യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാക്കൾ പിടിയിൽ.
തിരുവനന്തപുരം: യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാക്കൾ പിടിയിൽ. നെടുമങ്ങാട് പത്താംകല്ല് പാറക്കാട് തോട്ടരികത്ത് വീട്ടിൽ ശോഭ കുമാർ മകൻ ദീജു (24), വെള്ളനാട് കൂവക്കുടി നിധിൻ ഭവനിൽ ഉണ്ണികൃഷ്ണൻ മകൻ ജിതിൻ കൃഷ്ണ (26) എന്നിവരാണ് പിടിയിലായത്.
ഇക്കഴിഞ്ഞ 30 -ന് വെളുപ്പിന് 12.15 -നാണ് സംഭവം. കച്ചേരി ജങ്ഷനിലെ പൂക്കടയ്ക്ക് മുന്നിലൂടെ ബൈക്കിൽ പോയ നെടുമങ്ങാട് അയണിമൂട് അഭിന മൻസിലിൽ വാടകയ്ക്ക് താമസിക്കുന്ന ശ്രീജിത്ത് (29)നു നേരെയാണ് സംഘം അക്രമം നടത്തിയത്.
പൂക്കടയ്ക്ക് മുന്നിൽ നിന്ന ശ്രീജിത്തിനെ പിടിയിലായ ഇരുവരും കളിയാക്കി എന്നും ഇത് ചോദ്യം ചെയ്തതിലുള്ള വിരോധത്തിൽ പൂക്കടയിലെ ജീവനക്കാരനായ ജിതിൻ കൃഷ്ണ പൂക്കടയിൽ നിന്നും കത്രിക എടുത്ത് ശ്രീജിത്തിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുക ആയിരുന്നു എന്നും പൊലീസ് പറഞ്ഞു. ദീജുവിന്റെ പേരിൽ വേറെ നാലോളം കേസുകളും, ജിതിൻ കൃഷ്ണയുടെ പേരിൽ വേറെ മൂന്നോളം കേസുകളും ഉണ്ട്.
നെടുമങ്ങാട് ഇൻസ്പെക്ടർ ശ്രീകുമാരൻ നായർ, എസ്ഐമാരായ ശ്രീലാൽ ചന്ദ്രശേഖരൻ, മനോജ്, എസ് സിപിഒ ആർ ബിജു, സി പി ഒ-മാരായ ശ്രീനാഥ്, വൈശാഖ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിൽ ആയവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അതേസമയം, തലസ്ഥാനത്ത് യുവതിയുടെ കഴുത്തിൽ നിന്നു അഞ്ച് പവൻ സ്വർണമാല പൊട്ടിച്ചു കടന്ന പ്രതികൾ മണിക്കൂറുകൾക്കുള്ളിൽ പിടിയിലായി. തെന്നൂർക്കോണം ഞാറവിളയിൽ ആണ് സംഭവം. വിഴിഞ്ഞം കരയടി വിള പിറവിളാകം വീട്ടിൽ കൊഞ്ചൽ എന്നു വിളിക്കുന്ന ജിതിൻ (24), വിഴിഞ്ഞം പള്ളിത്തുറ പുരയിടം വീട്ടിൽ ഇമാനുവേൽ (26), വിഴിഞ്ഞം കടയ്ക്കുളം കുരുവിത്തോട്ടം വീട്ടിൽ ഫെലിക്സൺ എന്നിവരെയാണ് വിഴിഞ്ഞം പൊലീസ് വർക്കലയിലെ റിസോർട്ടിൽ നിന്നും പിടികൂടിയത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് സംഭവം നടന്നത്. ഞാറവിള എസ്.എസ്. ഭവനിൽ എസ്.എസ്. ഷിജുവിന്റെ ഭാര്യ വി. രാഖി (30)യുടെ മാലയാണ് വീടിന് സമീപം വച്ചുള്ള ഇടവഴിയിൽ വെച്ച് മോഷ്ടാക്കള്‍ പൊട്ടിച്ച് കടന്നത്. സ്കൂളിൽ നിന്ന് മകനെ വിളിക്കാൻ വീടിനു സമീപത്തെ ഇടവഴിയിലൂടെ നടക്കുമ്പോൾ പുറകിലൂടെ നടന്നെത്തിയ ജിതിനാണ് മാല പൊട്ടിച്ചത്. പിടിവലിക്കിടെ യുവതിയുടെ കഴുത്തിനു പരിക്കേറ്റിരുന്നു. പരാതി ലഭിച്ചതോടെ വിഴിഞ്ഞം എസ്.ഐ. സമ്പത്തിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ മോഷണം നടന്ന് മണിക്കൂറുകള്‍ക്കുള്ളിൽ പിടിയിലാകുന്നത്.
