
ചെങ്ങന്നൂർ: വിമാനത്തിൽ ലഗേജിനൊപ്പം അയച്ച സംഗീത ഉപകരണം തകര്‍ന്ന് തവിട് പൊടിയായി. തിരുവൻവണ്ടൂർ സ്വദേശി അച്ചിലേത്ത് ഏ.ആർ തുളസീധരന്റെ വാദ്യോപകരണമായ ഘടമാണ് തവിടുപൊടിയായത്. നവരാത്രി സംഗീതോത്സവവുമായി ബന്ധപ്പെട്ട് ഷാർജയിലെ റാസൽഖൈമയിൽ സംഗീതക്കച്ചേരിക്ക് പക്കമേളം ഒരുക്കുവാൻ പോയി തിരികെ വരികയായിരുന്നു തുളസിയും സംഘവും.
ഒക്ടോബര്‍ 21-ന് ഷാർജയിൽ നിന്നും തിരുവനന്തപുരം എയർപോർട്ടിലേക്ക് തിരിച്ച ഇൻഡിഗോ 6 ഇ -1402 എന്ന വിമാനത്തിൽ ആയിരുന്നു മടക്കയാത്ര. ഇന്നലെ രാവിലെ 6.30 ഓടെയാണ് വിമാനം ഇറങ്ങിയത് . ലഗേജ് കൈയ്യിൽ ലഭിച്ചപ്പോള്‍ സംശയം തോന്നി തുറന്നപ്പോളാണ് ഘടം തകര്‍ന്ന നിലയില്‍ കണ്ടത്. ഭദ്രമായി പാക്ക് ചെയ്ത് മണ്ണു കൊണ്ട് ഉണ്ടാക്കിയതാണ് സൂക്ഷിച്ച് കൈകാര്യം ചെയ്യണമെന്ന നിര്‍ദേശത്തോടെയാണ് ഘടം ലഗേജില്‍ ഏല്‍പ്പിച്ചത്.
ഇതെല്ലാം അവഗണിച്ചു കൊണ്ടാണ് എയർപോർട്ടിലെ ജീവനക്കാർ ഈ ഉപകരണം കൈകാര്യം ചെയ്തതെന്നാണ് തുളസിയുടെ പരാതി. ഉടൻ തന്നെ എയർപ്പോർട്ടിലുള്ള ഇൻഡിഗോ ഓഫീസ് മാനേജരുമായി ബന്ധപ്പെട്ട് പരാതി നൽകിയിട്ടുണ്ട് .ഉദ്യോഗസ്ഥർ നിസ്സാര തുക വാഗ്ധാനം നൽകിയെങ്കിലും തുളസീധരൻ അത് അവഗണിച്ചു. മാന്യമായ നഷ്ട പരിഹാരം നൽകിയില്ലെങ്കിൽ നിയമപരമായ നടപടിയിലേക്ക് പോകുമെന്ന് തുളസീധരൻ വിശദമാക്കി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam