
ചേർത്തല: ചേർത്തല റെയിൽവേ സ്റ്റേഷന് സമീപമുള്ള കുറ്റിക്കാട്ടിൽ മനുഷ്യന്റെതെന്ന് തോന്നിക്കുന്ന മൃതദേഹാവശിഷ്ടം കണ്ടെത്തി. തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെ ദേശീയപാതയിലൂടെ കടന്നുപോയ ലോറി ഡ്രൈവർ മൂത്രമൊഴിക്കാൻ കാട്ടിൽ കയറിയപ്പോഴാണ് ഇത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ചേർത്തല ഡി വൈ എസ് പിയുടെയും സി ഐ ലൈസാദ് മുഹമ്മദിന്റെയും നേതൃത്വത്തിൽ പൊലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. കണ്ടെത്തിയത് പുരുഷന്റെ അസ്ഥികൂടമാണെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ.
മാസങ്ങളോളം പഴക്കമുള്ള മൃതദേഹാവശിഷ്ടം കിടന്ന സമീപത്തുനിന്ന് ചെരിപ്പും കണ്ടെത്തിയിട്ടുണ്ട്. കാലപ്പഴക്കത്താൽ എല്ലുകൾ വേർപെട്ട് പലയിടങ്ങളിലായാണ് കിടക്കുന്നത്. തലയോട്ടിയിൽ നിന്നും താടിയെല്ല്, തുടയെല്ല്, കൈകാലുകളിലെ എല്ലുകൾ എന്നിവ വിട്ട് മാറി കിടക്കുന്ന അവസ്ഥയിലായിരുന്നു. ഫോറൻസിക് വിഭാഗത്തിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി വണ്ടാനം മെഡിക്കൽ കോളജിലേക്ക് മാറ്റി.
കുറ്റിക്കാട്ടിൽ അറവ് അവശിഷ്ടവും കോഴിമാലിന്യവും കൊണ്ടുവന്നിടുന്ന പതിവുള്ളതുകൊണ്ട് ആരും ശ്രദ്ധിച്ചിരുന്നില്ല. സമീപ പ്രദേശങ്ങളിൽ സി സി ടി വി ഇല്ലാത്തത് അന്വേഷണത്തെ ബാധിച്ചേക്കും. സമീപ പൊലീസ് സ്റ്റേഷനുകളായ ചേർത്തല, അർത്തുങ്കൽ, പട്ടണക്കാട് എന്നീ പരിധിയിലുള്ള പ്രദേശങ്ങളിൽ നിന്നും കാണാതായവരുടെ ലിസ്റ്റ് എടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ടെന്ന് ചേർത്തല പൊലീസ് അറിയിച്ചു.