വൃദ്ധസദനത്തിലെ അന്തേവാസികൾക്ക് പകർച്ച പനി; ആരോഗ്യവകുപ്പ് പരിശോധന തുടങ്ങി

By Web TeamFirst Published Oct 23, 2018, 9:48 PM IST
Highlights

കേണിച്ചിറയിലെ പൂതാടി കുടുംബാരോഗ്യ കേന്ദ്ര പരിധിയിലെ ഒാശാന ഭവൻ വൃദ്ധസദനത്തിലുള്ളവർക്കാണ് പകർച്ചപനി പിടിപെട്ടത്. ഇത് സംബന്ധിച്ച് ആരോഗ്യവകുപ്പിന്റെ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

നടവയൽ: വൃദ്ധസദനത്തിലെ അന്തേവാസികൾക്ക് പകർച്ച പനി പിടിപ്പെട്ടതായി റിപ്പോർട്ട്. കേണിച്ചിറയിലെ പൂതാടി കുടുംബാരോഗ്യ കേന്ദ്ര പരിധിയിലെ ഒാശാന ഭവൻ വൃദ്ധസദനത്തിലുള്ളവർക്കാണ് പകർച്ചപനി പിടിപെട്ടത്. ഇത് സംബന്ധിച്ച് ആരോഗ്യവകുപ്പിന്റെ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

തിങ്കളാഴ്ച പനിയും തൊണ്ടവേദനയുമായി നാലു പേർ പൂതാടി എഫ്എച്ച്സിയിൽ ചികിത്സ തേടിയിരുന്നു. തുടർന്ന് ചൊവ്വാഴ്ച ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുകയുടെ നേതൃത്വത്തിലുള്ള പ്രത്യേക മെഡിക്കൽ സംഘം വൃദ്ധസദനത്തിലെത്തി പരിശോധന നടത്തി. പൂതാടി എഫ്എച്ച്സിയിലെ ഡോ. എം ബാസിം, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഒ എസ് സജീവ്,  ഹെഡ് നഴ്സ് ടി രമാദേവി, സ്റ്റാഫ് നഴ്സുമാരായ ലുലു ശാലിനി, വിഎം അപർണ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് മീനു ദാസ്, ഫാർമസിസ്റ്റ് പി എസ്. സോബിൻ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. 

ജില്ലയിൽ എച്ച്.1 എൻ.1 പനിയും മറ്റു രോഗങ്ങളും സ്ഥിരീകരിച്ച സാഹചര്യത്തിൽ ഓശാന ഭവനിലുള്ള വയോധികർക്ക് പ്രത്യേക പരിഗണന നൽകി ചികിത്സിക്കും. തൊണ്ടവേദനയും പനിയുമായി പൂതാടി എഫ്.എച്ച്.സി യിലെത്തിയവരുടെ സാമ്പിളുകൾ ശേഖരിച്ച് ബത്തേരി താലൂക്ക് ആശുപത്രിയിലെ മണിപ്പാൽ വൈറോളജി ലാബ് ടീമിന് കൈമാറിയിട്ടുണ്ട്. വൃദ്ധസദനത്തിൽ കഴിയുന്നവർക്ക് എച്ച്.1 എൻ.1 ബാധിച്ചതായി സ്ഥിരീകരിച്ചിട്ടില്ലെന്നും ജില്ലാ മെഡിക്കൽ ഓഫീസ‌ർ ഡോ ആർ. രേണുക വ്യക്തമാക്കി.
 
പരിശോധന ബുധനാഴ്ച വരെ തുടരും. 74 പേരാണ് ഓശാന ഭവനിൽ താമസിക്കുന്നത്. ചൊവ്വാഴ്ച വൈകുന്നേരം ആറ് വരെ 61 പേരെയാണ് പരിശോധിച്ചത്. ഇതിൽ 13 പേർക്ക് പനി ബാധിച്ചതായി സ്ഥിതീകരിച്ചു. ഇതിൽ രണ്ട് പേരെ വിദ​ഗ്ധ ചികിത്സയ്ക്കായി ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റാൻ നിർദേശം നൽകിയതായും ആരോഗ്യ പ്രവർത്തകർ പറഞ്ഞു.
 

click me!