കൊവിഡ് 19 സ്ഥിരീകരിച്ച റാന്നി കുടുംബം പോയ വഴി കണ്ടെത്തിയ ഡോക്ടര്‍ ദമ്പതികള്‍ ഇതാണ്

By Web TeamFirst Published Mar 18, 2020, 9:09 PM IST
Highlights

2018ലെ പ്രളയ സമയത്ത് ആരോഗ്യ വകുപ്പിനൊപ്പം പ്രവര്‍ത്തിച്ച ടീമിലെ അംഗമെന്ന നിലയിലാണ് ഡോ അംജിത് രാജീവനും സംഘത്തിനും  കൊവിഡ് 19 സ്ഥിരീകരിച്ച റാന്നി കുടുംബത്തിന്‍റെ റൂട്ട് മാപ്പ് തയ്യാറാക്കാന്‍ ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കുന്നത്. 

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെ ആരോഗ്യവകുപ്പ് നിരവധി അറിയിപ്പുകള്‍ പുറത്ത് വിട്ടിരുന്നു. അതില്‍ ശ്രദ്ധേയമായതാണ്  കൊവിഡ് 19 ബാധിതര്‍ സഞ്ചരിച്ച റൂട്ട് മാപ്പ്. ഇറ്റലിയില്‍ നിന്ന് എത്തിയ കൊവിഡ് 19 ബാധിതര്‍ സഞ്ചരിച്ച വഴികളും അവര്‍ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരേയും കണ്ടെത്താന്‍ ഈ റൂട്ട് മാപ്പ് വലിയൊരു പങ്ക് വഹിച്ചിരുന്നു. സമ്പര്‍ക്കത്തില്‍ വന്നവര്‍ക്ക് മുന്‍കരുതല്‍ സ്വീകരിക്കാനും സഹായകമായ റൂട്ട് മാപ്പ് തയ്യാറാക്കിയത് ഡോക്ടര്‍ ദമ്പതികള്‍. 

നിലക്കല്‍ പി എച്ച് സി  സര്‍ജനും ജില്ലാ മെഡിക്കല്‍ ഓഫീസറുമായ ഡോ അംജിത് രാജീവനും ഭാര്യ പന്തളം കുളനട പി എച്ച് സി അസി സര്‍ജന്‍ ഡോ സേതുലക്ഷ്മിയുമാണ് ഈ റൂട്ട് മാപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ച യുവ ഡോക്ടര്‍ ദമ്പതികള്‍. സംസ്ഥാന ആരോഗ്യ സെക്രട്ടറി മുതല്‍ വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യ സെക്രട്ടറിമാരാണ് ഇവരെ തേടിയെത്തിയത്. 2018ലെ പ്രളയ സമയത്ത് ആരോഗ്യ വകുപ്പിനൊപ്പം പ്രവര്‍ത്തിച്ച ടീമിലെ അംഗമെന്ന നിലയിലാണ് ഡോ അംജിത് രാജീവനും സംഘത്തിനും  കൊവിഡ് 19 സ്ഥിരീകരിച്ച റാന്നി കുടുംബത്തിന്‍റെ റൂട്ട് മാപ്പ് തയ്യാറാക്കാന്‍ ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കുന്നത്. 

ഇറ്റലിയില്‍ നിന്നെത്തിയ മൂന്നംഗ കുടുംബത്തിന് കൊവിഡ് 19 സ്ഥിരീകരിച്ച മാര്‍ച്ച് 8 ഞായറാഴ്ച ഇവരുടെ മാതാപിതാക്കളെ ആശുപത്രിയിലെത്തിക്കാനായി എത്തിയ ആരോഗ്യ പ്രവര്‍ത്തകരും രാജു എബ്രഹാം എംഎല്‍എയുമാണ് ഇവര്‍ നിരവധിപ്പേരുമായി സമ്പര്‍ക്കത്തില്‍ എത്തിയെന്ന സംശയം പ്രകടിപ്പിക്കുന്നത്. ഇതിന് പിന്നാലെയാണ് റൂട്ട് മാപ്പ് തയ്യാറാക്കാനുള്ള നിര്‍ദേശമെത്തുന്നത്. ഇതിന് ഡോ അംജിതിനെ ചുമതലപ്പെടുത്താന്‍ ആരോഗ്യ വകുപ്പ്  മന്ത്രി  ഡി എം ഒ യ്ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

റാന്നി കുടുംബത്തെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലെത്തി കണ്ടായിരുന്നു ഇവരുടെ വിവരശേഖരണം. ഒരാഴ്ചയ്ക്കുള്ളില്‍ കുടുംബം സഞ്ചരിച്ച വഴികള്‍ കേട്ട് ആരോഗ്യവകുപ്പും ജനപ്രതിനിധികളും അമ്പരന്നു.

ഇതോടെയാണ് കൂടുതല്‍ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തിയ സംഘങ്ങളെ റൂട്ട് മാപ്പ് തയ്യാറാക്കാനായി ചുമതലപ്പെടുത്തിയത്. നാഷണല്‍ ഇന്‍ഫോമാറ്റിക്‌സ് സെന്റര്‍ (എന്‍ഐസി) വിശദമായ റൂട്ട് മാപ്പ് തന്നെ പ്രസിദ്ധീകരിച്ചു .രണ്ടുതവണ ഈ റൂട്ട് മാപ്പുകള്‍ പരിഷ്‌കരിക്കുകയും രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ സാധ്യതയുള്ള മുഴുവന്‍ പേരെയും റൂട്ട് മാപ്പിന്‍റെ അടിസ്ഥാനത്തില്‍ കണ്ടെത്തി, ഇവരെയെല്ലാം നിരീക്ഷണത്തില്‍ ആക്കി. ഇതായിരുന്നു  കൂടുതല്‍ പേരിലേക്ക് രോഗവ്യാപനം തടയാന്‍ ഇടയാക്കിയതെന്ന് ആരോഗ്യവകുപ്പ് വിശദമാക്കുന്നത്.

click me!