
തിരുവനന്തപുരം: കന്യാകുളങ്ങര സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സ്വകാര്യ ആംബുലൻസ് ഡ്രൈവർ മർദിച്ചെന്ന് പരാതിക്ക് പിന്നാലെ പ്രതിഷേധവുമായി ഡോക്ടർമാർ. കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിയ ഒരു രോഗിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ഡോക്ടർ നിർദേശിച്ചു. മതിയായ പണം കൈവശമില്ലാത്തതിനാൽ 108 ആംബുലൻസ് വിളിച്ചു വിട്ടുതരാൻ രോഗി ആവശ്യപ്പെട്ടു. അതനുസരിച്ച് ഡോക്ടർ ജസ്റ്റിൻ 108 ൽ വിളിച്ചു. ഈ സമയം ആശുപത്രി പരിസരത്തുണ്ടായിരുന്ന സ്വകാര്യ ആംബുലൻസ് ഡ്രൈവർ ഇതിനെ ചോദ്യം ചെയ്യുകയും ഡോക്ടറെ അസഭ്യം പറഞ്ഞ് കയ്യേറ്റം ചെയ്യുകയായിരുന്നാണ് പരാതി.
ആംബുലൻസ് ഡ്രൈവറുടെ കയ്യേറ്റത്തിന് പിന്നാലെ ദേഹാസ്വാസ്ഥ്യമുണ്ടായ ഡോക്ടറെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെഞ്ഞാറമ്മൂട് പൊലീസ് കേസെടുത്തെങ്കിലും പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല. ഇതോടെയാണ് കെ ജി എം ഒയുടെ ആഭിമുഖ്യത്തിൽ ഇന്ന് കന്യാകുളങ്ങര സി എച്ച് സിയുടെ മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിയെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നാണ് ഡോക്ടർമാരുടെ ആവശ്യം.
അതിനിടെ പുറത്തുവന്ന മറ്റൊരു വാർത്ത പ്രശസ്ത വൃക്കരോഗ വിദഗ്ധനായ ഡോ. ജോർജ് പി എബ്രഹാമിന്റെ മരണം ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ചു എന്നതാണ്. ആത്മഹത്യക്കുറിപ്പടക്കം കണ്ടെടുത്തു. പ്രായാധിക്യവും അതിന്റെ ഭാഗമായുള്ള ആരോഗ്യപ്രശ്നങ്ങളും അലട്ടുന്നുണ്ടെന്നാണ് അദ്ദേഹം ആത്മഹത്യാക്കുറിപ്പിൽ പറയുന്നത്. പഴയതുപോലെ ശസ്ത്രക്രിയകൾ നടത്താൻ കഴിയുന്നില്ലെന്നും അതിൽ നിരാശയുണ്ടെന്നും ആത്മഹത്യാക്കുറിപ്പിൽ വിവരിക്കുന്നതായി പൊലീസ് അറിയിച്ചു. അടുത്തിടെ അദ്ദേഹത്തിന്റെ നട്ടെല്ലിന് ശസ്ത്രക്രിയ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായിരുന്നതായാണ് വിവരം. കൊച്ചിയിലെ ഫാം ഹൗസിലാണ് കഴിഞ്ഞ ദിവസം രാത്രി ഡോക്ടർ ജോർജ് പി എബ്രഹാമിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. എറണാകുളം ലേക്ക്ഷോർ ആശുപത്രിയിലെ വൃക്ക രോഗ വിഭാഗം സീനിയർ സർജനായിരുന്നു ജോർജ്. രാജ്യത്തെ തന്നെ വൃക്ക രോഗ ചികിത്സയിൽ ഒട്ടേറെ നേട്ടങ്ങൾ സൃഷ്‌ടിച്ച വ്യക്തിയാണ്. 32 വർഷം നീണ്ട കരിയറിൽ അദ്ദേഹം രണ്ടായിരത്തി അഞ്ഞൂറിലേറെ വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയകൾ അദ്ദേഹം നടത്തിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam