'ആ ഫോണ്‍ കോള്‍' ജീവിതം വീല്‍ചെയറിലാക്കിയതിലേക്ക് റിവേഴ്സ് ഗിയറിട്ട് നിഖിലിന് പറയാനേറെ

By Web TeamFirst Published Feb 4, 2019, 5:11 PM IST
Highlights

ഒരു നിമിഷം ബൈക്കൊന്ന് സൈഡാക്കി ആ ഫോണ്‍ കോള്‍ എടുത്തിരുന്നെങ്കില്‍ എന്റെ ജീവിതം ഇങ്ങനെ ആകുമായിരുന്നില്ല. എന്നാല്‍ എന്റെ അശ്രദ്ധയോ ആത്മവിശ്വാസമോ അഹങ്കാരമോ കാരണം ബൈക്ക് ഓടിച്ചുകൊണ്ടു തന്നെ ഞാന്‍ ഫോണെടുത്തു. പെട്ടന്ന് നിയന്ത്രണം വിട്ട് ബൈക്ക് അപകടത്തില്‍ പെടുകയും എന്റെ ജീവിതം ഈ വീല്‍ചെയറിലേക്ക് മാറുകയും ചെയ്തു

തൃശൂര്‍: വീട്ടില്‍ നിന്ന് എന്തെങ്കിലും ആവശ്യങ്ങള്‍ക്കായി പുറത്തിറങ്ങുമ്പോള്‍ ഓര്‍ക്കുക, വീട്ടില്‍ നിങ്ങളുടെ തിരിച്ചുവരവും പ്രതീക്ഷിച്ച് നിങ്ങള്‍ക്ക് പ്രിയപ്പെട്ടവരുണ്ട്. നിങ്ങളെ സ്നേഹിക്കുന്ന, നിങ്ങളുടെ നന്‍മ ആഗ്രഹിക്കുന്ന നിങ്ങളെക്കുറിച്ച് ഒരുപാട് പ്രതീക്ഷകളുള്ളവര്‍. അവരുടെ അടുക്കലേക്ക് തിരിച്ചെത്താനായി ഓരോ ചുവടും ശ്രദ്ധയോടെ മുന്നോട്ടുവെക്കുക. നമ്മുടെ ഒരു അശ്രദ്ധ മതി നമ്മെ സ്നേഹിക്കുന്നവരുടെ കണ്ണുകള്‍ നിറയാന്‍ - സ്ലാന്റിംഗ് വീല്‍ചെയറിലിരുന്ന് നിഖില്‍രാജ് മുഖത്തെ ചിരിമായാതെ കൊച്ചുകൂട്ടുകാരെ ഓര്‍മിപ്പിച്ചു.

അപകടം ശരീരത്തെ തളര്‍ത്തിയിട്ടും തളരാത്ത മനസുമായി മുന്നേറുന്ന തൃശൂര്‍ സ്വദേശി നിഖില്‍രാജ് തൃശൂര്‍ കാല്‍ഡിയന്‍ സിറിയന്‍ സ്‌കൂളില്‍ നടന്ന മുപ്പതാമത് ദേശീയ റോഡ് സുരക്ഷാവാരത്തോടനുബന്ധിച്ച് ആക്ട്സ് ജില്ല കമ്മിറ്റി നടത്തുന്ന റോഡ് സുരക്ഷ ജീവന്‍ രക്ഷ പരിപാടി ഉദ്ഘാടനം ചെയ്യുമ്പോഴാണ് തന്റെ അനുഭവങ്ങള്‍ സ്‌കൂളിലെ കുട്ടികളുമായി പങ്കിട്ടത്.

ഒരു നിമിഷം ബൈക്കൊന്ന് സൈഡാക്കി ആ ഫോണ്‍ കോള്‍ എടുത്തിരുന്നെങ്കില്‍ എന്റെ ജീവിതം ഇങ്ങനെ ആകുമായിരുന്നില്ല. എന്നാല്‍ എന്റെ അശ്രദ്ധയോ ആത്മവിശ്വാസമോ അഹങ്കാരമോ കാരണം ബൈക്ക് ഓടിച്ചുകൊണ്ടു തന്നെ ഞാന്‍ ഫോണെടുത്തു. പെട്ടന്ന് നിയന്ത്രണം വിട്ട് ബൈക്ക് അപകടത്തില്‍ പെടുകയും എന്റെ ജീവിതം ഈ വീല്‍ചെയറിലേക്ക് മാറുകയും ചെയ്തു - വീല്‍ചെയറിലിരുന്ന് നിഖില്‍രാജ് ആ അപകടത്തിന്റെ ഓര്‍മകളിലേക്ക് റിവേഴ്സ് ഗിയറിട്ടു.

എനിക്ക് സംഭവിച്ച അപകടം ഇനിയാര്‍ക്കും പറ്റരുത്. എന്റെ അച്ഛനേയും അമ്മയേയും പ്രിയപ്പെട്ടവരുടേയും പോലെ ഇനിയാരുടേയും കണ്ണുകള്‍ നിറയരുത്. എന്റെ വാക്കുകള്‍ കേള്‍ക്കുന്ന പ്രിയപ്പെട്ട കൂട്ടുകാരന്‍മാരും കൂട്ടുകാരികളും വീട്ടിലെത്തി അച്ഛനമ്മമാരോട് ഇക്കഥ പറയണം. അവര്‍ വാഹനോടിക്കുമ്പോള്‍ ഫോണ്‍ വിളിക്കാന്‍ നോക്കുമ്പോള്‍ പാടില്ലെന്ന് വിലക്കണം. വണ്ടി സൈഡൊതുക്കി ഫോണ്‍ ചെയ്താല്‍ കുറച്ചു സമയം നഷ്ടപ്പെട്ടേക്കാം. പക്ഷേ അതുകൊണ്ട് ജീവിതം നഷ്ടമാകില്ല.

ലക്ഷ്യസ്ഥാനത്തെത്താന്‍ അല്‍പം വൈകിയേക്കാമെങ്കിലും സാരമില്ല. സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തെത്തുകയാണ് വേണ്ടത് - നിഖില്‍രാജ് പറഞ്ഞു നിര്‍ത്തിയപ്പോള്‍ കാല്‍ഡിയന്‍ സ്‌കൂളിലെ കുട്ടികളുടെ കണ്ണുകള്‍ നിറഞ്ഞു. എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന മഹാവചനം പോലെ നിഖില്‍ രാജ് റോഡ് സുരക്ഷാ സന്ദേശമായി തന്റെ സ്വന്തം ജീവിതം തന്നെയാണ് കുട്ടികള്‍ക്ക് കാണിച്ചുകൊടുത്തത്.

ആക്ട്സ് വര്‍ക്കിംഗ് പ്രസിഡന്റ് എം കെ വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഫാ.ഡേവിസ് ചിറമ്മല്‍, ജില്ല പ്രസിഡന്റ് സി.എസ്.ധനന്‍, ജില്ല സെക്രട്ടറി ലൈജു സെബാസ്റ്റ്യന്‍, തൃശൂര്‍ ട്രാഫിക് എസ്ഐ രാഗേഷ്, ആക്ട്സ് വൈസ് പ്രസിഡന്റ് ടി.എ.അബൂബക്കര്‍, ജില്ല സെക്രട്ടറി സുനില്‍ പാറമ്പില്‍, ജില്ല ട്രഷറര്‍ ലോനപ്പന്‍ പന്തല്ലൂക്കാരന്‍, ജനറല്‍ കണ്‍വീനര്‍ സി.ആര്‍.വത്സന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

click me!