
തൃശൂര്‍: കാട്ടാനയുടെ ആക്രമണത്തെ പ്രതിരോധിക്കാന്‍ വഴികള്‍ പലതു നോക്കി പരാജയപ്പെട്ടതോടെ പാലപ്പിള്ളിയിലെ പാത്തുമ്മ എന്ന വയോധികയും മക്കളും പകല്‍ മാത്രമാണ് വീട്ടില്‍ താമസിക്കുന്നത്. രാത്രിയില്‍ തൊട്ടടുത്ത ടൗണിലുള്ള മകന്‍റെ വാടക വീട്ടിലേക്ക് മാറും. പറമ്പിലുള്ളതത്രയും ആന ചവിട്ടി നശിപ്പിച്ചു. വീട് സംരക്ഷിക്കാന്‍ ചുറ്റും വൈദ്യുതിവേലി കെട്ടിത്തിരിച്ചിരിക്കുകയാണ് ഇപ്പോള്‍.
'ആദ്യമൊക്കെ ടോര്‍ച്ചടിച്ചാല്‍ ആന ഓടിയിരുന്നു, പടക്കം പൊട്ടിച്ചാല്‍ ആന ഓടിയിരുന്നു, തീയിട്ടാല്‍ ആന വരില്ലായിരുന്നു. പിന്നെ ആന ഇതൊക്കെ മനസ്സിലാക്കി'- നാല്പത്തിയാറ് വയസ്സുണ്ട് മുസ്തഫയ്ക്ക്. പാലപ്പിള്ളി ജൂണ്‍ ടോളി റബ്ബര്‍ എസ്റ്റേറ്റിന് നടുവില്‍ ഒന്നരയേക്കര്‍ പുരയിടത്തിലാണ് ജനിച്ചു വളര്‍ന്ന വീടുള്ളത്. ആറു കൊല്ലത്തിലേറെയായി വീട് വിട്ടിറങ്ങിയിട്ട്. അഞ്ഞൂറിലധികം കവുങ്ങും തെങ്ങും വാഴകളും പച്ചക്കറിയും കന്നുകാലിയും കോഴിയും താറാവും എന്നുവേണ്ട ജീവിക്കാന്‍ വേണ്ടതെല്ലാം ഇവിടെയുണ്ടായിരുന്നു. കാട്ടാനക്കൂട്ടത്തിന്‍റെ നിരന്തര ശല്യത്തില്‍ എല്ലാം നഷ്ടപ്പെട്ടു.
കൂട്ടത്തോടെയാണ് വരവ്. കണ്ണില്‍ കണ്ടതെല്ലാം താറുമാറാക്കി മടങ്ങും. പടക്കം പൊട്ടിച്ചും ടോര്‍ച്ചടിച്ചും ആനയെത്തുരത്തിയ കാലമൊക്കെ കഴിഞ്ഞു. മരങ്ങളില്‍ മുള്ളുവേലി കെട്ടിയിട്ടും രക്ഷയില്ല. പൊറുതിമുട്ടി താമസം മാറി. പക്ഷെ ജീവിച്ച വീടും പരിസരവും ഉപേക്ഷിച്ചു പോകാന്‍ ഉമ്മ പാത്തുമ്മയ്ക്ക് മനസ്സുവന്നില്ല. പകല്‍ നേരത്ത് വീട്ടില്‍ വന്നുനില്‍ക്കും.
ആനയും പുലിയും ചെന്നായയുമൊക്കെ വരുമെന്ന് പാത്തുമ്മ പറയുന്നു. എല്ലാം നശിപ്പിച്ചു. ഇനിയുള്ളത് അഞ്ചാറ് റബ്ബറും തെങ്ങും മാത്രമാണെന്നും പാത്തുമ്മ പറഞ്ഞു. വീടിന് സംരക്ഷണത്തിനിട്ട വൈദ്യുതി വേലിയും തള്ളിമറിച്ചിട്ട് കാട്ടാനക്കൂട്ടം പറമ്പിലെത്തിയെന്ന് പാത്തുമ്മയുടെ മകന്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam