ചികിത്സിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ച് യുവ ഡോക്ടര്‍

By Web TeamFirst Published Feb 9, 2023, 2:10 PM IST
Highlights

കോട്ടയം തലയോലപ്പറമ്പ് സ്വദേശിയാണ്.  ബുധനാഴ്ച രാവിലെ 11.30ഓടെയാണ് സൂരജ് കുഴഞ്ഞ് വീണത്.

മുണ്ടൂര്‍ : പാലക്കാട് ജില്ലയിലെ മുണ്ടൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ സൂരജ് കെ. രാജ് കുഴഞ്ഞുവീണ് മരിച്ചു. രോഗികളെ പരിശോധിക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. കോട്ടയം തലയോലപ്പറമ്പ് സ്വദേശിയാണ്.  ബുധനാഴ്ച രാവിലെ 11.30ഓടെയാണ് സൂരജ് കുഴഞ്ഞ് വീണത്.

രോഗികളെ പരിശോധിക്കുന്നതിനിടയില്‍ ശാരീരിക ബുദ്ധിമുട്ട് തോന്നി കിടക്കാനൊരുങ്ങുന്നതിനിടെയാണ് കുഴഞ്ഞ് വീണത്. മൂന്നര വര്‍ഷമായി മുണ്ടൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ മെഡിക്കല്‍ ഓഫീസറായി പ്രവര്‍ത്തിക്കുകയായിരുന്നു സൂരജ്. രോഗികളെ പരിശോധിക്കുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടറെ ജില്ലാ ആശുപത്രിയിലെത്തിച്ച് ഐ.സി.യു.വില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പാലക്കാട് ജില്ലാശുപത്രിയിലെ കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസറും ഫോറന്‍സിക് സര്‍ജനുമായ ഡോ. ശ്രീജയാണ് ഭാര്യ. 12 വയസുള്ള ഒരു മകനുമുണ്ട്. സൂരജിന്‍റെ വേര്‍പാടില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അടക്കമുള്ളവര്‍ അനുശോചനം രേഖപ്പെടുത്തി.

യാത്രക്കിടെ വിദ്യാര്‍ഥിനി തളര്‍ന്നു വീണു; ആശുപത്രിയിലേക്ക് ബസ് തിരിച്ച് വിട്ട് കെഎസ്ആര്‍ടിസി ജീവനക്കാര്‍

കഴിഞ്ഞ ദിവസം പുത്തൂരിൽ അപകടത്തിൽ പരിക്കേറ്റ ആദിവാസി ഊരുമൂപ്പനും മകനും ഡോക്ടർ ചികിത്സ നിഷേധിച്ചതായി പരാതി ഉയര്‍ന്നിരുന്നു. പുത്തൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോ. ഗിരീഷിനെതിരെയാണ് ആരോപണം ഉയര്‍ന്നത്. വല്ലൂർ സ്വദേശികളായ രമേശനും വൈഷ്ണവും കഴിഞ്ഞ വെള്ളിയാഴ്ചയാണ് അപകടത്തിൽപ്പെട്ട് ചികിത്സ തേടിയത്.  ഉച്ചയ്ക്ക് ഒന്നരയോടെ ഇരുവരെയും പുത്തൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചു. ഡോ. ഗീരീഷായിരുന്നു ഡ്യൂട്ടിയിലുണ്ടായിരുന്നത്. പ്രാഥമിക ചികിത്സ നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഒപി സമയം കഴിഞ്ഞെന്നായിരുന്നു ഡോക്ടറുടെ മറുപടിയെന്നാണ് ആരോപണം. അര മണിക്കൂർ കാത്തു നിന്നിട്ടും ചികിത്സ ലഭ്യമായില്ല. തർക്കമായതോടെ ഡോക്ടർ കാറെടുത്ത് പോയെന്നാണ് പരാതിക്കാര്‍ ആരോപിക്കുന്നത്. 

click me!