
വയനാട് : കുടിവെളളത്തിനായി നെട്ടോട്ടമോടുകയാണ് വയനാട് അമ്പലവയലിലെ പാമ്പള ആദിവാസി കുടുംബങ്ങൾ. കോളനിയിലേക്കുളള കുടിവെളള പദ്ധതിയിലെ മോട്ടോര്‍ കേടായതിനാല്‍ ഏറെ ദൂരത്തുനിന്ന് വെളളം തലച്ചുമടായി കൊണ്ടുവരേണ്ട സ്ഥിതിയാണ്. മഴക്കാലത്തും വേനല്‍ക്കാലത്തും ഒരുപോലെ കുടിവെള്ള ക്ഷാമമനുഭവിക്കുന്ന ഇവരുടെ സങ്കടം കേള്‍ക്കാൻ ആരുമില്ല.
പാമ്പള കോളനിയിൽ മുമ്പ് ഒരു കിണറുണ്ടായിരുന്നു. ഇരുപതോളം കുടുംബങ്ങൾ അതിൽ നിന്നാണ് വെള്ളമെടുത്തിരുന്നത്. പ്രളയകാലത്ത് കിണർ ഇടിഞ്ഞു താഴ്ന്നു. ഉപയോഗശൂന്യമായ കിണറ്റിൽനിന്ന് വെള്ളമെടുക്കാൻ പറ്റാതായി. ഇതോടെ കുന്നിനുതാഴെ വയലിൽ നിന്നാണ് കോളനിയിലേക്ക് വെള്ളമെത്തിക്കുന്നത്. മോട്ടോർ സ്ഥാപിച്ച് വെള്ളം പമ്പ് ചെയ്ത് കോളനിയിലെത്തിക്കും. വെള്ളം ശേഖരിക്കാൻ ടാങ്കും നിർമിച്ചു. പക്ഷേ, മാസങ്ങളായി ഈ പദ്ധതിയിൽനിന്ന് ഒരു തുള്ളിവെള്ളം ഇവർക്ക് കിട്ടുന്നില്ല. മോട്ടോർ തകരാറിലായതാണ് കാരണം.
രണ്ടുതവണ കോളനിക്കാർ സ്വന്തം നിലയ്ക്ക് മോട്ടോർ നന്നാക്കി. പക്ഷേ, ചോർച്ചയുള്ള ടാങ്കിൽ വെള്ളം നിൽക്കാതായതോടെ പിന്നെയും പ്രതിസന്ധിയിലായി. കോൺക്രീറ്റ് അടർന്നു തുടങ്ങിയ ടാങ്കിന്റെ കമ്പികൾ പുറത്തുവന്ന നിലയിലാണിപ്പോൾ. കുടിക്കാനൊഴികെയുള്ള ആവശ്യങ്ങൾക്ക് മേൽക്കൂരയിൽനിന്ന് ശേഖരിക്കുന്ന മഴവെള്ളമാണ് ഉപയോഗിക്കുന്നത്. പിന്നെ മറ്റാവശ്യങ്ങൾക്ക് ദൂരെനിന്ന് വെള്ളം തലച്ചുമടായി കൊണ്ടുവരണം. കല്ലുപാകിയ വഴിയിലൂടെ കുത്തനെ ഇറങ്ങിവേണം പോകാൻ. മോട്ടോറും ടാങ്കും നന്നാക്കിയാൽ പ്രശ്നത്തിന് താത്കാലിക പരിഹാരമാകും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam