
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെള്ളമില്ലാത്തതിനെ തുടർന്ന് ചികിത്സമുടങ്ങി. ഡയാലിസിസ് യൂണിറ്റിന്‍റെ പ്രവർത്തനമാണ് നിർത്തിവെച്ചത്. കൂളിമാടുകുന്ന് പ്ലാന്‍റിൽ നിന്ന് വെള്ളമെത്തിക്കുന്ന പൈപ്പ് പൊട്ടിയതോടെയാണ് രണ്ട് ദിവസമായി ജലവിതരണം മുടങ്ങിയത്. ആവശ്യത്തിന് വെള്ളം എത്താതായതോടെയാണ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ ഡയാലിസിസ് ചികിത്സ മുടങ്ങിയത്. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഡയാലിസിസ് ചെയ്യേണ്ട അൻപതോളം രോഗികളാണ് ഇതോടെ ദുരിതത്തിലായിരിക്കുന്നത്.
അറിയിപ്പ് കിട്ടിയ ശേഷം ചികിത്സക്ക് എത്തിയാൽ മതിയെന്നാണ് ഇവർക്ക് കിട്ടിയ നിർദ്ദേശം. വെള്ളം എത്താതായത് ലാബിന്‍റെ പ്രവർത്തനത്തേയും ബാധിച്ചു. പ്രാഥമിക ആവശ്യം പോലും നിറവേറ്റനാകാതെ വലയുകയാണ് മറ്റ് വിഭാഗങ്ങളിൽ ചികിത്സക്കെത്തിയ രോഗികളും കൂട്ടിരിപ്പുകാരും. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒരു ദിവസം 60 ലക്ഷം ലിറ്റർ വെള്ളം ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്.
ജലവിതരണം മുടങ്ങിയതോടെ പരിഹാരമായി ഇവിടെ എത്തിക്കുന്നതാകട്ടെ ഏകദേശം 15 ലക്ഷം ലിറ്റർ വെള്ളവും. കൂളിമാടുകുന്ന് പമ്പിങ് സ്റ്റേഷനിൽ നിന്ന് മെഡിക്കൽ കോളേജിലേക്കും പരിസരത്തേക്കും വെള്ളം പമ്പ് ചെയ്യുന്ന പൈപ്പ് പൊട്ടിയതാണ് ജല വിതരണം മുടങ്ങാൻ കാരണം. അഞ്ചര മീറ്റർ നീളത്തിൽ പൈപ്പ് ഉടൻ മാറ്റി സ്ഥാപിക്കാനാകുമെന്നാണ് പ്രതീക്ഷ. വെള്ളം എത്തിക്കാൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ചികിത്സ മുടങ്ങില്ലെന്നുമാണ് ആശുപത്രി സൂപ്രണ്ടിന്‍റെ വിശദീകരണം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam