'ചെകുത്താന്റെ പണി എടുക്കുന്നവർ പിന്മാറുന്നില്ല', കാൻസർ രോഗി അക്യുപങ്ചര്‍ ചികിത്സ ചെയ്തതിന് പിന്നാലെ മരിച്ചതിൽ ഡോ. ഷിംന അസീസ്

Published : Aug 28, 2025, 11:51 AM IST
acupuncture death criticism

Synopsis

ക്യാൻസർ ചികിത്സകരായ അതിബുദ്ധിമാൻമാർ ആയുസ്സിൽ ഒരു പതിറ്റാണ്ടിനു മീതെ കുത്തിയിരുന്ന്‌ പഠിച്ചതാണ് നാലും മൂന്നും ഏഴ് സൂചിയും ഒരു പിടി ഫ്രൂട്സും മുന്നൂറ് മില്ലിലിറ്റർ വെള്ളവും കൊണ്ട് ഭേദപ്പെടുത്താൻ പോകുന്നതെന്നാണ് ഡോ ഷിംന അസീസിന്റെ വിമർശനം

കോഴിക്കോട്: സ്തനാർബുദം ബാധിച്ച യുവതി അക്യുപങ്ചർ ചികിത്സയിലൂടെ ഗുരുതരാവസ്ഥയിലായി മരിച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി ഡോ ഷിംന അസീസ്. ക്യാൻസർ ചികിത്സകരായ അതിബുദ്ധിമാൻമാർ ആയുസ്സിൽ ഒരു പതിറ്റാണ്ടിനു മീതെ കുത്തിയിരുന്ന്‌ പഠിച്ചതാണ് നാലും മൂന്നും ഏഴ് സൂചിയും ഒരു പിടി ഫ്രൂട്സും മുന്നൂറ് മില്ലിലിറ്റർ വെള്ളവും കൊണ്ട് ചികിത്സിച്ചതെന്നും മരണം ഒരു റിവേഴ്‌സിബിൾ പ്രക്രിയ അല്ലെന്നും വ്യക്തമാക്കുന്നതാണ് വിമ‍ർശനം. ഇന്നലെയാണ് കുറ്റ്യാടിയില്‍ കാന്‍സര്‍ ബാധിതയായ വീട്ടമ്മ മരിച്ച സംഭവത്തില്‍ ഇവരെ ചികിത്സിച്ച അക്യുപങ്ചര്‍ ചികിത്സാകേന്ദ്രത്തിനെതിരേ ഗുരുതര പരാതിയുമായി കുടുംബം രംഗത്തെത്തിയത്. അടുക്കത്ത് സ്വദേശിയായ ഹാജിറയാണ് കാൻസർ ബാധിതയായി മരിച്ചത്. യുവതിക്ക് സ്തനാര്‍ബുദമാണെന്ന് തിരിച്ചറിഞ്ഞിട്ടും കുടുംബത്തെ അറിയിക്കാതെ അക്യുപങ്ചര്‍ ചികിത്സ തുടരുകയായിരുന്നുവെന്ന് ഉയര്‍ന്നിട്ടുള്ള പരാതി. നേരത്തും കാലത്തും രോഗം കണ്ടെത്തി വേണ്ട ചികിത്സ എടുത്താൽ, രോഗി രക്ഷപ്പെടാനുള്ള സാധ്യത ഏറെയുള്ള സ്തനാർബുദം എന്ന രോഗത്തെ അക്യുപങ്ച്ചറുകാർ ട്രീറ്റ് ചെയ്ത് കുളമാക്കാൻ നോക്കി ഒരു രോഗി മരിച്ചിരിക്കുന്നു. പത്താം ക്ലാസിന്റെ പോലും പടി കാണാത്തവരും ശരീരത്തിലെ മുഴുവൻ അവയവങ്ങളുടെ പേര് പറയാൻ പോലും അറിയാത്തവരും ഏതാണ്ട്‌ വലിയ ബിരുദം പഠിച്ചെന്ന്‌ വരുത്തി പേറെടുക്കാനും കാൻസർ ചികിത്സക്കും നിന്നാൽ ജീവൻ പോണ വഴി കാണില്ലെന്നും ഡോ. ഷിംന അസീസ് ഫേസ്ബുക്ക് കുറിപ്പിൽ വിശദമാക്കുന്നു. ആവർത്തിച്ചു പറഞ്ഞിട്ടും മതം പറഞ്ഞും ദൈവത്തെ വിളിച്ചും ചെകുത്താന്റെ പണി എടുക്കുന്നവർ പിന്മാറുന്നില്ല, അവർക്കെതിരെ നടപടികളുമില്ല. ഇനി എത്രയാൾ കൂടി ഇല്ലാതായാൽ ഈ സാമൂഹികശാപം ഇവിടെ നിന്ന് തുടച്ച് നീക്കപ്പെടുമെന്നും അറിയില്ലെന്നും ഡോ. ഷിംന അസീസ് ഫേസ്ബുക്ക് കുറിപ്പിൽ വിശദമാക്കുന്നുണ്ട്. 

