
തൃശൂർ: യുവതലമുറയ്ക്ക് വിവാഹപൂർവ ബോധവത്കരണം അനിവാര്യമാണെന്ന് വനിതാ കമ്മീഷൻ അംഗം അഡ്വ. ഇന്ദിര രവീന്ദ്രൻ അഭിപ്രായപ്പെട്ടു. തൃശ്ശൂർ ടൗൺഹാളിൽ നടന്ന വനിതാ കമ്മീഷൻ സിറ്റിംഗിനു ശേഷം സംസാരിക്കുകയായിരുന്നു അവർ. സ്ത്രീധന നിരോധന നിയമം കർശനമായി നിലനിൽക്കുന്നുണ്ടെങ്കിലും സ്ത്രീധന പ്രശ്നങ്ങൾ സംബന്ധമായി ലഭിക്കുന്ന പരാതികൾ കുറയുന്നില്ല. സ്ത്രീധനത്തെ സമ്മാനമായി നിർവചിച്ച് സമൂഹത്തിൽ ഇന്നും സ്ത്രീധനം നൽകിവരുന്നു. ഈ പ്രവണതയിൽ നിന്നും മാറ്റം വരുത്തുന്നതിനും വിവാഹ ജീവിതം ദുരിത പൂർണ്ണമാവേണ്ടതല്ലെന്ന് യുവതലമുറയെ ബോധ്യപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും വനിതാ കമ്മീഷൻ അംഗം പറഞ്ഞു.
വനിതാ കമ്മീഷൻ സിറ്റിംഗിൽ ലഭിച്ച 69 പരാതികളിൽ 22 എണ്ണം തീർപ്പാക്കി. നാലു പരാതികൾ പോലീസ് റിപ്പോർട്ടിനായി കൈമാറി. 43 പരാതികൾ അടുത്ത അദാലത്തിൽ പരിഗണിക്കുന്നതിനായി മാറ്റിവച്ചു. ഗാർഹിക പീഡനം, സ്ത്രീധനം, വസ്തുതർക്കം, പോലുള്ള പരാതികളാണ് ഏറെയും. തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന പീഡന പരാതികൾ വർധിച്ചുവരുന്നു. ഇത്തരം പരാതികൾക്കെതിരെ നടപടികൾ സ്വീകരിക്കാൻ അഭ്യന്തര കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ടെങ്കിലും ശരിയായ രീതിയിൽ പ്രവർത്തിക്കാത്ത പ്രവണതയാണ് ഉള്ളതെന്നും, പോഷ് നിയമത്തെകുറിച്ച് കൃത്യമായി ബോധവത്കരണം നടത്തണമെന്നും പരാതികൾ പരിഗണിച്ചുകൊണ്ട് വനിതാ കമ്മീഷൻ അംഗം പറഞ്ഞു. വനിത കമ്മീഷന്‍ അഡ്വക്കേറ്റ് പാനല്‍ അംഗങ്ങളായ അഡ്വ. സജിത അനില്‍, അഡ്വ. വിനോദ് , കൗണ്‍സിലര്‍ മാലാ രമണന്‍ തുടങ്ങിയവര്‍ അദാലത്തിന് നേതൃത്വം നല്‍കി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam