
ആലപ്പുഴ: ആലപ്പുഴയിലെ നൂറനാട് പടനിലത്തെ ജിംനേഷ്യം കേന്ദ്രീകരിച്ചുള്ള രാസലഹരി ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യ വില്പനക്കാരനെയും ഇടനിലക്കാരനെയും ബെംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തു. കാസർകോട് സ്വദേശി മുഹമ്മദ് ജാബിദ് എൻ എം (31), കോഴിക്കോട് സ്വദേശി മുഹമ്മദ് സഹൽ (22) എന്നിവരാണ് നൂറനാട് പൊലീസ് ഇൻസ്പെക്ടർ എസ് ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്‍റെ പിടിയിലായത്.
നൂറനാട് പടനിലം ഭാഗത്തുള്ള ജിംനേഷ്യം നടത്തിപ്പുകാരനായ അഖിൽ നാഥ് ജി (31), കൂട്ടാളി വിൻരാജ് (28) എന്നിവരെ 47.37 ഗ്രാം എംഡിഎംഎയുമായി ഒക്ടോബറിൽ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കസ്റ്റഡിയിൽ വാങ്ങി നടത്തിയ അന്വേഷണത്തിലാണ് എംഡിഎംഎ വാങ്ങിയത് എവിടെ നിന്നെന്ന് വ്യക്തമായത്. തുടർന്ന് നൂറനാട് പൊലീസ് ബെംഗളൂരുവിലേക്ക് തിരിച്ചു. ഇവിടെ വച്ച് നെല്ലിക്കുന്ന് സ്വദേശി മുഹമ്മദ് ജാബിദിനെ ശനിയാഴ്ച അർദ്ധരാത്രിയോടെ അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ എം എസ് രാമയ്യ മെഡിക്കൽ കോളജിന് സമീപം തുണിക്കട നടത്തിയിരുന്ന ഇയാൾ കഴിഞ്ഞ മൂന്നു വർഷമായി കോളജ് വിദ്യാർത്ഥികൾക്കിടയിൽ എംഡിഎംഎ വിൽക്കുന്നതിലെ പ്രധാന ഇടപാടുകാരനാണെന്ന് പൊലീസ് പറയുന്നു.
തുടർന്ന് രാത്രി തന്നെ ഇടനിലക്കാരനായ കോഴിക്കോട് നീലേശ്വരം സ്വദേശി മുഹമ്മദ് സഹലിനെയും അറസ്റ്റ് ചെയ്തു. പ്രതികളെ മാവേലിക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി-2 മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു. മുഹമ്മദ് ജാബിദിനെയും മുഹമ്മദ് സഹലിനെയും പൊലീസ് കസ്റ്റഡിയിൽ വാങ്ങും. അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സിനു വർഗീസ്, സീനിയർ സിവിൽ പൊലീസ് ഓഫിസര്‍മാരായ ശരത്ത് എ, കലേഷ് കെ, ആലപ്പുഴ ഡാൻസാഫ് സംഘത്തിലെ അംഗമായ ഗിരീഷ് ലാൽ വി വി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.