
കല്‍പ്പറ്റ: വേനല്‍ കടുത്തില്ല, അതിന് മുമ്പേ രൂക്ഷമായ കുടിവെള്ള ക്ഷാമത്തില്‍ വലഞ്ഞ് വയനാട്ടിലെ ഒരു ഗ്രാമം. അമ്പലവയല്‍ പഞ്ചായത്തിലെ ചീങ്ങേരി മലയടിവാരത്ത് താമസിക്കുന്ന കതിനപ്പാറയിലെ 17 കുടുംബങ്ങളാണ് മൂന്ന് മാസമായി കുടിവെള്ളം ലഭിക്കാതെ ദുരിതത്തിലായിരിക്കുന്നത്.
വേനലില്‍ അതിരൂക്ഷമായ കുടിവെള്ള ക്ഷാമം ഉണ്ടാകുന്ന പ്രദേശങ്ങളിലൊന്നാണ് കതിനപ്പാറ. എന്നാല്‍, വേനല്‍ കനക്കുന്നതിന് മുമ്പേ തന്നെ കുടിവെള്ളം മുട്ടിയത് അധികൃതരുടെ അശ്രദ്ധയാണെന്നാണ് ആരോപണം. കാരാപ്പുഴ ഡാമില്‍ നിന്നുള്ള വന്‍കിട കുടിവെള്ള പദ്ധതിയുടെ പൈപ്പിടല്‍ ജോലികള്‍ ഇഴഞ്ഞു നീങ്ങുന്നതാണ് ഇപ്പോള്‍ ഈ കുടുംബങ്ങളുടെ കുടിവെള്ളം മുട്ടാന്‍ കാരണമായിരിക്കുന്നത്.
കഴിഞ്ഞ വേനല്‍ക്കാലത്ത് മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ടാങ്കറില്‍ വെള്ളമെത്തിച്ചാണ് പ്രശ്‌നം പരഹിരച്ചിരുന്നത്. എന്നാല്‍, ഇത്തവണ മൂന്ന് മാസമായിട്ടും പഞ്ചായത്തിന്റെ ഭാഗത്ത് നിന്ന് അത്തരം നീക്കങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നാണ് കുടുംബങ്ങളുടെ പരാതി. കാരപ്പുഴ പദ്ധതിയില്‍ നിന്ന് സുല്‍ത്താന്‍ ബത്തേരി നഗരസഭാ പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമം തീര്‍ക്കാനാണ് ഇപ്പോള്‍ നടക്കുന്ന പൈപ്പിടല്‍.
പുതിയ പദ്ധതിക്ക് പൈപ്പ് സ്ഥാപിക്കാന്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് റോഡരികില്‍ കുഴിയെടുത്തപ്പോള്‍ പഴയ ജലവിതരണ പൈപ്പുകള്‍ പലയിടങ്ങളിലായി പൊട്ടി. കുറ്റിക്കൈത മുതല്‍ അമ്പലവയല്‍ വരെയുള്ള ഭാഗങ്ങളില്‍ പലയിടങ്ങളിലായി പൈപ്പ് പൊട്ടിയപ്പോള്‍ കതിനപ്പാറയിലെ കുടുംബങ്ങള്‍ക്കുള്ള ജലവിതരണം പൂര്‍ണമായും തടസപ്പെട്ടു.
മൂന്ന് ആഴ്ചയിലേറെയായി തുള്ളി വെള്ളം പോലും ലഭിച്ചിട്ടില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഇത് കാരണം ജോലിക്ക് പോകാന്‍ പോലും കഴിയാത്ത അവസ്ഥയാണ് പല കുടുംബങ്ങള്‍ക്കും. അതേ സമയം കാല്‍നൂറ്റാണ്ട് മുമ്പെങ്കിലും സ്ഥാപിച്ച പൈപ്പുകള്‍ അറ്റകുറ്റപ്പണി നടത്തുന്നതിന് പകരം പുതിയവ സ്ഥാപിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
ബലക്ഷയമുള്ളതിനാല്‍ തകരാര്‍ പരഹരിച്ചാലും ഏത് നിമിഷവും പൊട്ടി ജലവിതരണം തടസ്സപ്പെടാം. പാറക്കൂട്ടങ്ങള്‍ നിറഞ്ഞ കതിനപ്പാറയില്‍ മറ്റു ജലസ്രേതസുകള്‍ ഒന്നുമില്ല. ഇക്കാരണത്താല്‍ അരക്കിലോമീറ്റര്‍ അകലെയുള്ള സ്വകാര്യവ്യക്തിയുടെ കിണറ്റില്‍ നിന്നാണ് കുടുംബങ്ങള്‍ ഇപ്പോള്‍ വെള്ളമെടുക്കുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam