ആലപ്പുഴ നഗരത്തിൽ വീണ്ടും തെരുവുനായയുടെ ആക്രമണം; അഞ്ച് പേര്‍ക്ക് പരിക്കേറ്റു

By Web TeamFirst Published Oct 29, 2021, 7:09 PM IST
Highlights

രണ്ടു മാസക്കാലയളവിനിടെ ആലപ്പുഴ നഗരസഭാ പരിധിയിൽ പതിനൊന്നിലേറെപ്പേർക്കാണ് തെരുവുനായയുടെ ആക്രമണമേൽക്കുന്നത്. 

ആലപ്പുഴ: ആലപ്പുഴ നഗരത്തിൽ വീണ്ടും തെരുവുനായയുടെ ആക്രമണം. കാളാത്ത് വാർഡിൽ അഞ്ചോളം പേരെ തെരുവുനായ ആക്രമിച്ചു. ഇതിൽ പലർക്കും ഗുരുതരപരിക്കുകളാണേറ്റത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. പേപ്പട്ടിയാണ് കടിച്ചതെന്നാണ് സംശയം. പരിക്കേറ്റവർ വണ്ടാനം മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള ആശുപത്രികളിൽ ചികിത്സതേടി. സംഭവത്തിൽ കടിച്ച നായയെ പ്രദേശവാസികൾ ചേർന്നു തല്ലിക്കൊന്നു. 

അതേസമയം ഇക്കഴിഞ്ഞ രണ്ടു മാസക്കാലയളവിനിടെ ആലപ്പുഴ നഗരസഭാ പരിധിയിൽ പതിനൊന്നിലേറെപ്പേർക്കാണ് തെരുവുനായയുടെ ആക്രമണമേൽക്കുന്നത്. നഗരത്തിന്റെ പലഭാഗങ്ങളിലും ജനജീവിതത്തെ ഭീതിയിലാക്കി വിലസുകയാണ് തെരുവുനായ്ക്കൾ. നഗരത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലടക്കം ഇവയുടെ ശല്യം രൂക്ഷമാണ്. ആലപ്പുഴ കടപ്പുറത്തും തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായിരിക്കുകയാണ്. 

പലപ്പോഴും രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഇരുചക്ര വാഹനയാത്രികൾക്കും കാർയാത്രികർക്കുംനേരെ കുരച്ചുചാടുന്നതും വൻ അപകടസാധ്യതയാണുണ്ടാക്കുന്നത്. ഭീതിയോടെയാണ് പ്രഭാതസവാരിക്ക് പോലും പലരും ഇറങ്ങുന്നത്. കൊവിഡ് വ്യാപനത്തിൽ എ. ബി. സി. (ആനിമൽ ബെർത്ത് കൺട്രോൾ) പദ്ധതി നിലച്ചതോടെയാണ് തെരുവുനായ്ക്കളുടെ എണ്ണത്തിൽ വലിയ വർധനയുണ്ടായത്. 

Read More: വനിതാ ഹോസ്റ്റലിലെ ഭക്ഷ്യവിഷബാധ: ജില്ലാ കളക്ടർ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

തെരുവുനായ്ക്കളുടെ അക്രമം പെരുകുന്ന സാഹചര്യത്തിൽ വന്ധ്യംകരണ പദ്ധതി ശക്തമാക്കണമെന്നാണു ജനങ്ങളുടെ ആവശ്യം. നഗരത്തിൽ തുടർച്ചയായി തെരുവുനായ ശല്യം വർധിക്കുമ്പോഴും ആലപ്പുഴ നഗരസഭാ അധികൃതരിൽ നിന്നോ ജില്ലാ ഭരണകൂടത്തിൽ നിന്നോ തെരുവുനായ ശല്യം നിയന്ത്രിക്കുന്നതിനായി ആവശ്യമായ നടപടികളൊന്നും ഉണ്ടാകുന്നില്ലെന്നും ജനപ്രതിനിധികൾ തെരുവുനായ ശല്യം നിയന്ത്രിക്കുന്ന വിഷയത്തിൽ മൗനം തുടരുകയാണെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. 

Read More: ആലപ്പുഴയില്‍ ഹോട്ടൽ ഉടമയെ സഹോദരന്‍റെ മകൻ വെട്ടിപ്പരിക്കേൽപ്പിച്ചു

click me!