
മലപ്പുറം: മലപ്പുറം കോട്ടക്കലിൽ എക്സൈസ് പരിശോധനയിൽ 16 കിലോയിലധികം കഞ്ചാവും 20 ലക്ഷത്തിലധികം രൂപയുമായി സ്‌കൂൾ ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്തു. കോട്ടക്കൽ സ്വദേശിയായ ഷഫീർ വി കെ (34) എന്നയാളെയാണ് കുറ്റിപ്പുറം എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ അഖിൽ പി എമ്മും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്. കോട്ടക്കൽ ടൗണിൽ നടത്തിയ പരിശോധനയിൽ ബൈക്കിൽ കഞ്ചാവുമായി വന്ന ഇയാളെ പിടികൂടുകയും തുടർന്ന് ചോദ്യം ചെയ്യലിൽ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ വീട്ടിൽ സൂക്ഷിച്ചരുന്ന ബാക്കി കഞ്ചാവും കണക്കിൽപ്പെടാത്ത പണവും കണ്ടെടുക്കുകയുമായിരുന്നു.
ആകെ 16.6 കിലോഗ്രാം കഞ്ചാവും 20,94,810 രൂപയും കഞ്ചാവ് കടത്തിക്കൊണ്ട് വന്ന ബൈക്കും എക്സൈസ് കസ്റ്റഡിയിലെടുത്തു. കാലങ്ങളായി കോട്ടക്കലിലെ ഒരു സ്കൂളിൽ ബസ് ഡ്രൈവറായി ജോലി ചെയ്തുവരുന്ന പ്രതി പകൽ ഡ്രൈവർ ജോലി ചെയ്യുകയും അതിന് ശേഷം കോട്ടക്കലിലും പരിസര പ്രദേശങ്ങളിലും കഞ്ചാവ് മൊത്തമായും ചില്ലറയായും കച്ചവടം നടത്തിവരികയുമായിരുന്നു.
എക്സൈസ് ഇന്‍റലിജൻസ് ബ്യൂറോ ഇൻസ്പെക്ടർ ടി ഷിജുമോൻ, എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗങ്ങളായ അഖിൽദാസ് ഇ, സച്ചിൻദാസ് വി, പ്രവീൺ ഇ എന്നിവരും കുറ്റിപ്പുറം എക്സൈസ് റേഞ്ചിലെ പ്രിവന്‍റീവ് ഓഫീസർ പ്രമോദ് പി പി, ലെനിൻ പി, സിവിൽ എക്സൈസ് ഓഫീസർമാരായ അലക്സ്, ദിവ്യ കെ, അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ഡ്രൈവർ ഗണേഷ് കെ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
കോഴിക്കോട് വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി യുവാവ് പിടിയിലായി. കോഴിക്കോട് ഉള്ള്യേരി സ്വദേശിനി ചേനിയകണ്ടി വീട്ടില്‍ ആദര്‍ശിനെ (ലംബു 23) ആണ് കസബ പൊലീസ് പിടികൂടിയത്. നിരവധി മയക്കുമരുന്ന് കേസിലെ പ്രതിയാണ് ഇയാള്‍. പാളയം ബസ് സ്റ്റാന്‍റിലെ ശുചുമുറിക്ക് സമീപം നില്‍ക്കുകയായിരുന്ന ഇയാള്‍ പൊലീസിനെ കണ്ടപാടേ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. ഇയാളെ തടഞ്ഞ് പരിശോധിച്ചപ്പോള്‍ 54 ഗ്രാം കഞ്ചാവ് കണ്ടെത്തി. വില്‍പനക്കായി കൊണ്ടുവന്നതായിരുന്നു കഞ്ചാവെന്ന് പൊലീസ് പറഞ്ഞു.