൂടെ വരുന്ന തീർത്ഥാടകരിൽ പലരും ഉരക്കുഴി തീർത്ഥത്തിൽ മുങ്ങിക്കുളിച്ച ശേഷമാണ് സന്നിധാനത്തേക്കെത്തുന്നത്. പാണ്ടിത്താവളത്ത് നിന്നും 400 മീറ്ററിൽ താഴെ മാത്രമകലത്തിലാണ് ഉരക്കുഴി വെള്ളച്ചാട്ടം.
വന്യജീവി സംരക്ഷണ നിയമപ്രകാരം തന്നെ പ്രവേശനത്തിന് നിയന്ത്രണമുള്ള പ്രദേശമാണിതെന്ന് റേഞ്ച് ഓഫീസർ പറഞ്ഞു. ഉരക്കുഴി ഭാഗത്തേക്ക് ഭക്തർ കടന്നുപോയി അപകടങ്ങൾ വരുന്നത് ഇപ്പോൾ സ്ഥിരമായിരിക്കുകയാണ്. എല്ലാ ദിവസവും സന്ധ്യാസമയം ആകുമ്പോഴേക്കും ആനകൾ കൂട്ടത്തോടെ, കുട്ടികൾ അടക്കം ഈ ഭാഗത്തേക്ക് ഇറങ്ങാറുണ്ട്. കഴിയുന്നതും ഭക്തർ അങ്ങോട്ട് പോകാതിരിക്കാൻ ശ്രദ്ധിക്കണം. വെള്ളച്ചാട്ടത്തിലേക്ക് പോകുന്ന വഴി ചരിഞ്ഞതും വഴുക്കലുള്ളതുമാണ്. ആളുകൾ വീണു കഴിഞ്ഞാൽ ഗുരുതരമായി പരിക്കേൽക്കാൻ സാധ്യതയുണ്ട്. തീർഥാടകരുടെ സുരക്ഷയാണ് പ്രധാനമെന്നും നിർദേശം പാലിച്ച് എല്ലാവരും സഹകരിക്കണമെന്നും അരവിന്ദ് ബാലകൃഷ്ണൻ കൂട്ടിച്ചേർത്തു.
പമ്പാനദിയുടെ കൈവഴിയിലെ കുമ്പളം തോട്ടിൽനിന്ന് പാറക്കെട്ടുകൾക്കിടയിലൂടെ താഴേക്കു പതിക്കുന്ന വെള്ളച്ചാട്ടത്തിനു കീഴെയാണ് ഉരക്കുഴി തീർഥം. വെള്ളം സ്ഥിരമായി പതിച്ച പാറ ഉരൽപോലെ കുഴിയായെന്നും ഉരൽക്കുഴി ലോപിച്ച് ഉരക്കുഴി ആയെന്നുമാണ് ഭക്തർ വിശ്വാസിക്കുന്നത്. ഒരുസമയം ഒരാൾക്ക് മാത്രമാണിവിടെ മുങ്ങിക്കുളിക്കാൻ സാധിക്കുക. ഉരൽക്കുഴിയിലെ കുളി പാപനാശിനിയാണെന്നു ഭക്തർ വിശ്വസിക്കുന്നു. അയ്യപ്പദർശനത്തിനു മുൻപും ദർശനത്തിനു ശേഷവും ഇവിടെയത്തി മുങ്ങിക്കുളിച്ചാൽ പാപമോക്ഷം നേടുമെന്നാണ് വിശ്വാസം. ഉരക്കുഴി കാണാനും കുളിക്കാനുമായി ഒട്ടേറെ ഭക്തരാണ് ഇവിടെയെത്തുന്നത്. മഹിഷീ നിഗ്രഹത്തിനുശേഷം അയ്യപ്പൻ ഈ കാനനതീർഥത്തിൽ മുങ്ങിക്കുളിച്ചു സന്നിധിയിൽ എത്തിയെന്നാണു വിശ്വാസം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam