
പുനലൂർ: കൊല്ലം പുനലൂരിൽ പിങ്ക് പൊലീസിന്‍റെ വാഹനം അടിച്ചു തകർത്തയാളെ പൊലീസ് പിടികൂടി. വാഴവിള സ്വദേശി ഹരിലാലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച വൈകിട്ട് അഞ്ച് മണിയോടെ പുനലൂർ കെഎസ്ആർടിസി ബസ് സ്റ്റാന്റിന് സമീപത്തുവെച്ചാണ് ഇയാള്‍ പൊലീസിന്‍റെ കാർ അടിച്ച് തകർത്തത്.
മദ്യപിച്ചെത്തി ബഹളം ഉണ്ടാക്കുകയും വാഹനങ്ങൾ തടയുകയും ചെയ്ത ഹരിലാലിനോട് സ്ഥലത്ത് നിന്നും മാറി പോകാൻ പിങ്ക് പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഇതിൽ പ്രകോപിതനായാണ് പ്രതി ആക്രമണം നടത്തിയത്. റോഡരികിൽ കിടന്ന കോൺക്രീറ്റ് കട്ട ഉപയോഗിച്ച് പിങ്ക് പോലീസിന്റെ കാറിൻറെ പിന്നിലെ ചില്ല് ഇടിച്ചു തകർക്കുകയായിരുന്നു.
വിവരമറിഞ്ഞ് കൂടുതൽ പോലീസ് എത്തിയാണ് ഹരിലാലിനെ പിടികൂടിയത്. മോഷണ കേസിലും ലഹരി മരുന്നു കേസിലും അടിപിടി കേസിലും ഇയാൾ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ ഹരിലാലിനെ റിമാൻഡ് ചെയ്തു.
Read More : യുവതിയുടെ ചിത്രങ്ങൾ മോർഫ് ചെയ്തു, വാട്ട്സാപ്പിലൂടെ പ്രചരിപ്പിച്ചു, അയൽവാസിക്കും അയച്ചു; എംബിഎക്കാരൻ പിടിയിൽ