
തിരുവനന്തപുരം: പൂവച്ചൽ പഞ്ചായത്തിൽ അനധികൃത പന്നിഫാമുകൾ ജനജീവിതം ദുസഹമാക്കുന്നതായി പരാതി. നഗരപരിധിയിൽ നിന്ന് മാലിന്യങ്ങൾ ജനവാസ മേഖലയിൽ കൊണ്ട് തള്ളിയതായി പരാതി. നിരവധി തവണ പരാതി നൽകിയിട്ടും അധികൃതർ അവഗണിക്കുന്നതായി നാട്ടുകാർ. നാടാകെ ശുചീകരണ പ്രവർത്തനങ്ങൾക്ക് തദ്ദേശസ്ഥാപനങ്ങൾ നേതൃത്വം നൽകുമ്പോൾ മാലിന്യം നിറഞ്ഞ ജലസ്രോതസ്സുകളും, ശുദ്ധവായു ശ്വസിക്കാൻ കഴിയാത്ത സാഹചര്യവുമായി മാറുകയാണ് പൂവച്ചൽ പഞ്ചായത്തിലെ കട്ടക്കോട്, കരിങ്കോട്, പാറാംകുഴി, കാപ്പിക്കാട് തുടങ്ങിയ പ്രദേശങ്ങൾ.
നാട്ടുകാർ സംഘടിച്ച് ഇന്ത്യൻ പ്രസിഡന്റ്, പ്രധാന മന്ത്രി, കേരള ഗവർണർ, മുഖ്യമന്ത്രി, ദേശീയ മാലിനികരണ ബോർഡ്, ഗതാഗത വകുപ്പ്, ദേശീയ തദ്യേശിയ വകുപ്പ്, ദേശീയ ഹരിത മിഷൻ, സംസ്ഥാന ഹരിത മിഷൻ, ദേശീയ ആരോഗിയ വകുപ്പ്, മുഖ്യ മന്ത്രി, ആരോഗ്യം, മോട്ടോർ വാഹന വകുപ്പ് , ശിശു ക്ഷേമ വകുപ്പ്, മനുഷ്യാവകാശ കമ്മീഷൻ, ഡിജിപി, റൂറൽ എസ്പി, ഡിവൈഎസ്പി, പഞ്ചായത്ത് ഡയരക്ടർ, പ്രതിപക്ഷ നേതാവ്, ഷാഫി പറമ്പിൽ, എംപി അടൂർ പ്രകാശ്, അരുവിക്കര എംഎൽഎ ജി സ്റ്റീഫൻ തുടങ്ങിയവർക്ക് പരാതികൾ നൽകിയിട്ടും പന്നി ഫാമിന്‍റെ പ്രവർത്തനത്തെ കുറിച്ച് അന്വേഷിക്കാൻ പോലും നടപടി ആയില്ല എന്ന ആക്ഷേപമുണ്ട്.
എതിർക്കുന്നവരും പരാതി കൊടുക്കുന്നവരെയും ഫാം ഉടമകൾ ഭീഷണിപ്പെടുത്തുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. ജില്ലയിലെയും തമിഴ്നാട്ടിലെയും ഫാം ഉടമകൾ സംഘടിച്ച് ഫാമിനെതിരെ ശബ്ദിക്കുന്നവരെ ഇല്ലാതാക്കാൻ ഉള്ള യോഗങ്ങൾ കൂടി പദ്ധതികൾ ആസൂത്രണം ചെയ്യുകയാണെന്നും ഇതിൻ്റെ ഓഡിയോ ക്ലിപ്പ്കൾ ഇപ്പൊൾ പുറത്തു വന്നിട്ടുണ്ട് എന്നും നാട്ടുകാർ പറയുന്നു. ഇതിനെതിരെ പ്രദേശങ്ങളിൽ ജനകീയ സമിതിയുടെ നേതൃത്വത്തിൽ വൻ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്. അധികൃതർ ഇടപെടാതെ മൗനം പാലിക്കുന്ന പക്ഷം ഇരു വിഭാഗങ്ങൾ തമ്മിലുള്ള വൻ സംഘർഷത്തിന് വഴി വയ്ക്കുന്ന സാഹചര്യം ആണ് ഇപ്പോഴുള്ളത്.
