
ഇടുക്കി: മദ്യലഹരിയില്‍ മകനെ പിതാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. അന്യാര്‍തൊളു പെരുമാള്‍ പറമ്പില്‍ അമലിനെ(22)യാണ് പിതാവ് ശശി ദേഹമാസകലം കുത്തിപ്പരിക്കേല്‍പ്പിച്ചത്. ഗുരുതരാവസ്ഥയിലായ അമലിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് നടത്തിയ ചികിത്സയില്‍ അമല്‍ അപകടാവസ്ഥ തരണം ചെയ്തു.
പ്രതിയെ ഇന്നലെ വൈകിട്ടോടെ കുമളിയില്‍ നിന്നും കമ്പംമെട്ട് പൊലീസ് പിടികൂടി. ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. തമിഴ്നാട്ടിലെ ഹോട്ടല്‍ ജീവനക്കാരനായ ശശി വല്ലപ്പോഴുമാണ് വീട്ടിലെത്തിയിരുന്നത്. ഞായറാഴ്ച വീട്ടിലെത്തിയ ശശി വീട്ടുകാരുമായി വാക്കേറ്റം ഉണ്ടാകുകകയും ഇതിനെ എതിര്‍ത്തതോടെ ഇയാള്‍ അമലിനുനേരെ തിരിയുകയും കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നു. ആക്രമണത്തിന് ശേഷം തമിഴ്‌നാട് കട്ക്കുകയും ജോലി തേടി തിരികെ കുമളിയില്‍ എത്തിയ പ്രതിയെ പിന്‍തുടര്‍ന്ന് കമ്പംമെട്ട് പൊലീസ് പിടികൂടുകയായിരുന്നു.
Read more: കളിയാക്കിയത് ചോദ്യം ചെയ്തു, നെടുമങ്ങാട് യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച യുവാക്കൾ പിടിയിൽ
അതേസമയം, കർണ്ണാടകയിൽ നിന്ന് കഴിഞ്ഞ ദിവസം സമാനമായ വാർത്ത പുറത്തുവന്നു. മദ്യപിച്ച് വീട്ടിലുള്ളവരെ തല്ലിച്ചതച്ച മകനെ പിതാവ് മരത്തിൽ കെട്ടിയിട്ട ശേഷം പെട്രോളൊഴിച്ച് തീവെച്ചു കൊലപ്പെടുത്തി. ബെംഗളൂരു റൂറൽ ജില്ലയിലെ ദൊഡ്ഡബല്ലാപുരയ്ക്ക് സമീമുള്ള വണിഗരഹള്ളിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. മുപ്പതുകാരനായ ആദർശ് ആണ് കൊല്ലപ്പെട്ടത്. മദ്യപിച്ചെത്തുന്ന യുവാവ് വീട്ടിലുള്ളവരെ മർദ്ദിക്കുന്നത് പതിവായിരുന്നു. മകന്‍റെ അതിക്രമം സഹിക്കവയ്യാതെയാണ് അച്ഛൻ ഈ കടും കൈ ചെയ്തതെന്നാണ് പൊലീസ് പറയുന്നത്.
സംഭവത്തിൽ ആദർശിന്‍റെ പിതാവ് ജയരാമയ്യയെ പൊലീസ് അറസ്റ്റ് ചെയ്തു. ആദർശ് പതിവായി മദ്യപിച്ച് ലക്കുകെട്ടാണ് വീട്ടിലെത്താറെന്ന് പിതാവ് പറഞ്ഞു. സ്ഥിരമായി വീട്ടിലുള്ളവരെ ഉപദ്രവിക്കും. മദ്യപിച്ചു കഴിഞ്ഞാൽ വീട്ടിലുള്ളവരെ അതിക്രൂരമായി തല്ലിച്ചതക്കുന്നതാണ് ഇയാളുടെ രീതി. കഴിഞ്ഞ ദിവസം വൈകിട്ടു മദ്യപിക്കാൻ ആദർശ് പണം ആവശ്യപ്പെട്ടു. പണം നൽകാത്തതിന് ഇയാൾ അമ്മയെ ക്രൂരമായി മർദ്ദിച്ചു. തടയാൻ ശ്രമിച്ച അച്ഛൻ ജയരാമയ്യയേും ആദർശ് തല്ലിച്ചതച്ചു.
അതിക്രമത്തിന് ശേഷം വീട്ടിൽനിന്നും പുറത്തേക്ക് പോയ ആദർശ് രാത്രിയോടെയാണ് വീട്ടിൽ തിരിച്ചെത്തിയത്. മദ്യപിച്ച് ബോധമില്ലാത്ത അവസ്ഥയിലെത്തിയ ആദർശ് വീണ്ടും വീട്ടുകാരുമായി വഴക്കിട്ടു. ഇതോടെ പിതാവ് വീടിനോടു ചേർന്നുള്ള തോട്ടത്തിലേക്ക് ആദർശിനെ കൂട്ടി കൊണ്ടുപോയി. പിന്നീട് തോട്ടത്തിലെ മരത്തിൽ കെട്ടിയിട്ടു. രക്ഷപെടാതിരിക്കാൻ കയ്യും കാലും പിറകിലേക്കു കൂട്ടിക്കെട്ടിയ ശേഷം പെട്രോളൊഴിച്ച് തീവയ്ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.