ഭക്ഷ്യവസ്തുക്കള്‍ അനധികൃതമായി കൈവശം വച്ച് വ്യാപാരി; കണ്ടുകെട്ടാന്‍ കോഴിക്കോട് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം

By Web TeamFirst Published Apr 7, 2020, 9:24 PM IST
Highlights

നേന്ത്രപ്പഴം, തക്കാളി, എന്നിവയ്ക്ക് അമിതവില ഈടാക്കുന്നതായി കണ്ടെത്തി. നേന്ത്രപ്പഴത്തിന്റെ വില കിലോയ്ക്ക് 45 രൂപയില്‍ നിന്ന് 30 രൂപയായും തക്കാളിക്ക് 16 രൂപയില്‍നിന്നും 12 രൂപയുമായി കുറപ്പിച്ചു. 

കോഴിക്കോട്: കൊടുവള്ളിയിലെ വ്യാപാരിയുടെ വീട്ടില്‍ അനധികൃതമായി സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയ ഭക്ഷ്യവസ്തുക്കള്‍ കണ്ടുകെട്ടാന്‍ ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം. ഏപ്രില്‍ രണ്ടിന് സിവില്‍ സപ്ലൈസ് വകുപ്പും വിജിലന്‍സും വ്യാപാരിയുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് 21 ക്വിന്റലിലധികം ഭക്ഷ്യവസ്തുക്കള്‍  പിടിച്ചെടുത്തത്. 

ഭക്ഷ്യവസ്തുക്കള്‍ ആളുകള്‍ക്ക് സൗജന്യകിറ്റ് വിതരണത്തിനായി സൂക്ഷിച്ചതാണെന്ന ഉടമയുടെ വാദം അംഗീകരിച്ചില്ല. കണ്ടുകെട്ടിയ സാധനങ്ങള്‍ കൊടുവള്ളി സപ്ലൈകോ ഡിപ്പോ വഴി വില്പന നടത്തി തുക സര്‍ക്കാരിലേക്ക് അടക്കാനാണ് ഉത്തരവിലെ നിര്‍ദ്ദേശം.    

കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, അമിതവില എന്നിവ കണ്ടെത്തുന്നതിനായി ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം വടകര താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ രൂപീകരിച്ച സ്‌ക്വാഡ് തീക്കുനി, പെരുമുണ്ടച്ചേരി, അരൂര്‍, വില്യാപ്പള്ളി എന്നിവിടങ്ങളില്‍ പരിശോധന നടത്തി. നേന്ത്രപ്പഴം, തക്കാളി, എന്നിവയ്ക്ക് അമിതവില ഈടാക്കുന്നതായി കണ്ടെത്തി. നേന്ത്രപ്പഴത്തിന്റെ വില കിലോയ്ക്ക് 45 രൂപയില്‍ നിന്ന് 30 രൂപയായും തക്കാളിക്ക് 16 രൂപയില്‍നിന്നും 12 രൂപയുമായി കുറപ്പിച്ചു. 

ഇവിടങ്ങളിലെല്ലാം വിലനവിവരപ്പട്ടിക പ്രദര്‍ശിപ്പിച്ച ശേഷമേ തുടര്‍ന്ന് കച്ചവടം നടത്താവൂ എന്ന കര്‍ശന നിര്‍ദേശവും നല്‍കി. വടകരയിലെ പ്രധാന സൂപ്പര്‍നമാര്‍ക്കറ്റുകളില്‍ കളക്ടര്‍ നിര്‍ദേശിച്ചതിലും കൂടുതലായി വില ഈടാക്കുന്നതായി പരാതി ലഭിച്ചിരുന്നു. ഇവിടങ്ങളില്‍ നിശ്ചിത വിലയ്ക്ക്  മാത്രമേ വില്പന നടത്താവൂ എന്ന് കര്‍ശന നിര്‍ദേശം നല്‍കി. മൈദയ്ക്ക് 45 രൂപ ഈടാക്കിയ സ്ഥലങ്ങളില്‍ വില 35 രൂപയാക്കി കുറപ്പിച്ചു. 

സൗജന്യ റേഷന്‍ വിതരണത്തിന്റെ ഏഴാം ദിവസമായ ഇന്നുവരെയായി താലൂക്കില്‍ 148430 ആളുകള്‍ (87.19% പേര്‍) റേഷന്‍ വാങ്ങിയിട്ടുണ്ടെന്ന് വടകര താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. കോഴിക്കോട് താലൂക്കിലെ പൂവാട്ടുപറമ്പ്, പെരുമണ്ണ, ഫറോക്ക്, പുറക്കാട്ടിരി, അണ്ടിക്കോട്, അന്നശ്ശേരി, എടക്കര, പാവണ്ടൂര്‍  തുടങ്ങിയ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പച്ചക്കറി വില്പന ശാലകള്‍, പലവ്യഞ്ജന കടകള്‍, ഫ്രൂട്ട് സ്റ്റാളുകള്‍, ഫിഷ് മാര്‍ക്കറ്റുകള്‍, ചിക്കന്‍ സ്റ്റാളുകള്‍, മെഡിക്കല്‍ സ്‌റ്റോറുകള്‍, ബേക്കറികള്‍ എന്നിവിടങ്ങളില്‍  കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസറും റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരും പരിശോധന നടത്തി.  

വില്പന വില പ്രദര്‍ശിപ്പിക്കാത്ത വ്യാപാരികള്‍ക്കും അമിത വില ഈടാക്കിയ വ്യാപാരികള്‍ക്കും നോട്ടീസ് നല്‍കി. അവശ്യ സാധനങ്ങള്‍ക്ക് ഏകീകൃത വില ഈടാക്കുന്നതിന് നടപടികള്‍ എടുത്തു. കൂടുതല്‍ വില ഈടാക്കുന്നതായി ശ്രദ്ധയില്‍പെട്ട വ്യാപാരികള്‍ക്ക് വില കുറക്കുന്നതിന് കര്‍ശന നിര്‍ദ്ദേശം നല്‍കുകയും പുതുക്കിയ വില വിലവിവര പട്ടികകളില്‍ രേഖപ്പെടുത്തുകയും ചെയ്തു. പരിശോധനയില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ ശ്രീജ. എന്‍.കെ, റേഷനിങ് ഇന്‍സ്‌പെക്ടര്‍  കെ. ബാലകൃഷ്ണന്‍, കെ. അനൂപ്, ജീവനക്കാരനായ  പി. കെ. മൊയ്തീന്‍ കോയ എന്നിവര്‍ പങ്കെടുത്തു. 

അഴിയൂരിലെ കമ്മ്യൂണിറ്റി കിച്ചണ് പെന്‍ഷണര്‍മാരുടെ സഹായം

അഴിയൂര്‍ ഗ്രാമ പഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചണ് കേരള സര്‍വ്വീസ് പെന്‍ഷണേഴ്‌സ് യൂണിയന്‍ അഴിയൂര്‍ യൂണിറ്റ് 5000 രൂപ സംഭവാന നല്‍കി. ഭാരവാഹികളായ വി.പി.സുരേന്ദ്രന്‍, കെ.പി.രാധാകൃഷ്ണന്‍ എന്നിവര്‍ പഞ്ചായത്ത് പ്രസിഡണ്ട് വി.പി.ജയന്‍, സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ് എന്നിവര്‍ക്ക് തുക കൈമാറി.
 

click me!