
മൂന്നാർ: മൂന്നാര്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി മാസങ്ങള്‍ പിന്നിട്ടിട്ടും ഇടുക്കി പന്നിയാറില്‍ കാട്ടാന തകര്‍ത്ത റേഷന്‍ കട പുനര്‍നിർമിക്കുവാന്‍ കമ്പനി തയ്യാറാകാത്തതിനെതിരെ ട്രേഡ് യൂണിയന്‍ നേതൃത്വത്തില്‍ പണിമുടക്കി സമരം സംഘടിപ്പിച്ചു. പത്തുദിവസത്തിനുള്ളില്‍ റേഷന്‍ കട പുനര്‍ നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന ഉറപ്പിനെ തുടര്‍ന്ന് സമരം അവസാനിപ്പിച്ചു. അരികൊമ്പന്റെ തുടര്‍ച്ചയായ ആക്രമണങ്ങളെ തുടര്‍ന്നാണ് റേഷന്‍ കട തകര്‍ന്നത്. കഴിഞ്ഞ ഫെബ്രുവരി ഒന്നാം തീയതിയാണ് ശാന്തന്‍പാറയില്‍ ഇടുക്കി ജില്ലാ കളക്ടര്‍ പങ്കെടുത്ത യോഗം ചേര്‍ന്നത്.
യോഗത്തിലെത്തിയ എച്ച് എം എല്‍ കമ്പനി അധികൃതരോട് റേഷന്‍ കടക്കായി സുരക്ഷിതമായ കെട്ടിടം നിര്‍മ്മിക്കണമെന്നും രണ്ടുമാസത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതിനുശേഷം മാസങ്ങള്‍ പിന്നിടുമ്പോഴും കെട്ടിടം പുനര്‍ നിര്‍മ്മിക്കുന്നതിന് ഒരുവിധ നടപടിയും കമ്പനി അധികൃതര്‍ സ്വീകരിച്ചിട്ടില്ല. റേഷന്‍ കടക്ക് സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് വനം വകുപ്പ് ഫെന്‍സിംഗ് നടപടികള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു. എന്നിട്ടും കമ്പനി അധികൃതര്‍ മുഖം തിരിക്കുന്ന നടപടിക്കെതിരെയാണ് ഐക്യ ട്രേഡ് യൂണിയന്‍ നേതൃത്വത്തില്‍ തോട്ടം തൊഴിലാളികള്‍ പണിമുടക്കി സമര രംഗത്തേക്ക് എത്തിയത്.
അരിക്കൊമ്പനെ കൂട്ടിലാക്കും; നടപടികള്‍ വേഗത്തിലാക്കി വനംവകുപ്പ്, മരങ്ങള്‍ മുറിച്ച് തുടങ്ങി
കമ്പനി ഓഫീസില്‍ മുമ്പില്‍ തോട്ടം തൊഴിലാളികള്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടര്‍ന്ന് കമ്പനി അധികൃതര്‍ യൂണിയന്‍ നേതാക്കളുമായി ചര്‍ച്ച നടത്തി. 10 ദിവസത്തിനുള്ളില്‍ റേഷന്‍കട പുനര്‍ നിര്‍മ്മിച്ച പ്രവര്‍ത്തനം ഇതിലേക്ക് മാറ്റുന്ന നടപടി സ്വീകരിക്കുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തില്‍ സമരം അവസാനിപ്പിക്കുകയായിരുന്നു. അതേസമയം കമ്പനി ഉറപ്പ് പാലിച്ചില്ലെങ്കില്‍ സമരം ശക്തമാക്കി മുന്നോട്ടു പോകുമെന്നും യൂണിയന്‍ നേതാക്കള്‍ വ്യക്തമാക്കി. ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ വേഗത്തില്‍ ആക്കുന്നതിന് ഭാഗമായി കമ്പനി അധികൃതര്‍ റേഷന്‍കട പുനര്‍ നിര്‍മ്മിക്കുന്നതിന് എസ്റ്റിമേറ്റ് അടക്കം തയ്യാറാക്കി കരാര്‍ നല്‍കുന്നതിനുള്ള നടപടികളും സ്വീകരിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam