'കര്‍ണാടക ലൈസന്‍സ് കിട്ടാനെളുപ്പം'; വയനാട്ടില്‍ ഡ്രൈവിംഗ് പരീക്ഷയില്‍ തോല്‍ക്കുന്നവരെ മുതലെടുക്കുന്ന സംഘം സജീവം

By Web TeamFirst Published Jul 13, 2019, 8:52 PM IST
Highlights

രണ്ടും മൂന്നും പരീക്ഷകളില്‍ പരാജയപ്പെട്ടവരെയും ഇവരുടെ രക്ഷിതാക്കളെയുമാണ് തട്ടിപ്പുസംഘം സമീപിക്കുന്നത്. ഇരുചക്ര വാഹന ലൈസന്‍സിന് 8500 രൂപയും ഇതിന് മുകളിലുള്ള വാഹനങ്ങളുടെ ലൈസന്‍സിന് 12000 രൂപയുമാണ് ആവശ്യപ്പെടുന്നത്

മാനന്തവാടി: ഡ്രൈവിംഗ് ലൈസന്‍സിനുള്ള മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയതോടെ ഇത് മുതലെടുക്കുന്ന തട്ടിപ്പ് സംഘങ്ങള്‍ വയനാട്ടില്‍ സജീവമാകുന്നു. ലൈസന്‍സിനുള്ള പരീക്ഷകള്‍ നിരന്തരം പരാജയപ്പെടുന്നവരെ വിജിലന്‍സ് ഉദ്യോഗസ്ഥരെന്ന വ്യാജേന സമീപിച്ച് വിവരങ്ങള്‍ ശേഖരിക്കുകയും കര്‍ണാടകയില്‍ നിന്നും എളുപ്പത്തില്‍ ലൈസന്‍സ് തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് പണം പറ്റുകയുമാണ് സംഘത്തിന്‍റെ രീതി. ഡ്രൈവിംഗ് പരീക്ഷ നടക്കുന്ന മൈതാനങ്ങളില്‍ തമ്പടിക്കുന്ന സംഘം രക്ഷിതാക്കളെയും വലയിലാക്കുകയാണ്. കഴിഞ്ഞ ദിവസം ഇത്തരത്തിലെത്തിയ രണ്ടു പേരെ ടെസ്റ്റിനെത്തിയവരും നാട്ടുകാരും ചേര്‍ന്ന് പിടികൂടി പൊലീസിലേല്‍പ്പിച്ചിരുന്നു. സംശയാസ്പദമായ രീതിയില്‍ മാനന്തവാടി തോണിച്ചാലിലെ ജോയിന്‍റ് ആര്‍ ടി ഒ ഓഫീസ് മൈതാനത്തിന് സമീപം കണ്ട വടകര സ്വദേശികളെ ഡ്രൈവിങ് സ്‌കുള്‍ ഓണേഴ്‌സ് സമിതിയും, നാട്ടുകാരും  ചോദ്യം ചെയ്യുകയായിരുന്നു.

രണ്ടും മൂന്നും പരീക്ഷകളില്‍ പരാജയപ്പെട്ടവരെയും ഇവരുടെ രക്ഷിതാക്കളെയുമാണ് തട്ടിപ്പുസംഘം സമീപിക്കുന്നത്. ഇരുചക്ര വാഹന ലൈസന്‍സിന് 8500 രൂപയും ഇതിന് മുകളിലുള്ള വാഹനങ്ങളുടെ ലൈസന്‍സിന് 12000 രൂപയുമാണ് ആവശ്യപ്പെടുന്നത്. കര്‍ണാടകയിലെ മൈസൂര്‍, ഹുന്‍സൂര്‍  ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ ഉദ്യോഗാര്‍ഥി ഒരു തവണ മാത്രം എത്തിയാല്‍ ലേണേഴ്‌സ് പരീക്ഷയോ, ഡ്രൈവിംഗ് പ്രായോഗിക പരീക്ഷയോ ഇല്ലാതെ ലൈസന്‍സ് തരപ്പെടുത്തി കൊടുക്കാമെന്നാണ് വാഗ്ദാനം. എജന്‍റുമാരുടെയടുത്ത് ഒരു ഉദ്യോഗാര്‍ഥിയെ എത്തിച്ചാല്‍ ആയിരം രൂപ കമ്മിഷനും സംഘം വാഗ്ദാനം ചെയ്തതായി ഡ്രൈവിങ് സ്‌കൂള്‍ അധികതരില്‍ ചിലര്‍ പറഞ്ഞു.

വ്യാജ ലൈസന്‍സുകള്‍ നിയന്ത്രിക്കുന്നതിനും ഗതാഗത നിയമങ്ങളിലും ലൈസന്‍സ് മാനദണ്ഡങ്ങളിലും ഏകീകൃത സംവിധാനം കൊണ്ടുവരുന്നതിന്‍റെ ഭാഗമായി 'വാഹന്‍ സാരഥി' അടുത്തിടെയാണ് സംസ്ഥാനത്ത് തുടങ്ങിയത്. പുതിയ രീതിയിലുള്ള ആര്‍ സി ബുക്കുകളും ലൈസന്‍സുകളുമാണ് ഈ ആപ്ലിക്കേഷന്‍ വഴി വിതരണം ചെയ്യുന്നത്. എന്നാല്‍ ഇതിനെയൊക്കെ മറികടന്ന് പരീക്ഷയില്‍ പരാജയപ്പെടുന്നവര്‍ക്ക് ഒരു വിധത്തിലും ലൈസന്‍സ് സംഘടിപ്പിച്ച് നല്‍കാന്‍ ഇവര്‍ക്ക് കഴിയില്ലെന്ന് മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

നേരായ മാര്‍ഗത്തിലൂടെയല്ലാതെ ലൈസന്‍സും വാഹനരേഖകളും സംഘടിപ്പിച്ച് നല്‍കുന്ന വ്യാജ ഏജന്‍റുമാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഉന്നത അധികാരികള്‍ക്ക് പരാതി നല്‍കിയതായി മാനന്തവാടി താലൂക്ക് ഡ്രൈവിംഗ് സ്‌കൂള്‍ ഓണേഴ്‌സ് സമിതി ഭാരവാഹികള്‍ പറഞ്ഞു. ഡ്രൈവിംഗ് പ്രായോഗിക പരീക്ഷക്ക് തടസ്സം നേരിട്ടെന്നും വിജിലന്‍സ് ചമഞ്ഞ് ചിലര്‍ മൈതാനത്തിന് സമീപമെത്തി ഡ്രൈവിംഗ് പരീക്ഷക്കെത്തിയവരില്‍ നിന്നും രേഖകള്‍ പരിശോധിച്ചുവെന്നും കാണിച്ച് മാനന്തവാടി ജോയന്റ് ആര്‍ ടി ഒ യും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

click me!