ഒരു ദിവസം വെറും 300 മില്ലി ലിറ്റർ വെള്ളവും നാല് ഈത്തപ്പഴവും മാത്രം കഴിക്കാനാണ് ഹാജറയോട് അക്യുപങ്ചര്‍ ചികിത്സാ കേന്ദ്രത്തിലുള്ളവ‍ർ നിര്‍ദേശിച്ചത്. കഴിഞ്ഞ ഒരു മാസമായി യുവതി ഇത് മാത്രമാണ് കഴിച്ചിരുന്നത്. പിന്നീട് ആരോഗ്യം വഷളായതോടെ സംശയം തോന്നിയ ബന്ധുക്കള്‍ ഇവരെ കോഴിക്കോട്, ബെംഗളൂരു എന്നിവിടങ്ങളിലെ ആശുപത്രികളില്‍ എത്തിച്ച് ചികിത്സ നല്‍കിയെങ്കിലും ഏറെ വൈകിയിരുന്നു. ഹാജറയുടെ മരണം സംബന്ധിച്ച വാർത്തകൾക്ക് പിന്നാലെയാണ് ഡോ. ഷിംന അസീസിന്റെ വിമർശനം.

കാൻസർ ചികിൽസിക്കുന്ന ഒരു മെഡിക്കൽ ഓങ്കോളജിസ്റ്റ് അഞ്ചര കൊല്ലം എംബിബിഎസ്, മൂന്ന് കൊല്ലത്തെ എംഡി മെഡിസിൻ, മൂന്ന് കൊല്ലത്തെ മെഡിക്കൽ ഓങ്കോളജി സൂപ്പർ സ്‌പെഷ്യലിറ്റി എന്നിങ്ങനെ കോഴ്‌സുകൾക്കിടയിൽ യാതൊരു ഗ്യാപ്പുമില്ലാതെ പഠിച്ചാൽ പോലും ചുരുങ്ങിയത് പതിനൊന്നര കൊല്ലം മെഡിക്കൽ പഠനത്തിനായി മാത്രം ചിലവഴിക്കുന്നുണ്ട്. പ്രയോഗികമായി പറഞ്ഞാൽ ഇവക്കിടയിൽ ഉള്ള എൻട്രൻസ് പരീക്ഷാപഠനവും മറ്റുമായി ഇതിലേറെ സമയമെടുക്കാറുണ്ട്. ക്യാൻസർ ചികിത്സകരായ അതിബുദ്ധിമാൻമാർ ആയുസ്സിൽ ഒരു പതിറ്റാണ്ടിനു മീതെ കുത്തിയിരുന്ന്‌ പഠിച്ചതാണ് നാലും മൂന്നും ഏഴ് സൂചിയും ഒരു പിടി ഫ്രൂട്സും മുന്നൂറ് മില്ലിലിറ്റർ വെള്ളവും കൊണ്ട് ഭേദപ്പെടുത്താൻ പോകുന്നതെന്നാണ് ഡോ ഷിംന അസീസിന്റെ വിമർശനം.

മോഡേൺ മെഡിസിൻ പോലെ തന്നെ ഏതൊരു മെഡിക്കൽ ബിരുദം ആയിക്കോട്ടെ, പ്രഫഷണൽ കോളേജ് കണ്ടവർ ആരും തന്നെക്കൊണ്ട് ഭേദമാക്കാൻ പറ്റാത്ത രോഗത്തിന്റെ മേൽ പണിയാൻ നിൽക്കില്ല. കൂടുതൽ സൗകര്യങ്ങൾ ഉള്ളയിടത്തേക്ക് റഫർ ചെയ്യാൻ മടിക്കുകയുമില്ല. വൈദ്യം പഠിച്ച, രോഗിയോട് കടപ്പാടും ആത്മാർത്ഥതയുമുള്ള ഡോക്ടറുടെ മിനിമം ബേസിക് കോമൺ സെൻസ് ആണതെന്നും ഷിംന അസീസ് കൂട്ടിച്ചേർക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം

PREV
Read more Articles on
click me!

Recommended Stories

'ചേച്ചീ അമ്മ ഉണരുന്നില്ല', കുട്ടികളുടെ കരച്ചിൽ കേട്ടെത്തിയപ്പോൾ 35കാരി കിടക്കയിൽ മരിച്ച നിലയിൽ, ഭർത്താവ് മിസ്സിംഗ്; അന്വേഷണം
ശീവേലി സമയത്ത് മറിഞ്ഞു വീണു, ഗജകേസരി മുല്ലയ്ക്കല്‍ ബാലകൃഷ്ണൻ ചരിഞ്ഞു