
തിരുവനന്തപുരം: തലസ്ഥാനത്തെ ഞെട്ടിച്ച കഴക്കൂട്ടം ഹോസ്റ്റൽ പീഡനക്കേസിലെ പ്രതിയായ ലോറി ഡ്രൈവർ ബെഞ്ചമിനെ പോലീസ് തെളിവെടുപ്പിനായി സംഭവസ്ഥലത്തെത്തിച്ചു. പീഡനം നടന്ന ഹോസ്റ്റൽ, മോഷണ ശ്രമം നടത്തിയ സമീപ വീടുകൾ, ട്രക്ക് പാർക്ക് ചെയ്ത സ്ഥലം എന്നിവിടങ്ങളിലാണ് പോലീസ് തെളിവെടുപ്പ് നടത്തിയത്.
ജനുവരി 17-ന് പുലർച്ചെയായിരുന്നു ഐടി ജീവനക്കാരിയായ യുവതിയെ ബെഞ്ചമിൻ ഹോസ്റ്റലിൽ കടന്ന് പീഡനത്തിന് ഇരയാക്കിയത്. ഉറങ്ങിക്കിടന്ന പെൺകുട്ടിയെ ഇയാൾ പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടി നിലവിളിച്ചതോടെ ഇയാൾ ഓടി രക്ഷപ്പെട്ടു. തെളിവെടുപ്പിനിടെ, ഹോസ്റ്റലിനുള്ളിൽ അതിക്രമിച്ചു കയറിയതെങ്ങനെ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പ്രതി പോലീസിനോട് വിശദീകരിച്ചു. തുടർന്ന്, സമീപത്തെ രണ്ട് വീടുകളിലും ഇയാൾ മോഷണ ശ്രമം നടത്തിയിരുന്നു. ഈ വീടുകളിലും പ്രതിയെ എത്തിച്ച് തെളിവെടുത്തു.
സംഭവത്തിന് ശേഷം പ്രതിയെക്കുറിച്ച് യാതൊരു സൂചനയുമില്ലാതിരുന്ന പോലീസ് കേസ് തെളിയിക്കാൻ സി.സി.ടി.വി. ദൃശ്യങ്ങളെയാണ് ആശ്രയിച്ചത്. ഹോസ്റ്റലിന് സമീപത്തുകൂടി അമിതവേഗത്തിൽ ഒരു ലോറി പോകുന്നത് സി.സി.ടി.വിയിൽ പതിഞ്ഞത് പോലീസിന് നിർണായകമായി. ഈ സൂചന പിന്തുടർന്ന് പോലീസ് പല ക്യാമറകൾ പരിശോധിച്ച് നടത്തിയ ഊർജിതമായ അന്വേഷണത്തിലാണ് ബെഞ്ചമിനാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞത്.
ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് ചരക്ക് കൊണ്ടുപോകുന്ന ലോറി ഡ്രൈവറായ ബെഞ്ചമിനെ, കേരളാ പോലീസ് അതിവേഗം നീങ്ങി 48 മണിക്കൂറിനുള്ളിൽ തമിഴ്‌നാട്ടിലെ മധുരയിൽ നിന്ന് പിടികൂടി. തമിഴ്‌നാട്ടിൽ ഇയാൾക്ക് മോഷണക്കേസുകൾ ഉൾപ്പെടെയുള്ള ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും പൊലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam