രക്ഷാപ്രവര്‍ത്തനത്തിനിടെ പരിക്കേറ്റ മത്സ്യതൊഴിലാളിക്ക് സഹായ ഹസ്തവുമായി ജില്ലാ കളക്ടര്‍

By Web TeamFirst Published Oct 24, 2018, 6:27 AM IST
Highlights

ഭവന നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിനായി നാല് ലക്ഷം രൂപയുടെ ധനസഹായം കളക്ടര്‍ ഉറപ്പ് നല്‍കി. ഇതോടൊപ്പം അടിയന്തിരമായി ഒരു ലക്ഷം രൂപയും ഇവര്‍ക്കു നല്‍കും. ജില്ലാ കളക്ടറുടെ സ്വകാര്യ സുഹൃത്ത്‌വലയത്തില്‍ നിന്നാണ് ഈ തുക കണ്ടെത്തി നല്‍കുന്നത്. ഇതോടൊപ്പം രത്‌നകുമാറിന്റെ ഭാര്യക്ക് മത്സ്യഫെഡ്ഡില്‍ ജോലി ലഭിക്കുന്നതിനു വേണ്ട എല്ലാ സഹായങ്ങളും കളക്ടര്‍ വാഗ്ദാനം ചെയ്തു.

ആറാട്ടുപുഴ: ആലപ്പുഴ ജില്ലയിലെ പ്രളയ ബാധിത പ്രദേശങ്ങളില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനിടെ പരിക്കേറ്റ മത്സ്യ തൊഴിലാളിയെ ജില്ലാ കളക്ടര്‍ എസ്. സുഹാസ്  സന്ദര്‍ശിച്ചു. ഓഗസ്റ്റ് 16ന് ചെങ്ങന്നൂര്‍ പാണ്ടനാട് പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടയില്‍ പരിക്കേറ്റ ആറാട്ടുപുഴ കള്ളിക്കാട് മുണ്ടുചിറയില്‍ രത്‌നകുമാറിന്റെ വീട്ടിലാണ് കളക്ടര്‍ സന്ദര്‍ശനം നടത്തിയത്.

ഭവന നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിനായി നാല് ലക്ഷം രൂപയുടെ ധനസഹായം കളക്ടര്‍ ഉറപ്പ് നല്‍കി. ഇതോടൊപ്പം അടിയന്തിരമായി ഒരു ലക്ഷം രൂപയും ഇവര്‍ക്കു നല്‍കും. ജില്ലാ കളക്ടറുടെ സ്വകാര്യ സുഹൃത്ത്‌വലയത്തില്‍ നിന്നാണ് ഈ തുക കണ്ടെത്തി നല്‍കുന്നത്. ഇതോടൊപ്പം രത്‌നകുമാറിന്റെ ഭാര്യക്ക് മത്സ്യഫെഡ്ഡില്‍ ജോലി ലഭിക്കുന്നതിനു വേണ്ട എല്ലാ സഹായങ്ങളും കളക്ടര്‍ വാഗ്ദാനം ചെയ്തു. 

രക്ഷാപ്രവര്‍ത്തനത്തിനിടെ വയറിലും കാലിലുമേറ്റ ഗുരുതരമായ പരിക്കുമായി 40 ദിവസത്തോളമാണ് ആശുപത്രിയില്‍ രത്‌നകുമാറിന് കഴിയേണ്ടിവന്നത്. രണ്ട് ശസ്ത്രക്രിയകളും ഇതിനയിടയില്‍ നടത്തി. മൂന്നര മാസത്തോളം വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഭാര്യ ജിഷ, മക്കളായ ആരതി, അജ്ഞലി എന്നിവരടങ്ങുന്നതാണ് രക്‌നകുമാറിന്റെ കുടുംബം. സ്വന്തം വീടിന്റെ നിര്‍മ്മാണത്തിനായി ഫൗണ്ടേഷന്‍ പൂര്‍ത്തിയായപ്പോഴാണ് അപകടം സംഭവിച്ചത്.

click me!