തട്ടിൽ ഏറ്റുമുട്ടി നെപ്പോളിയനും സ്നാപക യോഹന്നാനും, റിസൽട്ട് വന്നതോടെ കയ്യാങ്കളി, ചേരി തിരിഞ്ഞ് കാണികളും, പൊലീസ് ഇടപെടൽ

Published : Nov 27, 2025, 01:33 AM IST
Kerala Police

Synopsis

വിധി പ്രഖ്യാപനം വന്ന ഉടൻ തന്നെ മറ്റ് രണ്ട് സ്കൂളുകളുടെ ഭാഗത്തുനിന്ന് ശക്തമായ എതിർപ്പുണ്ടായി. കാണികളും രണ്ടു പക്ഷമായി തിരിഞ്ഞതോടെ ശക്തമായ വാക്കേറ്റവും ഉന്തും തള്ളുമായി

ആലപ്പുഴ: കലോത്സവവേദിയെ അലങ്കോലമാക്കി പരമ്പരാഗത കലാരൂപമായ ചവിട്ടുനാടകത്തിന്റെ ഫലപ്രഖ്യാപനം. ആലപ്പുഴ ജില്ലാ സ്കൂൾ കലോത്സവ വേദിയിലാണ് ഫലപ്രഖ്യാപനം കയ്യാങ്കളിയോളമെത്തിയത്. ഒന്നാം സ്ഥാനം പ്രഖ്യാപിച്ചതിന് പിന്നാലെ ജഡ്ജിമാർ പക്ഷപാതപരമായി ഫലം പ്രഖ്യാപിച്ചുവെന്ന് ആരോപിച്ച് ചേർത്തല ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളും അർത്തുങ്കൽ സെന്റ് ഫ്രാൻസിസ് അസ്സീസി സ്കൂളും പ്രതിഷേധവുമായി രംഗത്തുവന്നതോടെയാണ് സംഭവം. മാന്നാർ നായർ സമാജം ഹയർ സെക്കൻഡറി സ്കൂളിനായിരുന്നു മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചത്. വിധി പ്രഖ്യാപനം വന്ന ഉടൻ തന്നെ മറ്റ് രണ്ട് സ്കൂളുകളുടെ ഭാഗത്തുനിന്ന് ശക്തമായ എതിർപ്പുണ്ടായി. കാണികളും രണ്ടു പക്ഷമായി തിരിഞ്ഞതോടെ ശക്തമായ വാക്കേറ്റവും ഉന്തും തള്ളുമായി. പൊലീസും ഭാരവാഹികളും ഏറെ ശ്രമിച്ച് രംഗം ശാന്തമാക്കിയെങ്കിലും, ജഡ്ജിമാരുടെ സുരക്ഷ മുൻനിർത്തി പൊലീസ് സംരക്ഷണയിൽ അവരെ വേദിയിൽനിന്ന് മാറ്റേണ്ടിവന്നു.

ലിയോ തേർടീന്ത് ഹൈസ്‌കൂളിലെ വേദി രണ്ടിലായിരുന്നു മത്സരം നടന്നത്. കഴിഞ്ഞ വർഷം ഒന്നാം സ്ഥാനം നേടിയ അർത്തുങ്കൽ സെന്റ് ഫ്രാൻസിസ് അസ്സീസി ഹയർ സെക്കൻഡറി സ്കൂൾ നെപ്പോളിയൻ ചക്രവർത്തിയുടെ വീരചരിതമാണ് ഇത്തവണ അവതരിപ്പിച്ചത്. നാല് മാസത്തെ വിദഗ്ധ പരിശീലനത്തിനുശേഷം കലോത്സവ വേദിയിലെത്തിയ ഈ ടീം ഒന്നാം സ്ഥാനം കിട്ടുമെന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു. സ്നാപകയോഹന്നാന്റെ ചരിത്രമാണ് ചേർത്തല ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂൾ അവതരിപ്പിച്ചത്. വില്യം ഷേക്‌സ്പിയറുടെ പ്രസിദ്ധമായ ജൂലിയസ് സീസർ നാടകമാണ് മാന്നാർ നായർ സമാജം എച്ച്എസ്എസ് ടീം അവതരിപ്പിച്ചത്.

ജില്ലാ കലോത്സവത്തിൽ ഇന്നലെ വരെ പത്ത് അപ്പീലുകളാണു ലഭിച്ചത്. ചവിട്ടുനാടകം, പണിയനൃത്തം, സംഘഗാനം എന്നിവയ്ക്കു രണ്ടുവീതവും ഭരതനാട്യം, ഉപന്യാസം, മാപ്പിളപ്പാട്ട്, ഓട്ടൻതുള്ളൽ എന്നിവയ്ക്ക് ഒന്നുവീതവുമാണ് അപ്പീൽ ലഭിച്ചത്. സബ് ജില്ലയിൽ നിന്ന് അപ്പീൽ വാങ്ങി ഇതുവരെ 65 പേരാണു മത്സരങ്ങളിൽ പങ്കെടുത്തത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്ലാവിൻ കൊമ്പിലെ കൂടിളകി, തൃശൂരിലെ അങ്കണവാടിയിൽ ഭക്ഷണം കഴിക്കവെ കുട്ടികൾക്ക് നേരെ പാഞ്ഞടുത്ത് കടന്നൽ കൂട്ടത്തിന്‍റെ ആക്രമണം, 8 പേർക്ക് പരിക്ക്
വീട് പൂട്ടി ആശുപത്രിയിൽ പോയി, തിരികെ വന്നപ്പോൾ വീടില്ല, സിറ്റൗട്ടിൽ ഒരു കുറിപ്പും; പെരുവഴിയിലായി സീന, ജപ്തി നടപ്പാക്കി അർബൻ സഹകരണ ബാങ്ക്