
പത്തനംതിട്ട:പത്തനംതിട്ടയിൽ നാട്ടുകാർ തല്ലിക്കൊന്ന നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. പത്തനംതിട്ട പെരിങ്ങമലയിൽ ഇന്നലെ മൂന്നു നാട്ടുകാരേയും ഒട്ടേറെ വളർത്തു മൃഗങ്ങളേയും തെരുവുനായ കടിച്ചിരുന്നു. തുടര്‍ന്ന് വൈകിട്ടോടെ കൗൺസിലറുടെ നേതൃത്വത്തിലാണ് നായ തല്ലിക്കൊന്നത്. ഇതിനുശേഷം തിരുവല്ലയിലെ പരിശോധനാ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിലാണ് ചത്ത നായക്ക് പേവിഷബാധ സ്ഥിരീകരിച്ചത്.
ഇന്നലെ രാവിലെ 11ഓടെയാണ് മൂന്നുപേര്‍ക്കുനേരെ തെരുവുനായ ആക്രമണം ഉണ്ടായത്. പെരിങ്ങമല കുളത്താനയി. വീട്ടിൽ അജി അസീസ്, തോന്നിയാമല തടത്തിൽ വീട്ടിൽ മുസൈഫ ബീവി എന്നിവര്‍ക്കും മറ്റൊരാള്‍ക്കുമാണ് കടിയേറ്റത്. അജി അസീസിന്‍റെ തുടയിലും ഇടത്തേകൈക്കും മുസൈഫ ബീവിയുടെ കയ്യിലുമാണ് നായ കടിച്ചത്. ഇതിനുപുറമെ നിരവധി വളര്‍ത്തുമൃഗങ്ങളെയും നായ ആക്രമിച്ചു.
കുമ്പാങ്ങൽ നിരവിൽ വീട്ടിൽ സുമയുടെ പശുവിനെയടക്കം നായ കടച്ചിരുന്നു. രാവിലെ ആറരമുതൽ പ്രദേശത്ത് നായ ഭീതിപരത്തുകയായിരുന്നു. ഓടിനടന്ന് പലയിടത്തായി മുന്നിൽ കണ്ടവരെയെല്ലാം നായ ആക്രമിച്ചു. നായ എവിടെ നിന്നാണ് വന്നതെന്ന് പ്രദേശവാസികള്‍ക്ക് അറിയില്ല. തുടര്‍ന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് നാട്ടുകാര്‍ നായയെ തല്ലിക്കൊന്നത്.
ഇതിനിടെ, ഇന്ന് പാലക്കാട് കൂറ്റനാടും തെരുവുനായ ആക്രമണം ഉണ്ടായി. പ്രദേശവാസികളും വഴിയാത്രക്കാരുമുൾപ്പടെ അഞ്ച് പേർക്ക് നായയുടെ കടിയേറ്റു. ആകമിച്ച തെരുവ് നായയെ കണ്ടെത്താൻ നാട്ടുകാർ തിരച്ചിൽ നടത്തി. ഇന്ന് വൈകിട്ടോടെയാണ് തെരുവുനായ ആക്രമണം ഉണ്ടായത്.
കൂറ്റനാട് സ്വദേശികളായ ഷജീറ (40), അരവിന് ((23), സ്വാമിനാഥൻ (60) എന്നിവർക്ക് പുറമെ ടൗണിലെത്തിയ മറ്റ് രണ്ട് വഴിയാത്രകാർക്കും കടിയേറ്റിട്ടുണ്ട്. ആക്രമണം നടത്തിയ നായ മറ്റൊരു തെരുവ്നായക്കുഞ്ഞിനെ കടിച്ച് കൊല്ലുകയും ടൗണിൽ മറ്റ് തെരുവ് നായകളെ കടിച്ച് മുറിവേൽപ്പിക്കുകയും ചെയ്തിട്ടുണ്ട്.
യാതൊരു പ്രകോപനവുമില്ലാതെ ആളുകളെ കടിച്ച് ഓടി മറയുകയായിരുന്നു നായയെന്ന് നാട്ടുകാർ പറഞ്ഞു. കടിയേറ്റ അഞ്ച് പേരേയും തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയ നായക്ക് പേവിഷ ബാധ ഏറ്റിട്ടുണ്ടോ എന്നതാണ് നാട്ടുകാരെ ഏറെ ആശങ്കപ്പെടുത്തുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam