പ്രായാധിക്യവും അതിന്റെ ഭാഗമായുള്ള ആരോഗ്യപ്രശ്നങ്ങളും അലട്ടുന്ന കാര്യമാണ് ആത്മഹത്യാക്കുറിപ്പിൽ പ്രധാനമായും പറയുന്നത്. പഴയതുപോലെ ശസ്ത്രക്രിയ നടത്താൻ കഴിയുന്നില്ല. ഇതിൽ നിരാശയുണ്ടെന്നും അദ്ദേഹം വിവരിക്കുന്നു
കൊച്ചി: പ്രശസ്ത വൃക്കരോഗ വിദഗ്ധനായ ഡോ. ജോർജ് പി. എബ്രഹാമിനെ മരിച്ച നിലയിൽ കണ്ടെത്തിയ ഫാം ഹൗസിൽ നിന്ന് അദ്ദേഹത്തിന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. പ്രായാധിക്യവും അതിന്റെ ഭാഗമായുള്ള ആരോഗ്യപ്രശ്നങ്ങളും അലട്ടുന്നുണ്ടെന്നാണ് അദ്ദേഹം ആത്മഹത്യാക്കുറിപ്പിൽ പറയുന്നത്. പഴയതുപോലെ ശസ്ത്രക്രിയകൾ നടത്താൻ കഴിയുന്നില്ലെന്നും അതിൽ നിരാശയുണ്ടെന്നും ആത്മഹത്യാക്കുറിപ്പിൽ വിവരിക്കുന്നതായി പൊലീസ് അറിയിച്ചു. അടുത്തിടെ അദ്ദേഹത്തിന്റെ നട്ടെല്ലിന് ശസ്ത്രക്രിയ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായിരുന്നതായാണ് വിവരം.
കൊച്ചിയിലെ ഫാം ഹൗസിലാണ് കഴിഞ്ഞ ദിവസം രാത്രി ഡോക്ടർ ജോർജ് പി എബ്രഹാമിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. എറണാകുളം ലേക്ക്ഷോർ ആശുപത്രിയിലെ വൃക്ക രോഗ വിഭാഗം സീനിയർ സർജനായിരുന്നു ജോർജ്. രാജ്യത്തെ തന്നെ വൃക്ക രോഗ ചികിത്സയിൽ ഒട്ടേറെ നേട്ടങ്ങൾ സൃഷ്‌ടിച്ച വ്യക്തിയാണ്. 32 വർഷം നീണ്ട കരിയറിൽ അദ്ദേഹം രണ്ടായിരത്തി അഞ്ഞൂറിലേറെ വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയകൾ അദ്ദേഹം നടത്തിയിട്ടുണ്ട്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
