
വയനാട്: ക്വാറന്‍റീനിൽ കഴിയുന്ന ആളുകളുടെ ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ സ്കൂളിന് പിൻവശത്ത് തള്ളിയത് ചോദ്യം ചെയ്തതിന് പ്രധാന അധ്യാപകനെ സസ്പെൻഡ് ചെയ്ത് പഞ്ചായത്ത് പ്രസിഡന്‍റ്. വയനാട് പടിഞ്ഞാറത്തറ പഞ്ചായത്താണ് തെങ്ങുമുണ്ട സ്കൂളിലെ അധ്യാപകനെതിരെ പഞ്ചായത്തീരാജ് ചട്ടപ്രകാരം നടപടി എടുത്തത്. പ്രധാന അധ്യാപകൻ പി കെ സുരേഷിനെയാണ് സസ്പെൻഡ് ചെയ്തത്.
പടിഞ്ഞാറത്തറ പഞ്ചായത്തിലെ വിവിധ ഹോട്ടലുകളിലും റിസോർട്ടുകളിലും ക്വാറന്‍റീനിൽ കഴിയുന്നവരുടെ ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പടെയുള്ള മാലിന്യമാണ് തെങ്ങുമുണ്ട ജി.എൽ.പി സ്കൂളിന് പിന്നിൽ തള്ളിയത്. പഞ്ചായത്തിന്‍റെ വാഹനത്തിലാണ് മാലിന്യം കൊണ്ട് വന്നത്. നാട്ടുകാർ പ്രതിഷേധിച്ചെങ്കിലും പഞ്ചായത്ത് അധികൃതർ മാലിന്യം നീക്കം ചെയ്തില്ല. രണ്ടാമതും മാലിന്യവുമായി വാഹനമെത്തിയപ്പോൾ പിടിഎ പ്രസിഡന്‍റും പ്രധാന അധ്യാപകനും ചോദ്യം ചെയ്തു.
ഇതിനെ തുടർന്ന് യു.ഡിഎഫ് ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതി പ്രധാന അധ്യാപകൻ പി.കെ സുരേഷിന് കാരണംകാണിക്കൽ നോട്ടീസ് നൽകുകയും പിന്നീട് സസ്പെൻഡ് ചെയ്യുകയുമായിരുന്നു.പഞ്ചായത്തീ രാജ് നിയമത്തിലെ 156 /6 ബി ചട്ട പ്രകാരമാണ് നടപടി. എന്നാൽ പഞ്ചായത്തിന് മാലിന്യ നിർമ്മാർജ്ജനത്തിന് സൗകര്യം ഇല്ലാത്തതിനാലാണ് സ്കൂളിന് പിന്നിൽ നിക്ഷേപിച്ചതെന്നാണ് പഞ്ചായത്തിന്‍റെ വാദം. പ്രതിഷേധം രാഷ്ട്രീയ പ്രേരിതമാണെന്നും പ്രസിഡന്‍റ് കുറ്റപ്പെടുത്തി. പഞ്ചായത്തിന്‍റെ നടപടിക്കെതിരെ പ്രതിപക്ഷവും അധ്യാപക സംഘടനകളും സമരവുമായി രംഗത്തെത്തിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam