Covid 19 : ടിപിആർ 35 കടന്നു; എറണാകുളത്ത് കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കി

By Web TeamFirst Published Jan 18, 2022, 1:09 AM IST
Highlights

ജനപ്രതിനിധികളുടെയും തദ്ദേശ സ്ഥാപന പ്രതിനിധികളുടെയും യോഗം ഉടൻ ചേർന്ന് കൂടുതൽ നിയന്ത്രണങ്ങളെ പറ്റി ആലോചിക്കും. 

കൊച്ചി: ടിപിആർ 35 കടന്നതോടെ എറണാകുളത്ത് കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കി ജില്ലഭരണകൂടം. കൊവിഡ് ടെസ്റ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ മന്ത്രി പി.രാജീവിന്‍റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. ഷോപ്പിംഗ് മാളുകളിലെ പ്രവേശനത്തിനും നിയന്ത്രണം കർശനമാക്കി.

സംസ്ഥാനത്തെ വാണിജ്യ തലസ്ഥാനമായ കൊച്ചി ഉൾപ്പെടുന്ന എറണാകുളം ജില്ലയിൽ 4,100 ആണ് കഴിഞ്ഞ ദിവസത്തെ കൊവിഡ് രോഗികൾ. കഴിഞ്ഞ ജനുവരി ഒന്നിന് 400 കൊവിഡ് കേസുകൾ മാത്രം റിപ്പോർട്ട് ചെയ്ത ഇടത്ത് നിന്നാണ് ഈ മാറ്റം. ഈ സാഹചര്യത്തിലാണ് ജില്ലയിലെ കൊവി‍ഡ് ടെസ്റ്റുകളുടെ എണ്ണം കൂട്ടാനുള്ള നീക്കം. 

ജനപ്രതിനിധികളുടെയും തദ്ദേശ സ്ഥാപന പ്രതിനിധികളുടെയും യോഗം ഉടൻ ചേർന്ന് കൂടുതൽ നിയന്ത്രണങ്ങളെ പറ്റി ആലോചിക്കും. ആരാധനാലയങ്ങളിലെ പരിപാടികൾക്ക് നിയന്ത്രണം ഏർപ്പെടുത്താനും മന്ത്രി പി.രാജീവിന്‍റെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗം തീരുമാനിച്ചു.

ജില്ലയിൽ 117 കൊവിഡ് രോഗികളാണ് അത്യാഹിത വിഭാഗത്തിൽ ചികിത്സയിലുള്ളത്. കേസുകൾ പെരുകുന്നുണ്ടെങ്കിലും ഗുരുതരാവസ്ഥയിൽ ആകുന്നവരുടെ എണ്ണം പഴയ പോലെ കൂടാത്തത് ആശ്വാസകരമാണ്. 

നിലവിൽ ആയിരത്തിലധികം ഐസിയു-ഓക്സിജൻ കൊവിഡ് കിടക്കകൾ ജില്ലയിലുണ്ട്. എന്നാൽ പഴയ പോലെ ആളുകൾ ജാഗ്രത പാലിക്കാത്തത് ആശങ്ക സൃഷ്ടിക്കുന്നു. ഒമിക്രോൺ നിസ്സാരമെന്ന നിഗമനത്തിൽ രോഗികൾ ക്വാറന്‍റൈൻ പാലിച്ചില്ലെങ്കിൽ സ്ഥിതി കൈവിട്ട് പോകുമോ എന്ന ആശങ്കയിലാണ് ജില്ലഭണകൂടം.

click me!