
കൊച്ചി: വിവാഹ വാഗ്ദാനം നൽകി ഭിന്നശേഷിക്കാരിയായ യുവതിയിൽ നിന്ന് സ്വർണവും പണവും അപഹരിച്ച പ്രതി അറസ്റ്റിൽ. കണ്ണൂർ തലശ്ശേരി എസ്എ വീട്ടിൽ മുഹമ്മദ് റിസ്വാൻ (26) ആണ് പിടിയിലായത്. ഏലൂർ സ്വദേശിനിയായ ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട് സൗഹൃദത്തിൽ ആയതിനുശേഷമായിരുന്നു തട്ടിപ്പ്.
സാമ്പത്തികമായി ബുദ്ധിമുട്ടുണ്ടെന്നും സഹായിക്കണമെന്നും പറഞ്ഞു വിശ്വസിപ്പിച്ച് പെൺകുട്ടിയുടെ കൈയ്യിൽ നിന്നും പലതവണകളായി നാലു പവൻ സ്വർണവും പണവും കൈപ്പറ്റിയ ശേഷം വിവാഹ വാഗ്ദാനത്തിൽ നിന്നും പിന്മാറുകയായിരുന്നു.
തുടർന്ന് യുവതി നൽകിയ പരാതിയിൽ ഏലൂർ പൊലീസ് ഇൻസ്പെക്ടർ കെ ബാലന്റെ നേതൃത്വത്തിൽ എസ് ഐ മാരായ അമൽ, ഷെജിൽ കുമാർ സിവിൽ പൊലീസ് ഓഫീസർമാരായ ജിജോ, ബിജു എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതി സമാന കുറ്റകൃത്യങ്ങൾ മുൻപ് ചെയ്തിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരികയാണ്.
അതേസമയം, പട്ടാളത്തിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതിയെ ആലപ്പുഴ സൗത്ത് പൊലീസ് പിടികൂടി. ആലപ്പുഴ സനാതനപുരം പതിനഞ്ചിൽചിറ വീട്ടിൽ ശ്രുതിമോൾ (24) ആണ് അറസ്റ്റിലായത്. പട്ടാളത്തിലാണ് ജോലി എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് യുവതി പരാതിക്കാരിൽ നിന്ന് പണം തട്ടിയെടുത്തത്. പകുതി പണം നാട്ടിൽ വച്ചും ബാക്കി തുക ദില്ലിയിലേക്കും മറ്റ് സ്ഥലങ്ങളിലേക്കും വിളിച്ച് വരുത്തിയതിന് ശേഷവുമാണ് കൈക്കലാക്കിയത്. പട്ടാള വേഷത്തിൽ വന്ന് പരാതിക്കാരിൽ നിന്നും പണം വാങ്ങുന്നതായിരുന്നു ഇവരുടെ രീതി. പണം നൽകിയ ആളുകൾ ജോലി കിട്ടാതെ വന്നതിനെ തുടർന്നാണ് സ്റ്റേഷനിൽ പരാതിയുമായി വന്നത്. കൂടുതൽ പ്രതികൾ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. കോടതിയൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.