
ഇടുക്കി: കാലവര്‍ഷവും തൂലാവര്‍ഷവും ശക്തിപ്രാപിക്കുമ്പോഴും മൂന്നാര്‍ മേഖലയില്‍ കുടിവെള്ളക്ഷാമം രൂക്ഷമാകുകയാണ്. മൂന്നാര്‍ ടൗണ്‍, കോളനി, ഇക്കാനഗര്‍, 26 മുറി ലൈന്‍, 20 മുറി ലൈന്‍ എന്നിവിടങ്ങളില്‍ താമസിക്കുന്ന നൂറു കണക്കിന് ജനങ്ങളാണ് കഴിഞ്ഞ പത്തു ദിവസങ്ങളായി കുടിവെള്ളത്തിന് ക്ഷാമം അനുഭവിച്ചു വരുന്നത്.
വെള്ളം ക്ഷാമം നേരിട്ടതോടെ മൂന്നാറിലെ ഏറ്റവും ജനസാന്ദ്രയേറിയ കോളനി പോലുള്ള മേഖകളിലെ ജനങ്ങളുടെ ജീവിതം ദുരിതപൂര്‍ണ്ണമാവുകയാണ്. മൂന്നാര്‍ എആര്‍ പൊലീസ് ക്യാമ്പിന് സമീപത്തുള്ള വാട്ടര്‍ അതോറിറ്റി ടാങ്കില്‍ നിന്നുമാണ് ഈ പ്രദേശങ്ങളില്‍ പൈപ്പ് വഴി വെള്ളമെത്തിക്കുന്നത്. എന്നാല്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി രാവിലെയും വൈകിട്ടുമായി വിതരണം ചെയ്തിരുന്ന വെള്ളം മുടങ്ങിയതോടെയാണ് പ്രദേശവാസികള്‍ പെട്ടത്.
കുടിവെള്ളത്തിനായി മറ്റു സ്രോതസ്സുകള്‍ ഇല്ലാത്തതു കാരണം ഈ കുടുംബങ്ങളെല്ലാം കുടിവെള്ളത്തിനായി വാട്ടര്‍ അതോറിറ്റിയുടെ പൈപ്പിനെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ പതിവായി വൈദ്യുതി മുടങ്ങുന്നതും അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട കാരണങ്ങളുമാണ് വെളളം വിതരണം ചെയ്യുവാന്‍ സാധിക്കാത്തതെന്ന് വാട്ടര്‍ അതോറിറ്റി ഉദ്യാഗസ്ഥര്‍ പറഞ്ഞു. അതേ സമയം കുടിവെള്ളം ലഭിക്കാത്തതുമൂലം പൊതുജനങ്ങളുടെ ഭാഗത്തു നിന്നും പ്രതിഷേധമുയരുകയാണ്.
വെള്ളത്തിനായി മാസന്തോറുമുള്ള വരിസംഖ്യ കൃത്യമായി അടക്കുന്നവര്‍ക്കാണ് വെള്ളമില്ലാതെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുന്നത്. കുടിവെള്ള ക്ഷാമം പരിഹിക്കുന്നതിനായി മൂന്നാര്‍ ടൗണിനു സമീപത്തായി നിര്‍മ്മിക്കുന്ന ചെക്ക് ഡാമിന്റെ പണികള്‍ ഏകദേശം പൂര്‍ത്തിയായെങ്കിലും കുടിവെള്ളം എത്തിക്കാനുള്ള നടപടികള്‍ തുടക്കം കുറിക്കാനായിട്ടില്ല.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam