
കോഴിക്കോട്: കോഴിക്കോട് എലത്തൂരിൽ എച്ച്പിസിഎൽ സംഭരണശാലയിൽ നിന്ന് ചോർന്ന ഡീസൽ കുപ്പിയിലാക്കാൻ നാട്ടുകാരുടെ നെട്ടോട്ടം. വീടിൻ്റെ സമീപത്തെ ഓവുചാലിലൂടെ ഡീസലൊഴുകിയതോടെയാണ് നാട്ടുകാർ കുപ്പിയുമായി ഇറങ്ങിയത്. പൊന്നുംവിലയുള്ള ഡീസൽ വെറുതെ കിട്ടിയാൽ വെറുതെ കളയണോ എന്നാണ് നാട്ടുകാരുടെ ചോദ്യം. എലത്തൂരിലെ ഡീസൽ കുപ്പിയിലാക്കൽ ആ ഡീസൽ ഉപയോഗിക്കാമോ ? ഡീസല്ലേ, നല്ല വിലയല്ലേ, വെറുതെ പാഴാക്കണോ എന്ന ചോദ്യവുമുയർന്നു. അങ്ങനെയാണ് ആളുകൾ കുപ്പിയുമെടുത്ത് ഇറങ്ങിയത്.
വെള്ളത്തിൻ്റെ കലർപ്പില്ലാത്ത ഡീസൽ കിട്ടാൻ തുടങ്ങിയതോടെ ആളുകൂടി. കിട്ടിയ ഡീസൽ സുരക്ഷിതമാക്കി സൂക്ഷിച്ചു. ചോർച്ച നിലച്ചെന്ന് പറഞ്ഞ് എച്ച്പിസിഎൽ ഇന്നലെ രാവിലെ 7 മണിയോടെ എല്ലാം നിർത്തി പോയപ്പോഴാണ് ഇതെല്ലാം സംഭവിച്ചത്. നാട്ടുകാർ ഓവ് സ്ലാബുകൾ തുറന്നപ്പോഴാണ് ഡീസലൊഴുക്ക് കണ്ടത്. പിന്നെ കുപ്പിലാക്കലായിരുന്നു ജോലി. 12 ഓളം ബാരലുകളിലാണ് ഒഴുകി എത്തിയ ഡീസൽ കോരിഎടുത്ത് മാറ്റിയത്. എച്ച്പിസിഎൽ പ്ലാൻ്റിലെ ഇന്ധന സംഭരണിയിൽ സാധാരണ ഇന്ധനം നിറയാറാകുമ്പോൾ ഒരു സൈറൺ മുഴങ്ങാറുണ്ട്.
ഇന്ന് ഈ സൈറൺ മുഴങ്ങിയില്ല. സംഭരണി നിറഞ്ഞ് ഡീസൽ ഇതേ തുടർന്ന് പുറത്തേക്കൊഴുകി. ഓടയിലും പുറത്തേക്കും ഡീസൽ ഒഴുകി. മണം തിരിച്ചറിഞ്ഞാണ് ആദ്യം നാട്ടുകാർ ചോർച്ച മനസിലാക്കിയത്. പിന്നാലെ വലിയ പ്രതിഷേധമുണ്ടായി. നാട്ടുകാർ സജീവമായി ഇറങ്ങിയാണ് ഓവുചാലിൽ നിന്ന് ഡീസൽ കോരിമാറ്റിയത്.