കഴിഞ്ഞ ദിവസം പരാതിയെ തുടർന്ന് വാർത്ത ചിത്രീകരിക്കാൻ എത്തിയവർക്ക് നേരെയും ഫാം ഉടമകൾ അക്രമണത്തിന് തുഞ്ഞിനെങ്കിലും നാട്ടുകാർ ഇടപെട്ട് പ്രതിരോധിച്ചു. കട്ടക്കോട് പ്രദേശത്ത് 20ലധികം അനധികൃത പന്നിഫാമുകൾ ആണ് ഉള്ളത് എന്ന് നാട്ടുകാർ പറയുന്നു. വീട്ടുവളപ്പിലും പരിസരത്തും ഷെഡുകൾ കെട്ടി മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന പന്നിവളർത്തൽ കേന്ദ്രങ്ങൾക്ക് ഭൂരിഭാഗത്തിനും മതിയായ ലൈസൻസ് ഇല്ല. തിരുവനന്തപുരം നഗരത്തിലെ അറവുശാലകളിൽ നിന്നും കാറ്ററിംഗ് സ്ഥാപനങ്ങളിൽ നിന്നും ഹോട്ടലിൽ നിന്നും കൊണ്ടുവരുന്ന ഭക്ഷണ അവശിഷ്ടങ്ങളും മാംസങ്ങളും കുന്നുകൂടി പ്രദേശം ആകെ ദുർഗന്ധം വമിക്കുകയാണ്. നഗരത്തിൽ നിന്നും കൊണ്ടുവരുന്ന ഭക്ഷണ അവശിഷ്ടങ്ങൾക്കൊപ്പം ഉള്ള പ്ലാസ്റ്റിക് മാലിന്യം കൂട്ടിയിട്ട് കത്തിക്കുമ്പോൾ ഉണ്ടാകുന്ന വിഷപ്പുക വിശ്വസിച്ചു നാട്ടുകാർക്ക് ശ്വാസ കോശ രോഗങ്ങൾ പടരുകയാണ്.
വീട്ടിൽ 5 പന്നികളെ വരെ വളർത്താൻ ലൈസൻസ് വേണ്ടെന്ന് നിയമത്തിന്റെ മറവിലാണ് നൂറിലേറെ പന്നികളെ ഇവർ വളർത്തുന്നത്. പാറാംകുഴി, കരിയംങ്കോട് പ്രദേശത്തുള്ള 27 വീട്ടിൽ 14 എണ്ണത്തിലും ഫാമുകൾ. ഓരോ ഫാമിലും 100 ലേറെ പന്നികൾ. ഓരോ വീട്ടുകാർക്കും സ്വന്തമായി ഉള്ളത് ശരാശരി 10 മുതൽ 15 സെൻറ് വരെ ഭൂമി. മുന്നറിപ്പ് നൽകി പരിശോധനയ്ക്ക് ഉദ്യോഗസ്ഥർ എത്തുമ്പോൾ അഞ്ചിൽ കൂടുതലുള്ള പന്നികളെ സ്ഥലത്തുനിന്ന് മാറ്റുകയാണ് പതിവ്. ആരോഗ്യവകുപ്പ് തദ്ദേശസ്ഥാപന ഉദ്യോഗസ്ഥരുടെയും ചില ജനപ്രതിനിധികളുടെയും രാഷ്ട്രീയക്കാരുടെയും സഹായത്തോടെയാണ് ഇവർ ആരെയും വകവയ്ക്കാതെ പൊതു സമൂഹത്തിന് വെല്ലുവിളിച്ച് പ്രവർത്തിക്കുന്നത് എന്ന് നാട്ടുകാർ പറയുന്നു.
മഴക്കാലം വന്നതോടെ പ്രദേശവാസികളുടെ ജീവിതം കൂടുതൽ ദുരിത പൂർണമായി. കിണറുകളിൽ ഇപ്പോൾ മലിനജലം ഒഴുകിയെത്തിയിരിക്കുകയാണ്.ജലസ്രോതസ്സുകൾ മുഴുവൻ മലിനമായിരിക്കുകയാണ്. ഫാമിന് സമീപത്ത് കുഴിവെട്ടി മലിനജലം കെട്ടി നിർത്തിയിരിക്കുന്നത് കാരണം പ്രദേശത്ത് സങ്ക്രമിക രോഗങ്ങൾ പടരാനുള്ള സാധ്യതയും ഉണ്ട് . ഫാമിൽ നിന്ന് ഹോസ് ഉപയോഗിച്ച് നല്ല ജലം തോട്ടിലേക്കും മഴവെള്ള സംഭരണിയിലേക്കും ഒഴുക്കുന്നു. ഈ കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ രോഗങ്ങളും ത്വക്ക് രോഗങ്ങളും വ്യാപകമാവുകയാണ്. പന്നി ഫാമിൻ്റെയും. ഉടകളുടെയും ഭീഷണിയെ കുറിച്ച് നാട്ടുകാർ കാട്ടാക്കട വിളപ്പിൽശാല സ്റ്റേഷനിലും, കാട്ടാക്കട ഡിവൈഎസ്പിക്കും മുതിർന്ന പോലീസ് ഉദ്യോഗസ്ഥർക്കും പരാതി നൽകിയെങ്കിലും ഇതിനും യാതൊരു നടപടിയും ഉണ്ടായിട്ടില്ല എന്നാണ് പ്രദേശവാസികൾ പറയുന്നത്.
Read More : നഗ്നതാ പ്രദർശനം; ജാമ്യം കിട്ടിയ സവാദിനെ പൂമാലയിട്ട് സ്വീകരിച്ച് ഓൾ കേരള മെൻസ് അസോസിയേഷൻ
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam